16 June 2024, Sunday

Related news

June 14, 2024
June 12, 2024
June 8, 2024
June 3, 2024
June 3, 2024
May 24, 2024
May 16, 2024
May 13, 2024
May 9, 2024
May 6, 2024

ട്രൈബ്യൂണൽ നിയമനങ്ങളിൽ കേന്ദ്രത്തിന് ശാസന

Janayugom Webdesk
ന്യൂഡൽഹി
September 6, 2021 10:20 pm

രാജ്യത്തെ ട്രൈബ്യൂണലുകളിലെ ഒഴിവുകൾ നികത്താത്തതിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ ശാസന. ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താന്‍ വൈകിയതിലും സുപ്രീം കോടതി റദ്ദാക്കിയ 2021ലെ ട്രൈബ്യൂണല്‍ പരിഷ്‌കരണ നിയമം പാര്‍ലമെന്റ് പാസാക്കിയതിലുമാണ് കോടതി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. ട്രൈബ്യൂണലിലെ ഒഴിവുകള്‍ നികത്തുന്ന കാര്യത്തില്‍ അന്ത്യശാസനവും നല്‍കി. നിയമനങ്ങൾ പൂർത്തിയാക്കുന്നതിൽ കേന്ദ്രം തുടർച്ചയായി പരാജയപ്പെട്ടുവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വിഷയത്തിൽ 13ന് വീണ്ടും വാദം കേൾക്കും. ഇതിനുള്ളിൽ നിയമനങ്ങൾ പൂർത്തിയാക്കാൻ കേന്ദ്രത്തിന് നോട്ടീസ് നൽകുകയും ചെയ്തു. ഇപ്പോൾ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്നും അതിനായി നിർബന്ധിതരാക്കരുതെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ മുന്നറിയിപ്പ് നൽകി.

രണ്ടു മാസത്തിനുള്ളിൽ നിയമനങ്ങൾ പൂർത്തിയാക്കാമെന്നാണ് ധനകാര്യ മന്ത്രാലയം പറയുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചതാണ് ചീഫ് ജസ്റ്റിസടക്കമുള്ളവരുടെ രോഷത്തിനിടയാക്കിയത്. രണ്ട് വർഷമായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുണ്ടല്ലോ. ആ നിയമനങ്ങൾ എന്താണ് നടത്താത്തതെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചത്. കോടതികളിൽ നിന്ന് ശുപാർശ ലഭിച്ചിട്ടും എന്തുകൊണ്ടാണ് നിയമനങ്ങൾ പൂർത്തിയാക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രത്തിന്റെ അനാസ്ഥ നിരവധി ട്രൈബ്യൂണലുകളുടെ പ്രവർത്തനത്തെ ബാധിച്ചുവെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അംഗങ്ങളെ നിയമിക്കാതെ ട്രൈബ്യൂണലുകളെ കേന്ദ്ര സർക്കാർ നിർജ്ജീവമാക്കിയെന്ന് ജസ്റ്റിസ് റാവു വിമർശിച്ചു.

 


ഇതുംകൂടി വായിക്കു;കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹം; കിസാൻ സമ്മാൻ ഗഡു നൽകിയതിന് പിന്നാലെ രാസവളങ്ങളുടെ വില കൂട്ടി


 

ട്രൈബ്യൂണൽ പരിഷ്കരണ നിയമത്തിനെതിരെ കോൺഗ്രസ് എംപി ജയറാം രമേശ് സമർപ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി സർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തിയത്. ഒമ്പത് പ്രധാന ട്രൈബ്യൂണലുകൾ റദ്ദാക്കുന്ന ഈ നിയമം ട്രൈബ്യൂണൽ അംഗങ്ങളുടെ നിയമനം, ശമ്പളം, സേവന വ്യവസ്ഥകൾ എന്നിവക്ക് മേൽ സർക്കാരിന് പൂർണ അധികാരം നൽകുന്നതാണെന്നും ഇത് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് ഭീഷണിയാകുമെന്നുമായിരുന്നു ജയറാം രമേശിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. നേരത്തെ ഭരണഘടനാവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി തന്നെ റദ്ദാക്കിയ നിയമങ്ങളിലെ വ്യവസ്ഥകളാണ് പുതിയ പരിഷ്കരണത്തിലൂടെ കേന്ദ്ര സർക്കാർ തിരിച്ചുകൊണ്ടുവരുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 


ഇതുംകൂടി വായിക്കു;കേന്ദ്ര സർക്കാരിന്റെ കർഷക-ജനവിരുദ്ധനയം; പ്രതിഷേധ സമരം ആളികത്തി


 

ട്രൈബ്യൂണൽ റീഫോംസ് ആക്ടിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഞങ്ങൾ ഒരു നിയമം റദ്ദാക്കിയാൽ പകരം മറ്റൊരു നിയമം കൊണ്ടുവരുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. അംഗങ്ങളുടെ അഭാവം മൂലം ദേശീയ കമ്പനി ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) യും നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലി (എന്‍സിഎല്‍എടി) ന്റെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു. ഇത് രണ്ടും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിര്‍ണായകമാണ്. ഒഴിവുകള്‍ നികത്താത്തത് കാരണം ഇവയ്ക്ക് സമയനിഷ്ഠ പാലിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

‘കേന്ദ്രത്തിന് കോടതിയോട് ബഹുമാനമില്ല’

‘കേന്ദ്ര സര്‍ക്കാരിന് ഈ കോടതിയോട് ബഹുമാനമില്ലെന്ന് ഞങ്ങള്‍ കരുതുന്നു’, ‘നിങ്ങള്‍ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു’- ചീഫ് ജസ്റ്റിസ് എന്‍ വി രമണ അഭിപ്രായപ്പെട്ടു. കേന്ദ്രവുമായി ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല. എന്നാൽ ഒഴിവുകൾ നികത്താത്തതിനാൽ രാജ്യത്തെ ട്രൈബ്യൂണലുകൾ തകർച്ചയുടെ വക്കിലാണ്. ട്രൈബ്യൂണലുകൾ അടച്ചുപൂട്ടുക, അംഗങ്ങളെ നിയമിക്കുക, കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുക എന്നിങ്ങനെ മൂന്ന് വഴികളാണുള്ളതെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ഡി വൈ ചന്ദ്രചൂഡ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

eng­lish summary;Supreme Court rep­ri­mands cen­tral gov­ern­ment for not fill­ing vacan­cies in tribunals
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.