സ്വന്തം ലേഖകൻ

ന്യൂഡൽഹി

June 11, 2020, 9:20 pm

ടെലികോം കുടിശ്ശിക; കേന്ദ്രത്തിന് വീണ്ടും വിമർശനം, കുടിശ്ശിക അടച്ചുതീർക്കുന്നതിന് കമ്പനികൾ പദ്ധതി തയ്യാറാക്കണം

Janayugom Online

എജിആർ കുടിശ്ശിക കേസിൽ കേന്ദ്രസർക്കാരിന് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. ടെലികോം കമ്പനികളുമായി ബന്ധപ്പെട്ട വിധിയുടെ അടിസ്ഥാനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നാല് ലക്ഷം കോടി രൂപയുടെ ബിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നൽകിയതിനെതിരെയും കുടിശ്ശിക അടയ്ക്കാൻ കൂട്ടാക്കാത്ത ടെലികോം കമ്പനികൾക്കെതിരെയും കോടതി രംഗത്തെത്തി. വരുമാനം പങ്കുവയ്ക്കൽ കരാർ പ്രകാരം ടെലികോം കമ്പനികള്‍ 1.47 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിന് നല്‍കാനുള്ളത്. കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ ഇരുപത് വര്‍ഷം സാവകാശം അനുവദിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതി ഒരാഴ്ചയ്ക്കകം തയാറാക്കി സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കി.

തുക പുനര്‍ നിര്‍ണയിക്കണമെന്നും പണം അടയ്ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ഇരുപത് വര്‍ഷം സാവകാശം അനുവദിക്കണമെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തോട് പ്രാഥമികമായി വിയോജിപ്പാണ് സുപ്രീം കോടതി പ്രകടമാക്കിയത്. ഒറ്റത്തവണയായുള്ള കുടിശിക വീണ്ടെടുക്കല്‍ ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നായിരുന്നു കേന്ദ്രസർക്കാർ വാദം. അടുത്ത വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ എസ് അബ്ദുൾ നസീർ, എം ആർ ഷാ എന്നിവരും അംഗങ്ങളായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കുടിശ്ശിക ഇരുപത് വര്‍ഷം കൊണ്ട് അടച്ചുതീരുമെന്ന് എന്താണ് ഉറപ്പെന്നും എന്ത് ഉറപ്പാണ് ഇക്കാര്യത്തിൽ നല്‍കാന്‍ പോകുന്നതെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര ചോദിച്ചു.

കുടിശ്ശിക അടച്ചുതീർക്കാനുള്ള സമയപരിധി, ഗ്യാരന്റി തുടങ്ങിയവ സംബന്ധിച്ചാണ് കമ്പനികൾ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. 43,980 കോടിയില്‍ 18,000 കോടി രൂപയാണ് ഭാരതി എയര്‍ടെല്‍ ഇതുവരെ നല്‍കിയിട്ടുള്ളത്. ടാറ്റ ടെലി സര്‍വീസസ് 16,798 കോടി രൂപ കുടിശ്ശികയില്‍ 4,197 കോടി രൂപ നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവ് ഓഹരിവിപണിയിലും പ്രതിഫലിച്ചു. സെൻസെക്സ് 708 പോയിന്റും നിഫ്റ്റി 214 പോയിന്റും ഇടിവ് രേഖപ്പെടുത്തി.

വിധി ദുരുപയോഗം ചെയ്യാൻ ശ്രമം: സുപ്രീംകോടതി

ടെലികോം കേസിലെ വിധിയെ ദുരുപയോഗം ചെയ്യാൻ ശ്രമമെന്ന് വിലയിരുത്തിയ സുപ്രീംകോടതി ടെലി കമ്മ്യുണിക്കേഷൻ വകുപ്പിലെ കുറ്റക്കാരെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുമെന്നും മുന്നറിയിപ്പ് നൽകി. ടെലികോം വിധിയുടെ ചുവടുപിടിച്ച് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും നാലു ലക്ഷം കോടി രൂപ പിരിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാർ നീക്കം.

ഗെയില്‍ ഇന്ത്യയില്‍ നിന്ന് 1.83 ലക്ഷം കോടി രൂപയും ഓയില്‍ ഇന്ത്യയില്‍ നിന്ന് 48,489.26 കോടി രൂപയും പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് 22,062.65 കോടി രൂപയും ഗുജറാത്ത് നര്‍മദ വാലി ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സില്‍ നിന്ന് 15,019.97 കോടി രൂപയും ഡിഎംആര്‍സിയില്‍ നിന്ന് 5,481.52 കോടി രൂപയും ആണ് ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

30 വര്‍ഷമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് എന്തുകൊണ്ടാണ് തുക ആവശ്യപ്പെടാത്തതെന്ന് ജസ്റ്റിസ് അരുൺ മിശ്ര സോളിസിറ്റര്‍ ജനറലിനോട് ആരാഞ്ഞു. കുടിശ്ശിക പിരിച്ചെടുക്കുന്നത് വൈകിപ്പിക്കുന്നതിനുള്ള നീക്കമാണിത്. ടെലികോം കമ്പനികളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ലൈസന്‍സുകള്‍ രണ്ടാണെന്നും ടെലികോം വിധി പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. നടപടി പുനപരിശോധിച്ച് പൊതുതാല്പര്യത്തിന് വിരുദ്ധമാണെങ്കിൽ പിന്‍വലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

you may also like this video;