തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ മുഷ്കിനെതിരെ സുപ്രീം കോടതിയുടെ നിശിത വിമര്‍ശനം. ബില്ലുകള്‍ പാസാക്കാത്ത നടപടി കാരണം ജനങ്ങളും സര്‍ക്കാരും ദുരിതമനുഭവിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ജെ ബി പര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവരാണ് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ പ്രവൃത്തികളെ വിമര്‍ശിച്ചത്. വിഷയത്തില്‍ ഭരണഘടനാപരിധിക്കുള്ളില്‍ നിന്ന് രമ്യമായ പരിഹാരം സാധ്യമാക്കുമെന്നും ബെഞ്ച് പറഞ്ഞു. നിരവധി ബില്ലുകളാണ് രാജ്ഭവനില്‍ കെട്ടിക്കിടക്കുന്നത്. ഇതുകാരണം ജനങ്ങളും സര്‍ക്കാരും ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
2020 മുതല്‍ 23 വരെ നിയമസഭ പാസാക്കിയ പത്തോളം ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയില്ലെന്ന് കാട്ടി സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയും മനു അഭിഷേക് സിംഘ്‌വിയും ബോധിപ്പിച്ചു.
സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കം ചെയ്യുന്ന ബില്‍ രാഷ്ട്രപതിക്ക് വിട്ടുവെങ്കിലും രാഷ്ട്രപതി ഭവന്‍ നിരസിച്ചു. ബാക്കി ഏഴ് ബില്ലുകള്‍ ഗവര്‍ണര്‍ നിരസിക്കുകയായിരുന്നു. മൂന്നു ബില്ലുകള്‍ ഇതുവരെ പരിശോധിക്കാന്‍ പോലും ഗവര്‍ണര്‍ തയ്യാറായിട്ടില്ലെന്ന് അഭിഭാഷകര്‍ ബോധിപ്പിച്ചു. എന്നാല്‍ ഗവര്‍ണര്‍ ബില്ലുകളൊന്നും തടഞ്ഞുവച്ചിട്ടില്ലെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി വാദിച്ചു.
ഗവര്‍ണറും സംസ്ഥാനസര്‍ക്കാരും തമ്മിലുള്ള ശീതസമരത്തില്‍ ഭരണഘടനാ മൂല്യം ഉള്‍ക്കൊണ്ടുള്ള നടപടി സ്വീകരിക്കുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. എല്ലാവരുടെയും താല്പര്യം സംരക്ഷിക്കുന്ന തരത്തിലുള്ള തീരുമാനം കൈക്കൊള്ളുമെന്നും ബെഞ്ച് പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവയ്ക്കുന്ന നടപടിക്കെതിരെ കേരളം, തെലങ്കാന, പഞ്ചാബ് സര്‍ക്കാരുകളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.