രാജീവ് ധവാന് വധഭീഷണി; ചെന്നൈ പ്രൊഫസര്‍ക്ക് നോട്ടീസ്

Web Desk
Posted on September 03, 2019, 12:27 pm

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ മുസ് ലിം സംഘടനയ്ക്ക് വേണ്ടി വാദിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനെതിരെ വധഭീഷണി മുഴക്കിയതിന്റെ പേരില്‍ ചെന്നൈയിലെ പ്രൊഫസര്‍ക്കെതിരെ നോട്ടീസയച്ച് സുപ്രീംകോടതി.
അയോധ്യക്കേസില്‍ സുന്നി വഖഫ് ബോര്‍ഡിനുവേണ്ടി വാദിക്കുന്ന അഭിഭാഷകനായ രാജീവ് ധവാന്‍ തനിക്ക് വധഭീഷണി ഉണ്ടായെന്നും അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നതായും കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. അയോധ്യക്കേസിലെ മുഖ്യപരാതിക്കാരന്‍ എം സിദ്ദിഖിനെ പ്രതിനിധീകരിച്ചയാളാണ് രാജീവ് ധവാന്‍. അയോധ്യ കേസില്‍ അന്തിമവാദം തുടങ്ങിയതോടെ അദ്ദേഹത്തിന് നേരെ വധഭീഷണികള്‍ ഉണ്ടാകുകയായിരുന്നു.
വിരമിച്ച വിദ്യാഭ്യാസ ഉദ്യോഗസ്ഥന്‍ എന്‍ ഷണ്‍മുഖമാണ് തനിക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് രാജീവ് പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് 14നാണ് ഭീഷണി കത്ത് ലഭിച്ചത്. വിഷയത്തില്‍ പ്രൊഫസര്‍ക്കെതിരെ നോട്ടീസ് അയക്കാന്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. കോടതിയലക്ഷ്യത്തിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.