അഡ്വ. കെ പ്രകാശ്ബാബു

ജാലകം

May 02, 2021, 5:58 am

പ്രാണവായു നിഷേധിച്ച കേന്ദ്രഭരണകൂടവും കോടതി പരാമർശങ്ങളും

Janayugom Online

രാജ്യത്തെ പരമോന്നത നീതിപീഠവും വിവിധ ഹൈക്കോടതികളും ഒരേ സ്വരത്തിൽ ഇന്ത്യൻ ഭരണകൂടത്തെ ഇത്രയും രൂക്ഷമായി വിമർശിച്ച സന്ദർഭങ്ങൾ സ്വതന്ത്ര ഇന്ത്യയിൽ ഇതിനു മുൻപ് ഉണ്ടായിട്ടുള്ളതായി അറിയില്ല.

ലോകത്തെ ഗ്രസിച്ച കോവിഡ് 19 വൈറസിന്റെ രണ്ടാം വരവ് കൂടുതൽ ഭയാനകമായിരിക്കും എന്ന് ലോകാരോഗ്യ സംഘടന എല്ലാ രാഷ്ട്രങ്ങൾക്കും കഴിഞ്ഞവർഷം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. 2020 ൽ തന്നെ ഇംഗ്ലണ്ടും അമേരിക്കയും റഷ്യയും ചൈനയും പ്രതിരോധ വാക്സിൻ പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുക്കുമ്പോൾ മിക്ക ഗവേഷകരും ഈ മുന്നറിയിപ്പും പരിഗണിച്ചിട്ടുണ്ട്. മരണത്തിന്റെ വ്യാപാരിയായ കോവിഡിനെതിരെ കണ്ടുപിടിക്കുന്ന ഏതൊരു വാക്സിനും മരുന്നിനും പേറ്റന്റ് അവകാശം ഉന്നയിക്കുകയില്ലാ എന്നുകൂടി രാഷ്ട്രങ്ങൾ പ്രഖ്യാപിച്ചപ്പോൾ നന്മയുടെ അംശം ഈ ലോകത്ത് ഇന്നും അവശേഷിക്കുന്നു എന്നതും ഒരു വലിയ ആശ്വാസം പകർന്നു.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രാ സെനക ഫാർമസ്യൂട്ടിക്കൽ കമ്പനിയും കൂടി വികസിപ്പിച്ചെടുത്ത പ്രതിരോധ വാക്സിന്റെ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീൽഡ് വാക്സിനും ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് കോവാക്സിനും നിർമ്മിച്ചത്. ഇന്ത്യൻ നിർമ്മിത വാക്സിനുകളായ കോവിഷീൽഡും കോവാക്സിനും 130കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയിൽ ഉല്പാദിപ്പിക്കാൻ ഈ രണ്ടു കമ്പനികളെയാണ് കേന്ദ്ര ഗവൺമെന്റ് ഇപ്പോൾ ചുമതലപ്പെടുത്തിയിട്ടുള്ളത്. യുകെയിലെ ആസ്ട്രാ സെനകയുടെ ഇന്ത്യയിലെ ബിസിനസ്സ് പാർട്ട്ണർ കൂടിയാണ് പുനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്. അതുകൊണ്ടാണ് കോവിഷീൽഡ് എന്ന് ബ്രാൻഡ് പേരുള്ള വാക്സിന് എ ഇസഡ്‌ ഡി 1222 എന്ന് നാമകരണം ചെയ്തിട്ടുള്ളത്.

വിദേശരാജ്യങ്ങളിലെ ഗവേഷകരും ശാസ്ത്രജ്ഞരും വികസിപ്പിച്ചെടുത്ത വാക്സിനുകളുടെ രസതന്ത്രം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കൈമാറിക്കിട്ടിയതാണ്. വാക്സിൻ ഉല്പാദനത്തിൽ സ്വകാര്യ ഫാർമസ്യൂട്ടിക്കൽ കമ്പനികളോടൊപ്പം മത്സരിച്ചു നിൽക്കാൻ കഴിയുന്ന പൊതുമേഖലാ വാക്സിൻ നിർമ്മാണ കമ്പനികൾ നമുക്കുണ്ട്. കേന്ദ്ര ഭരണ കർത്താക്കളുടെ സ്വകാര്യ മൂലധന പ്രേമം മൂലം മുൻപ് അടച്ചുപൂട്ടിയ ആ പൊതുമേഖലാ സ്ഥാപനങ്ങൾ ഇപ്പോൾ തുറന്നിട്ടുണ്ടെങ്കിലും അവയെ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ നിശ്ചലാവസ്ഥയിൽ തന്നെ ഇട്ടിരിക്കുകയാണ്. സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കസൗലി (ഹിമാചൽ പ്രദേശ്), ബിസിജി വാക്സിൻ ലബോറട്ടറി ഗിൻഡി (ചെന്നൈ), പാസ്ചര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കൂനൂർ എന്നിവയാണ് ആ പൊതുമേഖലാ സ്ഥാപനങ്ങൾ. യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ സ്ഥാപിച്ച ഇന്റഗ്രേറ്റഡ് വാക്സിൻ കോംപ്ലക്സും ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇവ കൂടാതെ ഏതാനും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും ഇന്ത്യയിൽ ഉണ്ട്. ഇവയൊന്നും ഈ സാഹചര്യത്തിൽ പോലും കോവിഡ് വാക്സിൻ നിർമ്മാണത്തിലേക്ക് ഗവൺമെന്റ് ഉപയോഗിക്കുന്നില്ലായെന്നത് വളരെ ഖേദകരവും പ്രതിഷേധാർഹവുമാണ്. പകരം ബയോടെകിനും സെറം ഇൻസ്റ്റിറ്റ്യൂട്ടിനും കോടികളുടെ സാമ്പത്തിക സഹായം നൽകി അവർക്ക് ലാഭമുണ്ടാക്കി കൊടുക്കാനാണ് മോഡി സർക്കാര്‍ ശ്രമിക്കുന്നത്.

മെഡിക്കൽ ഓക്സിജന്റെ കാര്യത്തിലും സർക്കാർ സമീപനം വ്യത്യസ്തമല്ല. ഓക്സിജൻ എന്ന പ്രാണവായു കിട്ടാതെ നിരവധി ജീവനുകൾ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പിടഞ്ഞു മരിക്കുമ്പോൾ ഓക്സിജനുവേണ്ടി മുറവിളികൂട്ടുന്നവരുടെ പേരിൽ ഭീതി പരത്തുന്ന പ്രചാരണം നടത്തുന്നു എന്നാരോപിച്ച് ക്രിമിനൽ കേസെടുത്ത് ജയിലിലടയ്ക്കാനാണ് ബി ജെ പി ഭരണകർത്താക്കൾ ശ്രമിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചു കൂട്ടിയ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ “ഡൽഹിയിലെ ജനങ്ങൾക്കുവേണ്ടി ഓക്സിജൻ ലഭിക്കുന്നതിന് ഞാൻ ആരോടാണ് അപേക്ഷിക്കേണ്ടത്” എന്ന ചോദ്യവും ഡൽഹിയിലെ ആശുപത്രികളിലേക്ക് കൊണ്ടുവരുന്ന ഓക്സിജൻ ടാങ്കറുകളും സിലിണ്ടറുകളും മറ്റുചില സംസ്ഥാനങ്ങളിലേക്ക് തട്ടിക്കൊണ്ടു പോകുന്നത് തടയണമെന്ന അഭ്യർത്ഥനയും രാജ്യമാകെ മാറ്റൊലിക്കൊണ്ടു. എന്നും ”ബഡായി” മാത്രം പറയുന്ന മോഡിയെന്ന പ്രധാനമന്ത്രി കെജ്‌രിവാളിന്റെ ആവലാതിക്ക് പരിഹാരം കണ്ടത് ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് നിയമസഭയുടെയും ഗവൺമെന്റിന്റെയും അധികാരം അധികമായി നൽകിക്കൊണ്ട് പുതിയ നിയമം പുറപ്പെടുവിച്ചുകൊണ്ടാണ്.

രണ്ടാംവരവിൽ കോവിഡിന്റെ വ്യാപനം രൂക്ഷമാവുകയും ആശുപത്രികളിൽ ഓക്സിജൻ ലഭ്യത ഗണ്യമായി കുറയുകയും ചെയ്തപ്പോഴാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തുകൊണ്ട് ഈ വിഷയത്തിൽ ഇടപെടാൻ തീരുമാനിച്ചത്. ഈ രണ്ടു വിഷയത്തിലും ഒരു നാഷണൽ പ്രോഗ്രാം ഉണ്ടാകണമെന്നും കോടതി അഭിപ്രായപ്പെട്ടു. അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ ഹൈക്കോടതികളുടെ ചില ഉത്തരവുകൾ കൂടി പരിശോധിക്കുമെന്ന് വാക്കാൽ പറഞ്ഞെങ്കിലും വിരമിച്ച അദ്ദേഹത്തിനു പകരം ആ ബെഞ്ചിനെ നയിക്കുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഹൈക്കോടതികളിൽ നിലവിലുള്ള കോവിഡുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രീംകോടതി ഇപ്പോൾ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലായെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആ ബെഞ്ചാണ് കോവിഡ് മഹാമാരിമൂലവും ഓക്സിജൻ കിട്ടാതെയും ജനങ്ങൾ മരിച്ചു വീഴുമ്പോൾ വെറും കാഴ്ചക്കാരായി നോക്കി നിൽക്കുകയില്ല എന്നും, ജനങ്ങളുടെ ”ജീവിക്കാനുള്ള അവകാശം” എന്ന മൗലികാവകാശം സംരക്ഷിക്കാൻ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 226 നൽകുന്ന അധികാരം സുപ്രീം കോടതി ഉപയോഗിക്കും എന്നും പ്രഖ്യാപിച്ചത്. രാജ്യത്ത് മൊത്തം ഓക്സിജൻ ലഭ്യതയെത്രയുണ്ടെന്ന് കോടതി ചോദിച്ചപ്പോൾ കേന്ദ്ര സർക്കാർ കൈമലർത്തുകയാണ് ചെയ്തത്. ഈ പകർച്ചവ്യാധി തടയാനുള്ള വാക്സിന്റെ വില നിയന്ത്രിക്കാൻ കേന്ദ്ര ഗവൺമെന്റിനുള്ള അധികാരം എന്തുകൊണ്ട് നിങ്ങൾ പ്രയോഗിക്കുന്നില്ലായെന്ന കോടതിയുടെ ചോദ്യത്തിനും കേന്ദ്ര സർക്കാരിനു മറുപടിയില്ലായിരുന്നു. കോവിഡ് വാക്സിന് കേന്ദ്രത്തിന് ഒരു വില, സംസ്ഥാനങ്ങൾക്ക് മറ്റൊരു വില, സ്വകാര്യ ആശുപത്രികൾക്ക് മറ്റൊരു വില എന്ന വിവേചനം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കോടതി ഇത് ചോദിച്ചത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വിശദീകരണം കേട്ടതിനുശേഷം ഗവൺമെന്റിന്റെ യുക്തിക്കും ബുദ്ധിക്കും നയങ്ങൾക്കും പകരമായി കോടതിയുടെ അഭിപ്രായത്തെ അടിച്ചേൽപ്പിക്കാൻ ഞങ്ങൾ ഒരുങ്ങുന്നില്ലായെന്ന് ജഡ്ജിമാർ വ്യക്തമാക്കിയത് ഗവൺമെന്റിന് ആശ്വാസം പകർന്നു കാണും.

കോവിഡ് കാലത്ത് നിരുത്തരവാദിത്വം കാണിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ കൊലക്കുറ്റത്തിന് വിചാരണ നേരിടണമെന്നാണ് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു തെരഞ്ഞെടുപ്പു നടത്തുന്നതിൽ കമ്മിഷൻ തികഞ്ഞ പരാജയമാണെന്ന് കണ്ടപ്പോഴാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. കേന്ദ്രഗവൺമെന്റ് ഈ ഒരു വർഷം എന്ത് ചെയ്യുകയായിരുന്നു എന്നും കോടതി ചോദിച്ചു. സമാനമായ അഭിപ്രായമാണ് ഡൽഹി ഹൈക്കോടതിയും രേഖപ്പെടുത്തിയത്. ആശുപത്രികളിലേക്കുള്ള ഓക്സിജൻ തടസ്സപ്പെടുത്തുന്നവരെയാണ് ”തൂക്കിലേറ്റുമെന്ന്” ഡൽഹി ഹൈക്കോടതി അഭിപ്രായപ്പെട്ടത്. ഡൽഹിയോട് കേന്ദ്ര ഗവൺമെന്റ് കാണിക്കുന്ന അവഗണനയ്ക്കെതിരെയും കോടതി രൂക്ഷമായി പ്രതികരിച്ചു.

ഉത്തർപ്രദേശിൽ കോവിഡ് ഏറ്റവും രൂക്ഷമായ ഒൻപതു ജില്ലകളിൽ ജുഡീഷ്യൽ ഓഫീസർമാരെ നോഡൽ ഓഫീസർമാരായി നിയമിച്ച അലഹബാദ് ഹൈക്കോടതി അനുയോജ്യരായ സീനിയർ ജുഡീഷ്യൽ ഓഫീസർമാരുടെ പേരു നൽകാൻ ജില്ലാ ജഡ്ജിമാരോട് ആവശ്യപ്പെടുകയും ചെയ്തു. കൽക്കട്ടാ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷന്റെ അലംഭാവത്തെ വിമർശിച്ചപ്പോൾ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി എൻ ശേഷന്റെ മഹത്വം ഓർമിപ്പിക്കുകയും കൂടി ചെയ്തു.

സ്വിറ്റ്സർലണ്ടിലെ ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ കമ്മിഷൻ ഓഫ് ജൂറിസ്റ്റ്സ് ഇന്ത്യയിലെ കേന്ദ്ര‑സംസ്ഥാന ഗവൺമെന്റുകൾ കോവിഡിന്റെ രണ്ടാംവരവ് മുന്നിൽക്കണ്ട് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിൽ തികഞ്ഞ പരാജയമായിപ്പോയി എന്നു വിലയിരുത്തിയത് നമ്മുടെ സംവിധാനത്തിന്റെ പിടിപ്പുകേടിനെയാണ് കാണിക്കുന്നത്. ഒരു മഹാമാരി രാജ്യമാകെ പടർന്നു പിടിക്കുമ്പോഴും ലക്ഷക്കണക്കിന് ആളുകൾ രോഗം പിടിപെട്ട് മരിച്ചു വീഴുമ്പോഴും കോർപ്പറേറ്റ് കമ്പനികളുടെ ലാഭത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന കേന്ദ്ര ഭരണകൂടം ഇപ്പോൾ കോടതികളുടെ മുൻപിലും ജനങ്ങളുടെ മുൻപിലും വിചാരണ നേരിടുകയാണ്.