Web Desk

ന്യൂഡല്‍ഹി‍:

June 03, 2020, 8:58 pm

ഗൗതം നവ്‌ലഖ കേസ് : ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

Janayugom Online

ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലഖയുമായി ബന്ധപ്പെട്ട ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. നവ്‌ലഖയെ മുംബൈയിലെ ജയിലിലേക്ക് മാറ്റിയതിന്റെ പശ്ചാത്തലത്തില്‍, കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാന്‍ ഡല്‍ഹി ഹൈക്കോടതി എന്‍ഐഎയോട് ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയിലെയും മുംബൈയിലെയും പ്രത്യേക കോടതികളില്‍ രേഖകള്‍ ഹാജരാക്കാനായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടത്.

ഇതിനെതിരെ എന്‍ഐഎ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ അരുൺ മിശ്ര, എസ് അബ്ദുൾ നസീർ, ഇന്ദിര ബാനർജി എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തില്‍ നവ്‌ലഖയ്ക്ക് നോട്ടീസ് അയച്ചു. 15 ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും.

നവ്‌ലഖ സമര്‍പ്പിച്ച ജാമ്യാപേക്ഷ തീർപ്പുകൽപ്പിക്കുന്നതിന് മുന്‍പേ തന്നെ അദ്ദേഹത്തെ മുംബൈയിലെ ജയിലിലേക്ക് മാറ്റുന്നതിന് എൻ‌ഐ‌എ അസാധാരണമായ തിടുക്കം കാട്ടിയതായി ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചിരുന്നു. തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന നവ്‌ലഖയെ കഴിഞ്ഞ മാസം 25ന് ആണ് മുംബൈയിലേക്ക് മാറ്റിയത്.

ഡല്‍ഹി ഹൈക്കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ള ഒരു അന്വേഷണ ഏജന്‍സി യുഎപിഎ ചുമത്തി ജുഡീഷ്യൽ കസ്റ്റഡിയില്‍ വച്ചിട്ടുള്ള പ്രതിയുടെ ഇടക്കാല ജാമ്യാപേക്ഷ സിംഗിൾ ജഡ്ജിക്ക് പരിഗണിക്കാനാവില്ലെന്നും ഇതിനുള്ള അധികാരം ഡിവിഷണല്‍ ബഞ്ചിനാണെന്നും എൻഐഎയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാൽ ഇടക്കാല ജാമ്യത്തിനായുള്ള നവ്‌ലഖയുടെ അപേക്ഷ സുപ്രീംകോടതി നേരത്തെ തന്നെ നിരസിച്ചിരുന്നുവെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.

2018 ജനുവരി ഒന്നിനു നടന്ന ഭീമ കൊറേഗാവ് കലാപത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 14 നാണ് നവ്‌ലഖയെ എന്‍ഐഎ കസ്റ്റഡിയില്‍ ഏടുക്കുന്നത്. നേരത്തെ മാവോയിസ്റ്റ് ബന്ധം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട മുംബൈ ആസ്ഥാനമായ എക്‌ണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി എഡിറ്ററായ നവ്‌‌ലഖയെ മുംബൈ ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് വിട്ടയച്ചത്.

ENGLISH SUMMARY: supreme court stayed del­hi court order

YOU MAY ALSO LIKE THIS VIDEO