സിപിഐ(എം) സംസ്ഥാന കമ്മിറ്റിഅംഗവും, ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.നേരത്തെ ആർഎസ്എസുകാരായ പ്രതികൾക്കെതിരെ വാറന്റ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ജസ്റ്റിസ് സുധാൻശു ദുലിയ, കെ വിനോദ് ചന്ദ്രൻ എന്നിവർ അംഗങ്ങളായ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. 1999 ആഗസ്‌ത് 25ന് തിരുവോണ നാളിലാണ് പി ജയരാജനെതിരെ വധശ്രമം ഉണ്ടായത്. വീട്ടിൽ അതിക്രമിച്ചുകടന്ന പ്രതികൾ ബോംബെറിഞ്ഞ് ഭയാനകസാഹചര്യം സൃഷ്ടിച്ച് ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആർഎസ്‌എസ് പ്രവർത്തകരായ ഒമ്പത് പേരായിരുന്നു പ്രതികൾ.
ആറുപേർ കുറ്റക്കാരെന്ന് കണ്ടെത്തി വിചാരണക്കോടതി ശിക്ഷിച്ചു. മൂന്നുപേരെ വെറുതേവിട്ടു. ശിക്ഷയ്‌ക്ക് എതിരെ പ്രതികളും മൂന്ന് പേരെ വെറുതെവിട്ട ഉത്തരവിന് എതിരെ സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ നൽകി. 2024 മാർച്ചിൽ അഞ്ച് പ്രതികളെയും വെറുതെവിട്ട ഹൈക്കോടതി ഒരാളുടെ ശിക്ഷ ഇളവ് ചെയ്‌തു. ഈ വിധിക്കെതിരെയാണ് പി ജയരാജനും സംസ്ഥാനസർക്കാരും സുപ്രീംകോടതിയെ സമീപിച്ചത്. പി ജയരാജന് വേണ്ടി മുതിർന്ന അഭിഭാഷകൻ പി വി ദിനേശ്, അഡ്വ പി എസ് സുധീർ എന്നിവർ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.