വധശിക്ഷ: അപ്പീൽ ഹർജികൾ തീർപ്പാക്കുന്നതിന് സമയക്രമം നിശ്ചയിച്ച് സുപ്രീംകോടതി

Web Desk

ന്യൂഡൽഹി

Posted on February 15, 2020, 9:51 pm

ഹൈക്കോടതികൾ വധശിക്ഷ ശരിവച്ച കേസുകളിൽ അപ്പീൽ ഹർജികൾ തീർപ്പാക്കുന്നതിന് സുപ്രീംകോടതി സമയക്രമം നിശ്ചയിച്ചു. വധശിക്ഷക്ക് വിധിക്കപ്പെടുന്ന കേസുകൾ തീർപ്പാക്കുന്നത് വേഗത്തിലാക്കാനാണ് പുതിയ വ്യവസ്ഥകൾ സുപ്രീം കോടതി നശ്ചയിച്ചിരിക്കുന്നത്. ആറ് മാസത്തിനകം അപ്പീൽ ഹർജി പരിഗണിക്കും. തുടർന്ന് രണ്ട് മാസത്തിനകമോ കോടതി നിശ്ചയിക്കുന്ന സമയത്തിനകത്തോ കേസിന്റെ വിശദാംശങ്ങൾ കീഴ്ക്കോടതി സുപ്രീം കോടതിക്ക് കൈമാറണം.

കക്ഷികൾക്ക് രേഖകൾ സമർപ്പിക്കാൻ പിന്നീട് ഒരു മാസം കൂടി ലഭിക്കും. രേഖകൾ നൽകിയില്ലെങ്കിൽ ചേംബറിൽ പരിഗണിച്ച് ഹർജി തീർപ്പാക്കും. മൂന്നംഗ ബഞ്ചാകും അപ്പീൽ ഹർജി പരിഗണിക്കുക. വധശിക്ഷക്ക് വിധിക്കപ്പെടുന്ന കേസുകളിൽ നടപടികൾ വൈകിപ്പിക്കുന്നുവെന്ന പരാതി നിലനിൽക്കെയാണ് സുപ്രീം കോടതി പുതിയ വ്യവസ്ഥകളുമായി രംഗത്തെത്തിയിരിക്കുന്നത്. നിർഭയ കേസിലടക്കം പ്രതികൾ വധശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് ഇടപെടൽ. നിർഭയ കേസിൽ പ്രതികൾ വധശിക്ഷ നടപ്പിലാക്കുന്നത് വൈകിപ്പിക്കാൻ ശ്രമിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം പട്യാല ഹൗസ് കോടതിക്ക് മുൻപിൽ പ്രതിഷേധം നടന്നിരുന്നു.

നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരാത്തതാണ് ഇതിനിടയാക്കുന്നതെന്ന് നിർഭയയുടെ മാതാവും ആരോപിച്ചിരുന്നു. നിർഭയകേസിൽ വധശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോകുന്നതിനെതിരെ കേന്ദ്രസർക്കാരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾ രാഷ്ട്രപതിക്ക് ഏഴ് ദിവസത്തിനകം ദയാഹർജി നൽകണമെന്ന നിബന്ധന നടപ്പിലാക്കണമെന്നാണ് സുപ്രീംകോടതിയോട് കേന്ദ്രം അഭ്യർത്ഥിച്ചത്. മാത്രമല്ല ദയാഹർജി നിരസിക്കപ്പെടുന്ന സാഹചര്യത്തിൽ ഏഴു ദിവസത്തിനകം തന്നെ പ്രതിയുടെ മരണശിക്ഷ നടപ്പിലാക്കുന്ന വിധത്തിൽ വാറണ്ട് പുറപ്പെടുവിച്ചിരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ജനുവരി 31 നാണ് കേന്ദ്രത്തിന്റെ ഹർജി വീണ്ടും പരിഗണിക്കുന്നത്.