ശബരിമല ഭരണ നിർവ്വഹണത്തിന് പ്രത്യേക നിയമം വേണം : സുപ്രീം കോടതി

Web Desk
Posted on November 20, 2019, 11:56 am

ദില്ലി: ശബരിമല ഭരണ നിർവ്വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീം കോടതി. പന്തളം രാജകൊട്ടാരം സമർപ്പിച്ച ഹർജിയിൽ വാദം കേട്ടപ്പോഴാണ് സുപ്രീം കോടതിയുടെ പരാമർശം. ഇക്കാര്യത്തിൽ ഇന്ന് തന്നെ മറുപടി വേണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണ നിർവ്വഹണത്തിനായി പ്രത്യേക ബോർഡ് രൂപീകരിക്കാൻ നേരത്തെ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പന്തളം രാജകുടുംബം സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് എൻപി രമണ അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്.

ശബരിമലയിൽ വർഷത്തിൽ 50 ലക്ഷത്തോളം തീർത്ഥാടകർ വരുന്നുണ്ട്. അതുകൊണ്ട് തന്നെ ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യുന്നത് എങ്ങിനെയാണെന്ന് കോടതി ചോദിച്ചു. ശബരിമലയ്ക്ക് വേണ്ടി മാത്രമായി ഒരു നിയമം കൊണ്ടുവരുന്നതിന് എന്താണ് തടസമെന്ന് സുപ്രീം കോടതി ചോദിച്ചു. ശബരിമലയ്ക്ക് അത്തരമൊരു നിയമം കൊണ്ടുവരേണ്ട സാഹചര്യം ഉണ്ടെന്നും കോടതി പറഞ്ഞു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിശാല ഭരണഘടനാ ബെഞ്ചിന്റെ വിധി എതിരായാൽ, ശബരിമലയിൽ ലിംഗ സമത്വം എങ്ങിനെ ഉറപ്പാക്കുമെന്നും കോടതി ചോദിച്ചു. ഒരുപക്ഷെ ഈ വിധി എതിരായാൽ യുവതികളെ എങ്ങിനെ ശബരിമലയിൽ ജീവനക്കാരായി നിയമിക്കുമെന്നും അത് തടസമാകില്ലേയെന്നും കോടതി ചോദിച്ചു.

മുതിർന്ന അഭിഭാഷകനായ ജയ്ദീപ് ഗുപ്തയാണ് നേരത്തെ ഈ കേസിൽ സർക്കാരിന് വേണ്ടി ഹാജരായിരുന്നത്. ഇന്ന് അദ്ദേഹം എവിടെയെന്ന് കോടതി ചോദിച്ചു. ജയ്ദീപ് ഗുപ്തയോട് ഹാജരാകാൻ ആവശ്യപ്പെട്ട കോടതി ഇന്ന് തന്നെ ഹർജി വീണ്ടും പരിഗണിക്കാനായി മാറ്റിവച്ചിരിക്കുകയാണ്. മറ്റ് കേസുകൾ പരിഗണിച്ച ശേഷം ഇന്ന് ഈ കേസ് കോടതി വീണ്ടും പരിഗണിക്കും.