കെ പ്രകാശ്ബാബു

ജാലകം

January 17, 2021, 3:34 am

കർഷകർക്ക് ഇരുട്ടടിയായി സുപ്രീം കോടതി വിധി

Janayugom Online

ർഷക വിരുദ്ധമായ മൂന്നു നിയമങ്ങൾ അവസാനം സുപ്രീം കോടതി സ്റ്റേ ചെയ്തു. പരമോന്നത നീതിപീഠം നൽകിയ ഇടക്കാല ഉത്തരവിലൂടെയാണ് നിയമം നടപ്പിലാക്കുന്നത് ഇപ്പോൾ തടഞ്ഞിട്ടുള്ളത്. വിശദാംശങ്ങൾ ദൃശ്യമാധ്യമങ്ങളിൽക്കൂടി കണ്ടപ്പോഴാണ് ഇതൊരു അയോധ്യയിലെ ബാബറി മസ്ജിദ് വിധിപോലൊരു ”സംഭവം” ആയിപ്പോയെന്നു മനസിലായത്.

2019 നവംബറിൽ സുപ്രീം കോടതി പുറപ്പെടുവിച്ച അയോധ്യാവിധി എല്ലാവരെയും അതിശയിപ്പിച്ചു. 1992 ഡിസംബർ ആറിന് അയോധ്യയിലെ ബാബറി പള്ളി പൊളിച്ചത് ക്രിമിനൽ കുറ്റമാണെന്നും അതിൽ അദ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയവർ കുറ്റക്കാരാണെന്നു കോടതി പറഞ്ഞിരുന്നു. എന്നാൽ അന്തിമ വിധി വന്നപ്പോൾ ആരും കുറ്റക്കാരുമല്ല. ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതിന് ട്രസ്റ്റിന് അനുവാദവും നൽകി. അയോധ്യയിൽ മറ്റെവിടെയെങ്കിലും അഞ്ച് ഏക്കർ സ്ഥലം കണ്ടെത്തി പള്ളി പണിയുന്നതിനായി സുന്നി വഖഫ് ബോർഡിനെ ഏല്പിക്കുന്നതിനും കോടതി വിധിച്ചു. അസാമാന്യമായ ഒരു ട്രപ്പീസിയം കളിയാണ് സുപ്രീം കോടതി അയോധ്യാവിധിയിൽ പ്രദർശിപ്പിച്ചത്.

സമാനമായ ഒരു ഉത്തരവാണ് ഇവിടെ ഇപ്പോൾ ഉണ്ടായത്. അവശ്യസാധന (ഭേദഗതി) നിയമം ഉൾപ്പെടെ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ പാസാക്കിയ മൂന്നു നിയമങ്ങളും സ്റ്റേ ചെയ്തതിൽക്കൂടി കർഷകരുടെ മനസിനും ശരീരത്തിനും ഏറ്റ മുറിവ് സുപ്രീം കോടതി ഉണക്കി. ഇടക്കാല ഉത്തരവിൽ സ്റ്റേ മാത്രമെ ഉണ്ടായിരുന്നുള്ളു എങ്കിൽ അത് അമ്പതിലധികം വരുന്ന കർഷകരുടെ രക്തസാക്ഷിത്വത്തിനും കർഷകരുടെ പോരാട്ടവീര്യത്തിനും നീതിപീഠം നല്കുന്ന ഒരു വലിയ പ്രണാമം ആകുമായിരുന്നു. സമരം നീട്ടിക്കൊണ്ടു പോകുന്ന കേന്ദ്ര ഗവൺമെന്റ് നയത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച കോടതി നിയമ നിർമ്മാണത്തിനു മുൻപ് ബന്ധപ്പെട്ടവരുമായി ചർച്ച നടത്താൻ തയ്യാറാകാതിരുന്ന കേന്ദ്ര നിലപാടും തെറ്റായിരുന്നു എന്നും ചൂണ്ടിക്കാണിച്ചിരുന്നു.

കർഷകർ സമാധാനപരമായാണ് സമരം നടത്തുന്നതെന്നും അത് തടയാൻ സാധ്യമല്ലായെന്നും കോടതി നിലപാടെടുത്തു. ഡൽഹിയിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിച്ച് മരംകോച്ചുന്ന മഞ്ഞിനെയും അതിതീവ്ര ശൈത്യത്തെയും അവഗണിച്ച് സമരം ചെയ്യുന്ന കർഷകരെ കേന്ദ്ര ഗവൺമെന്റ് തികഞ്ഞ അവഗണനയോടെ ഞെക്കിക്കൊല്ലുകയാണ് ചെയ്തുകൊണ്ടിരിക്കുന്നതെങ്കിൽ സുപ്രീം കോടതി നടത്തിയത് ധൃതരാഷ്ട്രാലിംഗന സമാനമായ തന്ത്രമാണ്. ആ തന്ത്രമാണ് നാലംഗ സമിതിയുടെ രൂപീകരണം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയ്ക്ക് നിയമത്തെക്കുറിച്ചു പഠിക്കാനും കർഷകരുമായി സംവദിക്കാനും നിയോഗിച്ച നാലംഗ സമിതിയിലെ അംഗങ്ങളുടെ പേര് എവിടെ നിന്നു ലഭിച്ചു എന്നത് ദുരൂഹമാണ്. ഗവൺമെന്റിനു വേണ്ടി അറ്റോർണി ജനറലും സോളിസിറ്റർ ജനറലും കോടതിയിൽ ഉണ്ടായിരുന്നെങ്കിൽ കർഷകർക്കു വേണ്ടി ഹാജരായ അഭിഭാഷകരും കോടതിയിൽ ഉണ്ടായിരുന്നു. രണ്ടു കൂട്ടരും കൂടി പേര് നിർദ്ദേശിക്കുകയോ അവർ നിർദ്ദേശിക്കുന്നവരിൽ നിന്നും നാലുപേരെ കണ്ടെത്തുകയോ ചെയ്തിരുന്നെങ്കിലും മനസിലാക്കാമായിരുന്നു.

ഉത്തരവിടുന്ന ദിവസം ചീഫ് ജസ്റ്റിസ് നാല് പേരുകളുമായി വരുന്നു. അവരടങ്ങിയ വിദഗ്ധ സമിതിയെ പ്രഖ്യാപിക്കുന്നു. ഭൂപീന്ദർ സിംങ്മാൻ, അശോക് ഗുലാത്തി, ഡോ. പ്രമോദ് കുമാർ ജോഷി, അനിൽ ഖനാവത്ത് എന്നിവരാണ് ചീഫ് ജസ്റ്റിസിന്റെ പാനലിലുള്ളത്. നാലുപേരും വിവാദമായ കാർഷിക ബില്ലുകളെ അനുകൂലിക്കുന്നവരും കർഷക കലാപത്തെ പരിഹസിച്ച് ലേഖനങ്ങൾ എഴുതിയവരും. ഈ പേരുകൾ തന്നെ ഉന്നതവും നിഷ്പക്ഷവുമായ നീതിപീഠത്തിന്റെ കൈവശം എങ്ങനെ ലഭിച്ചു. കർഷക ദ്രോഹ നിയമങ്ങളെ കർഷക മിത്ര നിയമമായി ചിത്രീകരിച്ച ഈ വിദഗ്ധർ കോടതിയിൽ കൊടുക്കുന്ന റിപ്പോർട്ടിന്റെ ഉള്ളടക്കം എന്തായിരിക്കുമെന്ന് ആർക്കും ഊഹിക്കാവുന്നതെയുള്ളു. അതുകൊണ്ടുതന്നെയാണ് ചർച്ചയെന്ന പ്രഹസനത്തിനില്ലായെന്ന നിലപാട് കർഷക പ്രക്ഷോഭകർ സ്വീകരിച്ചതും. എന്തായാലും അതിൽ ഭൂപീന്ദർ സിംങ്മാൻ സമിതിയിലെ അംഗത്വം ഇപ്പോൾ ഒഴിയുകയും ചെയ്തു.

സംസ്ഥാനങ്ങളുമായോ കർഷക സംഘടനകളുമായോ കർഷക പ്രതിനിധികളുമായോ ചർച്ച നടത്താതെ ഏകപക്ഷീയമായി കോർപ്പറേറ്റ് താല്പര്യ സംരക്ഷണാർത്ഥം നിയമം നിർമ്മിച്ച കേന്ദ്ര സർക്കാർ രഹസ്യമായി നൽകിയ വിദഗ്ധരടങ്ങിയ സമിതിയെ ഉപയോഗിച്ച് കർഷക പ്രക്ഷോഭത്തെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അതിന് കേന്ദ്രത്തിന്റെ കയ്യിലെ ഒരു ഉപകരണമായി സുപ്രീംകോടതി മാറാൻ പാടില്ലായിരുന്നു.

ജനുവരി 26 ന് രാജ്യം അതിന്റെ 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ 65 ശതമാനത്തിലധികം വരുന്ന ഇന്ത്യൻ കർഷകനെ ഭീതിജനകമായ വിനാശത്തിലേക്ക് തള്ളിയിട്ട മോഡി സർക്കാരിന്റെ നിലപാടുകൾക്കും നടപടികൾക്കുമെതിരെയുള്ള ശക്തമായ പ്രക്ഷോഭങ്ങൾക്കു കൂടി രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കും. വിദേശ രാജ്യങ്ങളിലെ പല സംഘടനകളും ഗവൺമെന്റുകൾ തന്നെയും ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിലുള്ള ആശങ്ക ഇതിനകം പ്രകടിപ്പിച്ചു കഴിഞ്ഞു. ഡൽഹിയിലെ ഒരതിർത്തിയായ സിംഘുവിൽ സമരം ചെയ്യുന്ന പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള സിക്ക് വിഭാഗത്തിലെ കർഷകരെ ഖാലിസ്ഥാനികളെന്നു വിളിച്ച് ആക്ഷേപിക്കാനും ഭീകരവാദികളായി ചിത്രീകരിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങളുടെ നേരെ കണ്ണടയ്ക്കുകയും അവരെ ഭീകരവാദികളെന്നും ദേശദ്രോഹികളെന്നും വിളിച്ച് ആക്ഷേപിക്കുകയും ചെയ്തുകൊണ്ടുള്ള സമീപനം ഉപേക്ഷിക്കാൻ മോഡി ഭരണകൂടം ഇനിയെങ്കിലും തയ്യാറാകണം.

80 കോടിയോളം വരുന്ന ഇന്ത്യൻ കർഷകനേക്കാൾ ഇന്ത്യയിലെ വമ്പൻ കോർപ്പറേറ്റ് കമ്പനികളെ മോഡി സർക്കാർ താലോലിക്കുന്നത് ഇന്ത്യാ ഗവൺമെന്റിന്റെ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഫലമായിട്ടാണ്. കോർപ്പറേറ്റ് കമ്പനികളിൽ നിന്നും കോടികൾ വാങ്ങിക്കൂട്ടുന്ന ബിജെപിക്കും പ്രധാനമന്ത്രിക്കും ജനങ്ങളോടുള്ളതിനെക്കാൾ കൂറും താല്പര്യവും കമ്പനികളോടാണ്. അതു കൊണ്ടാണല്ലോ ബിജെപി ഭരിക്കുന്ന കർണാടകയിൽ പുതിയ കാർഷിക നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള കരാറിലേക്ക് കമ്പനികളും ഏതാനും ചില ബിജെപി അനുകൂല കർഷകരും എത്തിച്ചേർന്നത്. പക്ഷെ അതിന് ഇന്ത്യയുടെ പരമോന്നത നീതിപീഠം അതിന്റെ അന്തസും നിഷ്പക്ഷതയും സ്വതന്ത്ര സ്വഭാവവും ഉയർത്തി പിടിച്ചുകൊണ്ട് ഭരണഘടനാനുസൃതമല്ലാത്ത ഈ നിയമങ്ങളെക്കുറിച്ച് പരിശോധിക്കുകയാണ് വേണ്ടത്. സമരവീര്യം തകർക്കാൻ വേണ്ടിയുള്ള സ്റ്റേ ഉത്തരവല്ല മറിച്ച് രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന കർഷകരുടെ താല്പര്യങ്ങൾക്കു വിരുദ്ധമായ നിയമങ്ങളെ റദ്ദു ചെയ്യുകയാണ് വേണ്ടത്.

ഇന്ത്യൻ ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ് ഈ നിയമനിർമ്മാണം എന്നു കണ്ടുകൊണ്ടുള്ള സ്റ്റേയാണ് തല്ക്കാലം വേണ്ടത്.

ഏകപക്ഷീയമായ വിദഗ്ധ സമിതി പ്രഖ്യാപനം പുനഃപരിശോധിക്കാനും കർഷകർക്ക് ആശ്വാസം പകരുന്ന ഭരണഘടനാപരമായ നിലപാട് എടുക്കുവാനും നീതിപീഠങ്ങൾ തയ്യാറാകണം. ഇന്ത്യ ഒരു കാർഷിക രാജ്യമാണെന്നും ഇന്ത്യൻ കർഷകൻ രാജ്യത്തിന്റെ അഭിമാനമാണെന്നും ഗവൺമെന്റും കോടതിയും തിരിച്ചറിയണം. അയോധ്യാവിധികൾ ആവർത്തിക്കുന്നത് ഇന്ത്യൻ നീതിപീഠങ്ങളുടെ വിശ്വാസ്യതയേയും നിഷ്പക്ഷതയേയും ചോദ്യം ചെയ്യപ്പെടുന്നതിന് ഇടയാക്കുകയും ചെയ്യും.