Web Desk

July 22, 2021, 5:40 am

സഹകരണ മേഖലയ്ക്കും സംസ്ഥാനങ്ങള്‍ക്കും ആശ്വാസം പകരുന്ന കോടതിവിധി

Janayugom Online

തൊണ്ണൂറ്റിഏഴാം ഭരണഘടനാ ഭേദഗതി സംബന്ധിച്ച ചൊവ്വാഴ്ചത്തെ സുപ്രീം കോടതി വിധി കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളുടെ ഫെഡറല്‍ സ്വഭാവത്തിന് ഊന്നല്‍ നല്കുന്നതും സഹകരണമേഖലയില്‍ കടന്നുകയറാനുള്ള മോഡി ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടിയുമായി. 2012ല്‍ പാര്‍ലമെന്റ് പാസാക്കിയ ഭരണഘടനയുടെ 97-ാം ഭേദഗതിയുടെ ഒമ്പത് ബി ഭാഗം സംസ്ഥാന നിയമസഭകളുടെ നിയമനിര്‍മ്മാണ അധികാരത്തെ പ്രതികൂലമായി ബാധിക്കുന്നതായി സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി വിലയിരുത്തുന്നു. സഹകരണ മേഖലയില്‍ നിയമനിര്‍മ്മാണം നടത്താനുള്ള സംസ്ഥാന നിയമസഭകളുടെ പ്രത്യേക അധികാരം നിഷേധിക്കുന്നതാണ് ഭേദഗതി എന്നും ഉത്തരവ് അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. സഹകരണ സംഘം ഭരണസമിതി അംഗങ്ങളുടെ എണ്ണം, യോഗ്യത അവയുടെ കാലാവധി എന്നിവ നിര്‍ണയിക്കാനുള്ള നിര്‍ദ്ദിഷ്ട വ്യവസ്ഥ വഴി ഭരണഘടനാ ഭേദഗതി സംസ്ഥാന നിയമസഭകളുടെ അധികാരങ്ങള്‍ നിഷേധിക്കുകയാണ് ചെയ്യുന്നത്. പാര്‍ലമെന്റ് പാസാക്കിയ ഭേദഗതിക്ക് സംസ്ഥാന നിയമസഭകള്‍ അംഗീകാരം നല്കാത്തിടത്തോളം അവയ്ക്ക് നിയമസാധുത ലഭിക്കില്ലെന്നും സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കുന്നു. നിയമനിര്‍മ്മാണ അധികാരത്തില്‍ ഇന്ത്യ ഒരു അര്‍ധഫെഡറല്‍ സംവിധാനമാണ് പിന്തുടരുന്നതെന്ന് വിലയിരുത്തുന്ന വിധി സംസ്ഥാനങ്ങളുടെ മാത്രമായ നിയമനിര്‍മ്മാണ അധികാരത്തില്‍ കെെകടത്താന്‍ കേന്ദ്രത്തെ ഭരണഘടന അനുവദിക്കുന്നില്ലെന്നും നിരീക്ഷിക്കുന്നു. സംസ്ഥാന നിയമസഭകള്‍ അംഗീകരിക്കാത്ത ഭേദഗതിയുടെ ഒമ്പത് ബി ഭാഗം പൂര്‍ണമായും റദ്ദാക്കണമെന്ന് ജസ്റ്റിസ് കെ എം ജോസഫ് തന്റെ വിയോജിത വിധിയില്‍ പറയുന്നു. എന്നാല്‍ പ്രസ്തുത ഭാഗത്തില്‍ പരാമര്‍ശിക്കുന്ന ബഹുസംസ്ഥാന സഹകരണ സംഘങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ സഹകരണ സംഘങ്ങളുടെയും കാര്യത്തില്‍ പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണ അവകാശം ഭൂരിപക്ഷവിധിയില്‍ ജസ്റ്റിസുമാരായ നരിമാനും ബി ആര്‍ ഗവായിയും ശരിവച്ചു.

സഹകരണ സ്ഥാപനങ്ങളെ നിയന്ത്രിക്കാ­ന്‍ ലക്ഷ്യംവച്ചുള്ള ഭരണഘടനാ ഭേദഗതി രാജ്യത്തെ പ്രബലങ്ങളായ സഹകരണ സ്ഥാ­­പനങ്ങളെ നിയന്ത്രിക്കാനും അതുവഴി ബിജെപിയുടെ രാഷ്ട്രീ­യ ആധിപത്യം സംസ്ഥാനങ്ങളില്‍ ഉറപ്പിക്കാനുമുള്ള മോഡി സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ്. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനക്ക് മു­ന്നോടിയായി പുതിയതായി സഹകരണ മ­ന്ത്രാലയം രൂ­പീകരിച്ചതും അതിന്റെ ചുമതലയില്‍ ആ­ഭ്യന്തരമന്ത്രിയും രാഷ്ട്രീ­യ കുടിലതന്ത്രങ്ങളി­ല്‍ മോഡിയുടെ വ­ലംകയ്യുമായ അ­മിത്ഷായെ അവരോധിച്ചതും പ്രതിപക്ഷത്തെയും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെയും ആശങ്കാകുലരാക്കിയിരുന്നു. സഹകരണ സ്ഥാപനങ്ങളെ വരുതിയിലാക്കിയും അവയുടെ അളവറ്റ വിഭവശേഷി ദുരുപയോഗം ചെയ്തുമാണ് ബിജെപി ഗുജറാത്തില്‍ തങ്ങളുടെ അധികാരം ഉറപ്പിച്ചത്. ബിജെപിയുടെ വിപുലമായ ധനശക്തിക്കുപിന്നില്‍ സഹകരണ പ്രസ്ഥാനങ്ങളെ ഉപയോഗിച്ചുള്ള അനധികൃത പണമിടപാടുകള്‍ ഉള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. അമിത്ഷാ അടക്കം ഉന്നത ബിജെപി നേതാക്കള്‍ നയിക്കുന്ന വന്‍ സഹകരണ ബാങ്കുകള്‍ വഴി നൂറുകണക്കിനു കോടി രൂപയുടെ നിരോധിത നോട്ടുകള്‍ വെളുപ്പിച്ചതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബിജെപി നേതാക്കളുടെ ഉറ്റബന്ധുക്കള്‍ വന്‍തുക അനധികൃതമായി വായ്പകള്‍ സംഘടിപ്പിച്ചതും ചര്‍ച്ചാവിഷയങ്ങളായി. ഈ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ വിധിപ്രസ്താവം ആശ്വാസമായി മാറുന്നത്.

തൊണ്ണൂറ്റിഏഴാം ഭരണഘടനാ ഭേദഗതി ഭാഗികമായി അസാധുവാക്കിയ സുപ്രീം കോടതി വിധിയോടെ സഹകരണ മേഖലക്കു നേരെ ബിജെപിയും മോഡി സര്‍ക്കാരും ഉയര്‍ത്തുന്ന ഭീഷണികള്‍ക്ക് അന്ത്യമായി എന്നു കരുതാനാവില്ല. മനുഷ്യരക്തത്തിന്റെ രുചിയറിഞ്ഞ വന്യമൃഗത്തെപ്പോലെ സഹകരണ പ്രസ്ഥാനത്തെ കെെപ്പിടിയിലൊതുക്കാനുള്ള തന്ത്രങ്ങളില്‍ നിന്നും അവര്‍ പിന്മാറുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. നിക്ഷിപ്ത രാഷ്ട്രീയലക്ഷ്യങ്ങളുടെ സാക്ഷാത്കരണത്തിനും സഹകരണ മേഖലയുടെ സാമ്പത്തിക കരുത്ത് ചങ്ങാത്ത മൂലധന താല്പര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനും ഏതു മാര്‍ഗവും അവലംബിക്കാന്‍ അവര്‍ മടിക്കില്ല. സഹകരണ പ്രസ്ഥാനങ്ങളുടെ ഗുണഭോക്താക്കളായ ജനങ്ങളും സഹകാരികളും ജനാധിപത്യത്തിലും ജനനന്മയിലും ഉറച്ചുവിശ്വസിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളും ജാഗ്രത കെെവെടിയരുത്.