ശബരിമല യുവതീ പ്രവേശനം: വിധി അന്തിമമല്ലെന്ന് സുപ്രീം കോടതി

Web Desk
Posted on December 05, 2019, 11:39 am

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധി അന്തിമമല്ലെന്ന് സുപ്രീം കോടതി. വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നതിനാൽ വിധി അന്തിമമാകില്ലെന്നാണ് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് വ്യക്തമാക്കിയത്. ശബരിമല പ്രവേശനം ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നൽകിയ ഹർജിയിലാണ് പരാമർശം. പ്രായ, മത ഭേദമെന്യേ ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന കേരള പോലീസിന്റെ നടപടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കണം. യുവതി പ്രവേശനം തടയുന്നവര്‍ക്ക് എതിരെ ഉചിതമായ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളും ബിന്ദു അമ്മിണിയുടെ അപേക്ഷയില്‍ പറയുന്നു.

you may also like this video

അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അഭിഭാഷകനായ പ്രശാന്ത് പദ്മനാഭന്‍ മുഖേനെ ബിന്ദു അമ്മിണി സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. പ്രായ, മത ഭേദമെന്യേ ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണം നല്‍കണം എന്നതാണ് ആദ്യത്ത ആവശ്യം. ശബരിമല സന്ദര്‍ശിക്കാന്‍ പോകുന്ന യുവതികള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നതാണ് രണ്ടാമത്തേത്. നിലവില്‍ ശബരിമല സന്ദര്‍ശിക്കാന്‍ പോക്കുന്നവരുടെ പ്രായം പോലീസ് പരിശോധിക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കണം.

ശബരിമലയില്‍ പോകുന്ന യുവതികളെ തടയുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് എതിരെയും, സ്വകാര്യ വ്യക്തികള്‍ക്ക് എതിരെയും ഉചിതമായ നടപടി സ്വീകരിക്കണം. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് കൊണ്ട് 2018 ല്‍ പുറപ്പടിവിച്ച ഉത്തരവിന് പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ വലിയ പ്രചാരം നല്‍കണം തുടങ്ങിയവയായിരുന്നു ഹർജിയിലെ മറ്റ് ആവശ്യങ്ങൾ. ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹരജികള്‍ സുപ്രീം കോടതി ഏഴംഗ ബെഞ്ചിന് വിടുകയായിരുന്നു. നിലവിലെ ഉത്തരവിന് സ്റ്റേ ഇല്ല എന്നും വ്യക്തമാക്കിയിരുന്നു. മറ്റ് മതങ്ങളിലും സമാന പ്രശ്നങ്ങളുണ്ട്. മതപരമായ കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമോയെന്ന് പരിശോധിക്കണം. ആചാരങ്ങള്‍ നിശ്ചയിക്കുന്നത് മത നേതാക്കളാണോയെന്നതും പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.