Web Desk

ന്യൂഡല്‍ഹി

January 11, 2021, 12:27 pm

കാര്‍ഷിക ബില്‍; കടുത്ത അതൃപ്തിയുമായി സുപ്രീംകോടതി, നിയമം സ്റ്റേ ചെയ്യാൻ സാധ്യത

Janayugom Online

കാര്‍ഷിക ബില്ലില്‍ കടുത്ത അതൃപ്തി അറിയിച്ച് സുപ്രീംകോടതി.കേന്ദ്രം ചെയ്യുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് കോടതി. നിയമ ഭേദഗതി തല്‍ക്കാലം നടപ്പിലാക്കരുതെന്നും കോടതി അറിയിച്ചു.കേന്ദ്ര നിലപാടില്‍ നിരാശയുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കാര്‍ഷിക നിയമം സ്റ്റേ ചെയ്യേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.കാര്‍ഷിക നിയമം നടപ്പാക്കുന്നത് കുറച്ചുകാലത്തേക്ക് മാറ്റിവച്ചുകൂടെ..?. ഇല്ലെങ്കില്‍ അത് ഞങ്ങള്‍ക്ക് ചെയ്യേണ്ടിവരുമെന്ന് ജസ്റ്റിസ് മുന്നറിയിപ്പ് നൽകിയിരുന്നു.

‘സമരക്കാരില്‍ ചിലര്‍ ആത്മഹത്യ ചെയ്തു, പ്രായമായവരും സ്ത്രീകളുമെല്ലാം സമരത്തിന്റെ ഭാഗമാണ്. എന്തു ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്? നിയമങ്ങള്‍ക്കെതിരെ ഒട്ടേറെ പരാതികളുണ്ട്, അനുകൂലിച്ച് ഒന്നുപോലുമില്ല”- കോടതി ചൂണ്ടിക്കാട്ടി.

പല സംസ്ഥാനങ്ങളും എതിർക്കുന്ന നിയമങ്ങളിൽ എന്തു കൂടിയാലോചന നടന്നു എന്നാണ് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്. നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുമായി കൂടിയാലോചനകള്‍ നടത്തിവരികയാണെന്ന കേന്ദ്ര വാദത്തെ വിമര്‍ശനത്തോടെയാണ് കോടതി പരിഗണിച്ചത്. ചര്‍ച്ചകള്‍ നിലച്ച അവസ്ഥയാണെന്നാണ് മനസ്സിലാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമത്തിലെ ഓരോ വ്യവസ്ഥയും ചര്‍ച്ച ചെയ്യാമെന്ന നിലപാടാണ് സര്‍ക്കാരിന്. കര്‍ഷകരാണെങ്കില്‍ നിയമങ്ങള്‍ റദ്ദാക്കണമെന്ന നിലപാടിലും. പിന്നെ എന്തു കൂടിയാലോചനയാണെന്ന് കോടതി ചോദിച്ചു.

കർഷകർ ചർച്ച തുടരാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞു. കാർഷികനിയമഭേദഗതിക്ക് നടപടി തുടങ്ങിയത് മുൻ സർക്കാരെന്നും എജി വിശദീകരിച്ചു. പഴയ സർക്കാർ തീരുമാനിച്ചു എന്നത് ഈ സർക്കാരിനെ രക്ഷിക്കില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.
കര്‍ഷക സമരത്തിനെതിരെ സമര്‍പ്പിച്ചിട്ടുളള ഹര്‍ജികളാണ് കോടതി  പരിഗണിക്കുന്നത്. കാര്‍ഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുളള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ മൂന്നാംഗ ബെഞ്ചാണ് പരിഗണിക്കുന്നത്.

കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടന്ന എട്ടാംവട്ട ചര്‍ച്ചയിലും പരിഹാരം കാണാനായില്ല. ഇരുവരും തമ്മിലുളള അടുത്ത ചര്‍ച്ച വെളളിയാഴ്ചയാണ്. അതേസമയം, ജനുവരി 13 ന് കാര്‍ഷിക ബില്ലുകള്‍ കത്തിച്ച് നിയമത്തിനെതിരെ പ്രതിഷേധിക്കാനും കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്. ജനുവരി 18 ന് വനിതാ കര്‍ഷകരെ പങ്കെടുപ്പിച്ച് കൊണ്ട് മഹിളാ കിസാൻ ദിനമായി ആചരിക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.

ENGLISH SUMMARY: supre­me­court on farm bill

YOU MAY ALSO LIKE THIS VIDEO