സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി

April 09, 2021, 9:41 pm

രാജ്യത്ത് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്: സുപ്രീം കോടതി

*ഭരണഘടന നൽകുന്ന അവകാശം
Janayugom Online

രാജ്യത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഭരണഘടന അതിന് അവകാശം നല്‍കുന്നുണ്ടെന്നും സുപ്രീം കോടതി. നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകനായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് വാക്കാല്‍ ഈ നിരീക്ഷണം നടത്തിയത്. ഭരണഘടനയുടെ 25-ാം വകുപ്പ് ഉദ്ധരിച്ചായിരുന്നു ജസ്റ്റിസ് നരിമാന്റെ നിരീക്ഷണം.

സാമ്പത്തികമായി പിന്നിൽ നില്‍ക്കുന്ന രാജ്യത്തെ ദുർബല വിഭാഗങ്ങളെ പ്രലോഭനങ്ങളിലൂടെയും കണ്‍കെട്ട് വിദ്യ മുതലായ മാര്‍ഗങ്ങളിലൂടെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയമാക്കുന്നുവെന്നും ഇത് തടയണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജിക്കാരന്‍ പൊതുതാല്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.നിർബന്ധിത മതപരിവർത്തനം ഭരണഘടനയുടെ 14, 21, 25 വകുപ്പുകളുടെ ലംഘനമാണെന്നാന്നും ദുർമന്ത്രവാദം, അന്ധവിശ്വാസങ്ങളുടെ ഭാഗമായി നടത്തുന്ന ആഭിചാര ക്രിയകൾ എന്നിവയും നിയന്ത്രിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ പ്രശസ്തി ലക്ഷ്യംവച്ചുള്ള ഹര്‍ജിയാണിതെന്നും ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ കനത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നും ബെഞ്ച് വ്യക്തമാക്കിയതോടെ ഹര്‍ജിക്കാരനായ അശ്വനി ഉപാധ്യായ ഹര്‍ജി പിന്‍വലിച്ചു. പിൻവലിക്കാനുള്ള അനുമതി നല്‍കിക്കൊണ്ടാണ് സുപ്രീംകോടതി ഹർജി തള്ളിയത്.

സുപ്രീം കോടതി ഹർജി തള്ളിയ സാഹചര്യത്തിൽ ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങളെ സമീപിക്കും എന്ന് അശ്വിനി ഉപാധ്യായ അറിയിച്ചു.

Eng­lish sum­ma­ry; suprim court statement

You may also like this video;