സുരക്ഷിതത്വവും നിയമവാഴ്ചയും തകര്‍ന്നടിയുന്നു

Web Desk
Posted on December 06, 2019, 10:43 pm

ബലാല്‍സംഗം ഹീനമായ കുറ്റകൃത്യമാണ്. കൂട്ടബലാല്‍സംഗമാവട്ടെ ആസൂത്രിതവും മനുഷ്യത്വരഹിതവും അതീവനിന്ദ്യവും നിയമാനുസൃതം ഏറ്റവും കടുത്ത ശിക്ഷ അര്‍ഹിക്കുന്ന കുറ്റകൃത്യവുമാണ്. നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന പരിഷ്കൃത സമൂഹങ്ങള്‍ അത്തരം കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കാത്തവിധം ശിക്ഷ ഉറപ്പുവരുത്തുകതന്നെ വേണം. എന്നാല്‍ ഹൈദരാബാദ് കൂട്ട‍ ബലാല്‍സംഗത്തില്‍ കുറ്റാരോപിതരായ നാലുപേര്‍ക്കുമേല്‍ പൊലീസ് നടപ്പാക്കിയ ‘തല്‍ക്ഷണനീതി’ മിതമായ ഭാഷയില്‍ നീതിന്യായ വ്യവസ്ഥയെ മറികടന്നുള്ള അരുംകൊലയാണെന്ന്, മറിച്ചു തെളിയിക്കുംവരെ, കരുതേണ്ടിവരും. അതുസംബന്ധിച്ച് പൊലീസ് നിരത്തുന്ന വിശദീകരണങ്ങള്‍ പരസ്പരവിരുദ്ധവും അവിശ്വസനീയവുമാണ്. സംഭവത്തോടുള്ള പൊലീസിന്റെ ആദ്യ ഭാഷ്യം പറയുന്നത് അര്‍ദ്ധരാത്രിക്കുശേഷം 3.30 ന്, പ്രതികളെ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കുറ്റകൃത്യം പുനരാവിഷ്കരിക്കാന്‍ കൊണ്ടുപോയെന്നാണ്.

അവിടെ പൊലീസിന്റെ പക്കല്‍ നിന്നും ആയുധം തട്ടിയെടുത്ത് രക്ഷപ്പെടാന്‍ പ്രതികള്‍ നടത്തിയ ശ്രമത്തിനിടയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാലുപേരും കൊല്ലപ്പെട്ടുവത്രെ. എന്നാല്‍ തുടര്‍ന്നു വന്ന പൊലീസ് വിശദീകരണം സംഭവം കാലത്ത് ആറുമണിയോടെ നടന്നുവെന്നായി മാറുന്നു. രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവത്തെപ്പറ്റി ഔപചാരിക പത്രസമ്മേളനം നടത്താന്‍ പൊലീസ് തയ്യാറായതുതന്നെ ഏറെ വൈകി, ഉച്ചതിരിഞ്ഞു മാത്രമാണ്. പൊലീസ് സംഭവത്തിന് നല്‍കുന്ന ന്യായീകരണവും വിശദീകരണങ്ങളും സാമാന്യയുക്തിക്കു നിരക്കുന്നതല്ല. 2008 ല്‍ ആന്ധ്രാപ്രദേശിലെ വാറംഗലില്‍ മൂന്നു കുറ്റാരോപിതര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍ അവിടെ പൊലീസ് സൂപ്രണ്ടായിരുന്ന സജ്ജനാരാണ് സൈബറാബാദ് പൊലീസ് കമ്മിഷണര്‍ എന്നതും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടര്‍ ബലാല്‍സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ടത് രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്നിങ്ങോട്ടുള്ള ദിനങ്ങളില്‍ ഉത്തര്‍പ്രദേശിലെ ഉന്നാവോ അടക്കം പല സ്ഥലങ്ങളിലും രാജ്യത്തെ ഞെട്ടിപ്പിക്കുന്ന ഹീനകുറ്റകൃത്യങ്ങള്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നു. പാര്‍ലമെന്റിലടക്കം ബലാല്‍സംഗത്തിനെതിരെ ആള്‍ക്കൂട്ട നീതിയും വധശിക്ഷയുമടക്കം ആവശ്യങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുകയുണ്ടായി. തികച്ചും വൈകാരികമായ അത്തരം പ്രതികരണങ്ങള്‍ നാനാതുറകളില്‍ നിന്നും ഉയര്‍ന്നുവരുന്നത് സമൂഹത്തില്‍ നിലനില്‍ക്കുന്ന കടുത്ത അരക്ഷിതബോധത്തെയാണ് തുറന്നുകാട്ടുന്നത്. സാമാന്യജനങ്ങളും സാമൂഹ്യ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവരടക്കം ഒരുപോലെ പ്രതികരിക്കുന്നത് രാജ്യത്താകെ വളര്‍ന്നുവന്നിരിക്കുന്ന അരക്ഷിതാവസ്ഥയുടെയും ക്രമസമാധാന തകര്‍ച്ചയുടെയും നിയമവാഴ്ചയുടെയും നീതിനിർവഹണ വ്യവസ്ഥയുടെയും സമ്പൂര്‍ണ പരാജയത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്.

ഈ സാമൂഹ്യ അന്തരീക്ഷമാണ് ക്രമസമാധാനപാലനത്തിന്റെയും കുറ്റാന്വേഷണത്തിന്റെയും ചുമതല വഹിക്കുന്ന പൊലീസ് കൊലയാളികളായി മാറുമ്പോള്‍ അവര്‍ക്ക് പുഷ്പവൃഷ്ടി നടത്തിയും മധുരപലഹാരം വിതരണം ചെയ്തും വീരപരിവേഷം നല്‍കിയും ആദരിക്കാന്‍ ഒരു വിഭാഗം ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ഇത് നിയമവാഴ്ചയുടെയും നീതിന്യായ സംവിധാനത്തിന്റെ ആത്യന്തികമായ ഭരണക്രമത്തിന്റെയും അധപ്പതനത്തെയും ശിഥിലീകരണത്തേയുമാണ് അടയാളപ്പെടുത്തുന്നത്. ബലാല്‍സംഗങ്ങള്‍ക്കും സ്ത്രീകള്‍ക്കെതിരെ സ്വന്തം ഭവനങ്ങളിലും തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കും അറുതിവരുത്തിയെ മതിയാവു. അതിന് കാര്യക്ഷമവും കര്‍ക്കശവുമായ നിയമങ്ങളും അവയുടെ ഫലപ്രദമായ നിര്‍വഹണവും കൂടിയേ തീരു.

ആള്‍ക്കൂട്ട കൊലപാതകങ്ങളെയും വ്യാജ ഏറ്റുമുട്ടല്‍ കൊലകളെയും ന്യായീകരിക്കുകയും അവയെ മഹത്വവല്‍ക്കരിക്കുകുയും ചെയ്യുന്നത് സമൂഹത്തിന്റെയും വ്യവസ്ഥിതിയുടെയും ജീര്‍ണതയെയാണ് തുറന്നു കാട്ടുന്നത്. ആള്‍ക്കൂട്ട കൊലപാതകികള്‍ക്കും ഔദ്യോഗിക ഏറ്റുമുട്ടല്‍ കൊലയാളികള്‍ക്കും പൂച്ചെണ്ടും താരപരിവേശവും കല്‍പിച്ചു നല്‍കുകയും മനുഷ്യാവകാശങ്ങളുടെയും നിയമവാഴ്ചയുടെയും അടിസ്ഥാനപ്രമാണങ്ങള്‍ക്ക് അനുസൃതമായി അത്തരം പ്രാകൃത നടപടികളെ എതിര്‍ക്കുന്നവര്‍ക്ക് രാജ്യദ്രോഹി പട്ടവും കാരഗൃഹവാസവും വിധിക്കുന്ന ഒന്നായി ഇന്ത്യ അധപ്പതിച്ചുകൂട. ദൗര്‍ഭാഗ്യവശാല്‍ ബിജെപി ഭരണത്തില്‍ ആ ദിശയിലേക്കാണ് രാജ്യം താഴ്ത്തപ്പെടുന്നത്. സ്ത്രീകളടക്കം മുഴുവന്‍ ജനങ്ങള്‍ക്കും സുരക്ഷിതരായി നിര്‍ഭയം ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ നിയമവാഴ്ചയും മനുഷ്യാവകാശങ്ങളും ഭരണഘടനാ മൂല്യങ്ങളും സ്ഥാപനങ്ങളും വീണ്ടെടുക്കപ്പെടണം.