April 2, 2023 Sunday

ആർത്തവ പരിശോധനയ്ക്ക് പിന്നാലെ കന്യകാത്വ പരിശോധനയും; ഗുജറാത്തിൽ ശാരീരികക്ഷമത പരിശോധനയുടെ പേരിൽ ദീർഘനേരം യുവതികളെ നഗ്നരാക്കി നിർത്തി

Janayugom Webdesk
സൂറത്ത്
February 21, 2020 1:58 pm

സൂറത്ത് മുനിസിപ്പൽ കോർപ്പറേഷനിൽ വനിത പ്രൊബേഷൻ ക്ലർക്കുമാരുടെ സ്ഥിരനിയമത്തിനു മുന്നോടിയായി നടത്തിയ ശാരീരികക്ഷമത പരിശോധനക്കിടെ ദീർഘ നേരം യുവതികളെ നഗ്നകളാക്കി നിർത്തിയതായി പരാതി. ഗുജറാത്തിലെ ഭുജ് വനിതാ കോളജ് ഹോസ്റ്റലിലെ 68 പെൺകുട്ടികളെ ആർത്തവ പരിശോധനയ്ക്ക് വിധേയമാക്കിയ വാർത്ത വിവാദമായതിന് പിന്നാലെയാണ് ഗുജറാത്തിൽ നിന്നും വീണ്ടും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ ആവർത്തിക്കുന്നത്. യുവതികളെ വിവസ്ത്രകളാക്കി ദീർഘനേരം നിർത്തിപ്പിച്ച ശേഷം ഗൈനക്കോളജിസ്റ്റിന്റെ നേതൃത്വത്തിൽ കന്യകാത്വ പരിശോധനവരെ നടത്തിയതായും സ്വകാര്യവും വ്യക്തിപരവുമായ കാര്യങ്ങൾ അന്വേഷിച്ചതായും ആരോപണമുയർന്നു.

സൂറത്ത് മുനിസിപ്പൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ ശാരീരിക ക്ഷമതാ പരിശോധനയ്ക്ക് എത്തിയ നൂറിലേറെ പ്രൊബേഷൻ ഉദ്യോഗസ്ഥകൾക്കാണ് അധികൃതരിൽ നിന്ന് മാനസിക പീഡനം ഏൽക്കേണ്ടി വന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് സൂറത്ത് മുനിസിപ്പൽ കൗൺസിൽ എംപ്ലോയീസ് യൂണിയൻ മുനിസിപ്പൽ കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

യുവതികളായ പ്രൊബേഷൻ ജീവനക്കാരികളിൽ പത്തു പേരെ വീതം ഓരോ മുറികളിൽ പൂർണ്ണ നഗ്നരാക്കി നിർത്തുകയും മുറികളുടെ തുറന്ന പുറംവാതിൽ ആകെ ഒരു കർട്ടൻ ഉപയോഗിച്ച് പേരിന് മറയ്ക്കുക മാത്രമാണ് ചെയ്തിരുന്നതെന്ന് കോർപ്പറേഷനിലെ ഒരു മുതിർന്ന ജീവനക്കാരൻ പറഞ്ഞു. അവിവാഹിതകളായ യുവതികളോട് പോലും നിങ്ങൾ മുൻപ് ഗർഭിണികൾ ആയിട്ടുണ്ടോ എന്നും ചിലരുടെ സ്വകാര്യ ഭാഗങ്ങളിൽ ഗൈനക്കോളജിസ്റ്റുകൾ വിരൽ പരിശോധന നടത്തിയതായും അത് ചോദ്യം ചെയ്തപ്പോൾ വളരെ പരുഷമായി പെരുമാറിയതായും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.

എന്നാൽ പുരുഷൻമാരായ ഉദ്യോഗാർഥികളെ ശാരീരിക ക്ഷമത പരിശോധനയുടെ ഭാഗമായി കണ്ണ്, ഇഎൻടി, ഹൃദയ ശ്വാസകോശ പരിശോധനകൾക്ക് മാത്രമാണ് വിധേയരാക്കിയത്. മൂന്ന് വർഷത്തെ തൊഴിൽ പ്രൊബേഷൻ കാലയളവിന് ശേഷം തൊഴിൽ സ്ഥിരപ്പെടുത്തുന്നതിനുള്ള നിബന്ധനകകളുടെ ഭാഗമാണ് ശരീരികക്ഷമതാ പരിശോധന.

പ്രൊബേഷൻ ജീവനക്കാരുടെ തൊഴിൽ സ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമാണ് ശാരീരികക്ഷമത പരിശോധനയെങ്കിലും അത് സ്വകാര്യത മാനിക്കാത്ത തരത്തിൽ നടപ്പിലാക്കേണ്ടതല്ല. യുവതികൾ അനുഭവിക്കേണ്ടിവന്ന മാനസിക പീഡനം അറിഞ്ഞയുടനെ ഇത്തരം പരിശോധന നിർത്തിവയ്ക്കാൻ ഞങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ക്ലർക്ക് ജോലി നോക്കുന്ന വനിതാ ജീവനക്കാരെ ഇത്തരം ശാരീരിക പരിശോധനയ്ക്ക് വിധേയമാക്കുന്നത് ആദ്യമായി കേൾക്കുകയാണെന്ന് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എ എ ഷെയ്ക്ക് പറഞ്ഞു.

അതേസമയം സ്ത്രീകളുടെ ശാരീരിക ക്ഷമത പരിശോധനയുടെ ഭാഗമായുള്ള നിബന്ധനകൾ അനുസരിച്ചുള്ള പരിശോധന മാത്രമാണ് തങ്ങൾ നടത്തിയതെന്നാണ് ഗൈനക്കോളജി മേധാവി അഷ്വിൻ വാച്ഹാനിയുടെ വാദം. യൂണിയന്റെ പരാതി ആശുപത്രി സൂപ്രണ്ടിന് കൈമാറിയതായി ഡെപ്യൂട്ടി മുനിസിപ്പൽ കമ്മിഷണർ എ കെ നായിക് പറഞ്ഞു.

Eng­lish Sum­ma­ry; Surat trainees forced to stand naked for med­ical test

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.