Janayugom Online
P S Sreedharan Pillai

സുരേന്ദ്രന്റേത് ആചാരലംഘനമല്ല, പ്രാദേശികമായി ചടങ്ങുകള്‍ മാറുമെന്നും ശ്രീധരന്‍പിള്ള

Web Desk
Posted on November 18, 2018, 5:05 pm

കോട്ടയം: ശബരമിലയില്‍ കൂടുതല്‍ പ്രകോപനം സൃഷ്ടിക്കാന്‍ ബിജെപി നീക്കം. കെ സുരേന്ദ്രനും ശശികലയും അടക്കമുള്ളവരെ കരുതല്‍ തടങ്കലിന്റെ ഭാഗമായി പൊലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ദേശീയ നേതാക്കളെയും അന്യസംസ്ഥാനങ്ങളിലെ നേതാക്കളെയും ശബരിമലയില്‍ എത്തിക്കാനാണ് ബിജെപി നീക്കം. ശബരിമല വിഷയം മുതലെടുക്കാനുള്ള ബിജെപിയുടെ നീക്കം സംസ്ഥാനത്തെ ജനം തിരിച്ചറിഞ്ഞതും, മണ്ഡലകാല ആരംഭത്തിലെ ബിജെപി നടത്തിയ ഹര്‍ത്താല്‍ പ്രതികൂലമായതും കണക്കിലെടുത്താണ് അടവുമാറ്റം. ശബരമില വിഷയം ദേശീയ സമരമാക്കുകയാണ് ലക്ഷ്യമെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള ഇന്നലെ കോട്ടയത്ത് വ്യക്തമാക്കിയത്.
ഏതുവിധത്തിലും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണ് ബിജെപി ലക്ഷ്യമെന്ന് വ്യക്തം. സായാഹ്നധര്‍ണ്ണയും, ഡിജിപിയുടെ വീട്ടുപടിക്കല്‍ ധര്‍ണ്ണയും, വഴിതടയലും , ദേവസ്വം ബോര്‍ഡ് ഓഫീസുകള്‍ക്ക് മുന്നില്‍ സമരവും അടക്കം ആവുന്നതെല്ലാം ഇതിനായി ചെയ്യുമെന്നാണ് ബിജെപി നിലപാട്.

എന്നാല്‍ ബിജെപി നേതാക്കളുടെ ആചാരലംഘനം സംബന്ധിച്ച് വ്യക്തതവരുത്താന്‍ അദ്ദേഹം ശ്രമിച്ചില്ല. കെ സുരേന്ദ്രന്‍ ആചാരലംഘനം നടത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശികമായി ആചാരം മാറുമെന്നായിരുന്നു അതിന് നല്‍കിയ വ്യാഖ്യാനം. മലബാര്‍ മേഖലയില്‍ മരണമുണ്ടായി 16ാംനാള്‍ അസ്ഥി ഒഴുക്കുന്നതോടെ ക്ഷേത്രദര്‍ശനത്തിനുള്ള തടസ്സം നീങ്ങുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. സുരേന്ദ്രന്റെ അമ്മ മരിച്ച് ഏതാനും മാസങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്നും ഒരു വര്‍ഷം കഴിയാതെ മല ചവിട്ടാനെത്തുന്നത് ആചാരലംഘനമാണെന്നും ദേവസ്വം മന്ത്രി അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.