Thursday
21 Mar 2019

ബിജെപിയുടെ നിലപാട് മാറ്റം; പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി സുരേന്ദ്രന്‍റെ അനുയായികള്‍

By: Web Desk | Sunday 2 December 2018 9:53 PM IST


K Surendran

കെ കെ ജയേഷ് 

കോഴിക്കോട്: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബി ജെ പിയുടെ ഇടയ്ക്കിടെയുള്ള നിലപാട് മാറ്റങ്ങളില്‍ പ്രതിഷേധിച്ചും അറസ്റ്റ് ചെയ്യപ്പെട്ട ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ സംരക്ഷിക്കാന്‍ നടപടികളുണ്ടാവാത്തതിലും പ്രതിഷേധിച്ച്  സ്വന്തം നിലയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ സുരേന്ദ്രന്‍ അനുയായികള്‍. പാര്‍ട്ടി നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാനുള്ള ഇവരുടെ തീരുമാനം ബി ജെ പിയ്ക്ക് വലിയ തലവേദനയാകുകയാണ്.
പാര്‍ട്ടിയില്‍ സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍, പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്നവരുടെയും നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെയെല്ലാം സഹകരണത്തോടെയാണ് തിങ്കളാഴ്ച  കോഴിക്കോട്ട് ജസ്റ്റിസ് ഫോര്‍ കെ എസ് എന്ന പേരില്‍ ഇന്ന് മനുഷ്യാവകാശ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.  സുരേന്ദ്രനെ അവഗണിക്കുന്ന സമീപനമാണ് പാര്‍ട്ടിയും സംസ്ഥാന അധ്യക്ഷന്‍ അഡ്വ: പി എസ് ശ്രീധരന്‍ പിള്ളയുമെല്ലാം സ്വീകരിക്കുന്നതെന്ന് ആരോപിച്ച് നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് എന്ന സംഘടനയുടെ പേരില്‍ സംഘടിപ്പിക്കുന്ന കൂട്ടായ്മ പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്ന് മനസ്സിലാക്കി പരിപാടി പൊളിക്കാന്‍ ബി ജെ പി തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നേരത്തെ സുരേന്ദ്രനുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ മൗനാനുവാദത്തോടെയാണ് പരിപാടി നടത്തുന്നതെന്നാണ് അറിയുന്നത്. മറ്റ് ജില്ലകളിലും ഇത്തരത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.
സുരേന്ദ്രന്റെ സുഹൃത്തുക്കളായ ചില മുന്‍ എ ബി പി വി നേതാക്കളാണ് ആദ്യം പരിപാടിയെപ്പറ്റി ആലോചിച്ചത്. തുടര്‍ന്ന് വിവിധ കാലങ്ങളില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരെയും ശ്രീധരന്‍ പിള്ള വിരോധികളെയും സുരേന്ദ്രനെ അനുകൂലിക്കുന്നവരെയുമെല്ലാം പരിപാടിയുടെ സംഘാടനത്തിലേക്ക് കൊണ്ടുവരികയായിരുന്നു.
സുരേന്ദ്രനെ അറസ്റ്റ് ചെയ്തപ്പോള്‍ ബി ജെ പിയും യുവമോര്‍ച്ചയും കാര്യമായ പ്രതിഷേധമൊന്നും സംഘടിപ്പിച്ചിരുന്നില്ല. സുരേന്ദ്രന്‍ വിരോധികളായ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും യുവേമാര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവുമാണ് ഇതിന് പിന്നിലെന്നാണ് ഇവര്‍ പറയുന്നത്. പാര്‍ട്ടിയില്‍ ഏറ്റവും കൂടുതല്‍ അനുയായികളുള്ളത് സുരേന്ദ്രനാണ്. നിലപാടില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്ന് വന്നപ്പോള്‍ മാത്രമാണ് പാര്‍ട്ടി അധ്യക്ഷന്‍ ജയിലില്‍ പോയി സുരേന്ദ്രനെ കാണാന്‍ പോലും തയ്യാറായത്. നാളെ മറ്റ് നേതാക്കള്‍ക്കും ഇതുപോലുള്ള അവസ്ഥ വന്നേക്കാമെന്നും അന്ന് ആരും സഹായത്തിന് കാണില്ലെന്ന് അവര്‍ ഓര്‍ക്കണമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകര്‍ പ്രത്യക്ഷത്തില്‍ പരിപാടിയുമായി സഹകരിക്കുന്നില്ലെങ്കിലും സുരേന്ദ്രനോട് താത്പര്യമുള്ള എല്ലാവരുടെയും സഹായം പരിപാടിയ്ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ സുരേന്ദ്രനെ വീരനായകനാക്കി ഉയര്‍ത്തിക്കാട്ടുന്ന ചിലരാണ് പരിപാടിയ്ക്ക് പിന്നിലെന്നും ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളെപ്പോലെ പ്രവര്‍ത്തിക്കുന്ന അവരുടെ നിലപാടുകള്‍ പാര്‍ട്ടിയ്ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബി ജെ പി നേതൃത്വം വ്യക്തമാക്കുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ചിലര്‍ വീണ്ടും സുരേന്ദ്രനെ പ്രീതിപ്പെടുത്തി പാര്‍ട്ടിയില്‍ തിരിച്ചുകയറാനുള്ള വളഞ്ഞ വഴി നോക്കുകയാണന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
എന്നാല്‍ സുരേന്ദ്രന്റെ വിഷയം കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയമാണെന്നും പ്രതികാരബുദ്ധിയോടെയാണ് പാര്‍ട്ടി-യുവമോര്‍ച്ചാ അധ്യക്ഷന്‍മാര്‍ പെരുമാറുന്നതെന്നും ഇത്തരമൊരു സാഹചര്യത്തില്‍ സ്വന്തം നിലപാടുകള്‍ പോലും മാറ്റി സന്നിധാനത്ത് പ്രക്ഷോഭം നയിച്ച സുരേന്ദ്രനെ നേതാക്കള്‍ക്ക് വേണ്ടെങ്കിലും തങ്ങള്‍ സംരക്ഷിക്കുമെന്നാണ് പരിപാടി സംഘടിപ്പിക്കുന്നവരുടെ വാദം. ശ്രീധരന്‍ പിള്ളയും പ്രകാശ് ബാബുവും പ്രതികാരം തീര്‍ക്കുമ്പോള്‍ ഒപ്പം നില്‍ക്കേണ്ട വി മുരളീധരന്‍ സ്വന്തം നേട്ടത്തിന് വേണ്ടി മൗനം പാലിക്കുകയാണ്. സുരേന്ദ്രനില്ലെങ്കില്‍ മുരളീധരന് നിലനില്‍പ്പില്ല. സുരേന്ദ്രന്‍  ജയിലില്‍ നിന്ന് തിരിച്ചുവരുമെന്ന് ഇവരെല്ലാം തിരിച്ചറിയണം. ഗ്രൂപ്പ് വഴക്കുകള്‍ ഉണ്ടായിരുന്നെങ്കിലും എം ടി രമേശ് മാത്രമാണ് സുരേന്ദ്രന് വേണ്ടി പാര്‍ട്ടിയില്‍ ശബ്ദമുയര്‍ത്തിയതെന്നും ഇവര്‍ വ്യക്തമാക്കുന്നു.
സുരേന്ദ്രനോട് എതിര്‍പ്പുണ്ടെങ്കിലും ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തോട് എം ടി രമേശിന് ശക്തമായ വിയോജിപ്പുണ്ട്. ശ്രീധരന്‍ പിള്ളയുടെ നിലപാടുകള്‍ പാര്‍ട്ടിയെ തകര്‍ച്ചയിലേക്ക് നയിക്കുകയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന് വേണ്ടി നിലകൊള്ളുന്നവര്‍ക്ക് അദ്ദേഹം പിന്തുണ നല്‍കുന്നത്.
പാര്‍ട്ടിയില്‍ ഉയര്‍ന്ന ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് സുരേന്ദ്രന് വേണ്ടി ശബ്ദമുയര്‍ത്താനും ശബരിമല സമരം വീണ്ടും തുടങ്ങാനും പാര്‍ട്ടി നിര്‍ബന്ധിതമായത്. നേതൃത്വത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കിടെ സുരേന്ദ്രന് വേണ്ടി നിലയുറപ്പിച്ച് വീണ്ടും പാര്‍ട്ടിയില്‍ കയറിപ്പറ്റാനാണ് നേരത്തെ പുറത്താക്കപ്പെട്ടവരുടെ നീക്കം. സുരേന്ദ്രന്‍ തിരിച്ചുവന്നാല്‍ പാര്‍ട്ടിയില്‍ ശക്തനാകുമെന്ന വിശ്വാസത്തിലാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരും മുന്‍ എ ബി വി പി നേതാക്കളുമെല്ലാം ഇത്തരമൊരു പരിപാടിയുമായി രംഗത്ത് വന്നിരിക്കുന്നത്. പരിപാടി പൊളിക്കാന്‍ ബി ജെ പി  നേതൃത്വം നീക്കങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് കെ സുരേന്ദ്രന് വേണ്ടി അവസാന നിമിഷം വരെ പോരാട്ടം നടത്തുമെന്നും ഇവര്‍ പറയുന്നു. ഏതായാലും സുരേന്ദ്രന്റെ അറസ്റ്റും അദ്ദേഹത്തെ അവഗണിച്ച പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളും ബി ജെ പിയ്ക്ക് പുതിയ തിരിച്ചടികള്‍ സമ്മാനിക്കുകയാണ്.
Related News