9 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 19, 2024
November 11, 2024
November 11, 2024
November 11, 2024
November 9, 2024
November 8, 2024
November 6, 2024
November 3, 2024
November 3, 2024

അംബുലന്‍സ് വിവാദത്തില്‍ സുരേഷ്ഗോപി ഹാസ്യകഥാപാത്രമാകുന്നു

Janayugom Webdesk
തൃശൂര്‍ 
November 1, 2024 9:53 am

കേന്ദ്രമന്ത്രി സുരേഷ്ഗോപി അദ്ദേഹത്തിന്റെ മണ്ഡലമായ തൃശൂരിലെ പൂരം വെടിക്കെട്ടിനെ തടസ്സപ്പെടുത്തുന്ന കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവിനെ കുറിച്ച് പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒക്ടോബർ ആദ്യവാരത്തിൽ ഇറങ്ങിയ ഉത്തരവിനെ കുറിച്ച് അറിയാത്തത് പോലെയാണ് അദ്ദേഹം ഇന്നലെയും മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ചവരോടുള്ള വഞ്ചനയാണ് ഈ ഒളിച്ചോട്ടം. തൃശൂരിൽ പൂരം നടത്തിപ്പ് അവതാളത്തിലാക്കുന്ന ഉത്തരവില്‍ പ്രതികരിക്കാൻ കഴിയാത്ത ഗതികേടിലാണ് ബിജെപിയും. 

സ്വന്തം മന്ത്രിസഭ എടുത്ത തീരുമാനത്തെ കുറിച്ച് വിശദീകരിക്കാൻ കെൽപ്പിലാത്ത കേന്ദ്രമന്ത്രി ഒളിച്ചോടുകയാണ്. കേന്ദ്ര ഉത്തരവിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറുന്നത് പ്രതിഷേധാർഹമാണ്. പൂരദിവസം രാത്രി താൻ ആംബുലൻസിൽ വന്നത് മായ കാഴ്ച്ചയാണെന്ന് പറഞ്ഞ മന്ത്രി ഇപ്പോൾ പറയുന്നത് ആംബുലൻസിൽ വന്നു എന്നാണ്. സ്വന്തം പാർടിക്കാരിൽതന്നെ ചിരി പടർത്തുന്ന ഹാസ്യകഥാപാത്രമായി കേന്ദ്രമന്ത്രി തരംതാഴുകയാണ്. തന്നെ മന്ത്രിമാരുടെ ഗുണ്ടകൾ ആക്രമിച്ചു എന്ന് കള്ളം പറയുന്ന കേന്ദ്രമന്ത്രി പൊതുപ്രവർത്തകർക്കാകെ അപമാനമാണെന്നും എല്‍ഡിഎഫ് പറഞ്ഞു.

അതേസമയം കൊടകര കുഴൽപ്പണകേസ് സംബന്ധിച്ച് എൽഡിഎഫ് നേരത്തെ ഉന്നയിച്ച കാര്യങ്ങള്‍ ശരിവെയ്ക്കുന്നതാണ് ബിജെപി മുന്‍ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീശന്റെ വെളിപ്പെടുത്തല്ലെന്ന് എൽഡിഎഫ് ജില്ലാകമ്മിറ്റി അറിയിച്ചു. ചാക്കുകെട്ടുകളിലാക്കി കുഴൽപണം ബിജെപി ഓഫീസിലേക്കെത്തിച്ചു എന്ന ഗുരുതര വെളിപ്പെടുത്തലാണ് തിരൂർ സതീശൻ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നടത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് 35 കോടി രൂപ ബിജെപി കേരള ഘടകത്തിന് കുഴൽപണമായി എത്തി എന്നാണ് വാർത്തകളിലൂടെ വ്യക്തമാകുന്നത്. 

കുഴൽപ്പണം കൊടകരയിൽ വെച്ച് കവർന്ന കേസാണ് കേരള പോലീസ് അന്വേഷണം നടത്തിയത്. കവർച്ച കേസിലെ പ്രതികളെ പിടി കൂടിയെങ്കിലും ഉറവിടം സംസ്ഥാനത്തിന് പുറത്തായതിനാൽ ഇത് സംബന്ധിച്ച് ഇഡി അന്വേഷിക്കണമെന്ന് കേരളപോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ രാഷ്ട്രീയ സമ്മർദ്ദത്താൽ ഇഡി ഈ കേസിൽ ഒരു നടപടിയും എടുത്തില്ല. ഇക്കാര്യം പല സന്ദർഭങ്ങളിലും എൽഡിഎഫ് ജില്ലാകമ്മിറ്റി പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. വലതുമാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷം പ്രതികരിച്ചില്ല. കൊടുങ്ങല്ലൂർ കള്ളനോട്ട് കേസിലും ഇഡി നടപടി എടുത്തില്ല. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേരള പോലീസും ഇഡിയും നിയമ നടപടികൾ സ്വീകരിക്കണമെന്ന് എൽഡിഎഫ് ജില്ലാകമ്മിറ്റിവാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.