യാത്രകളുടെ മറവില്‍ കള്ളക്കടത്ത് നടത്തുന്നതായി സംശയം; ബസ്സ് വഴിയില്‍ നിര്‍ത്തി പാക്കറ്റുകള്‍ കൈമാറുന്നതും കണ്ടിട്ടുണ്ടെന്ന് യാത്രക്കാരന്‍

Web Desk
Posted on April 22, 2019, 6:28 pm

തിരുവനന്തപുരം: ബസ് ജീവനക്കാരെ വഴിയിലിറക്കി മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസ്സിനെതിരെ നിരവധി പരാതികള്‍ ഉയരുന്നതിനിടയില്‍ ബസ്സ് കള്ളക്കടത്ത് നടത്തുന്നതായി സംശയിക്കുന്നതായി യുവാവ്. ബാംഗ്ലൂരില്‍ വിദ്യാര്‍ഥിയായ യുവാവാണ് ബസ്സിനെതിരെ മറ്റൊരു പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
ഒരിക്കല്‍ കല്ലട ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ ബസ്സ് അവിചാരിതമായി തൃശ്ശൂരില്‍ ഒരിടത്ത് നിര്‍ത്തി. ഏകദേശം ഒന്നര മണിക്കൂറിന് ശേഷമാണ് വണ്ടി അവിടെ നിന്നും പുറപ്പെട്ടത്. തുടര്‍ന്ന് ഒരു പാടത്ത് കൊണ്ടിടുകയും ചെയ്തുവെന്ന് യുവാവ് ഒരു സ്വകാര്യ മാധ്യമത്തിനോട് സംസാരിക്കവെ വെളിപ്പെടുത്തി.
വലിയ പാക്കറ്റുകള്‍ ഇറക്കുന്നത് താന്‍ കണ്ടതായും യുവാവ് പറയുന്നു. മോശപ്പെട്ട സഹകരണമാണ് ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുമുണ്ടായതെന്ന് വ്യക്തമാക്കിയ യുവാവ്, ബസ് ജീവനക്കാര്‍ കള്ളക്കടത്ത് നടത്തുന്നുണ്ടോ എന്ന് സംശയിക്കുന്നതായും വ്യക്തമാക്കി.
യാത്രക്കിടയില്‍ വണ്ടി നിര്‍ത്തിയിട്ടാല്‍, സ്ഥലമെവിടെയാണെന്നുപോലും പറയാനിവര്‍ കൂട്ടാക്കാറില്ല. രാത്രികാലങ്ങളില്‍ സ്ഥലം മനസ്സിലാകാതെയിരിക്കുന്ന യാത്രക്കാര്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ തെറിവിളിക്കുമെന്നും യാത്രക്കാരന്‍ കൂടിയായ യുവാവ് വ്യക്തമാക്കി.
കൂടാതെ ബസ് ജീവനക്കാര്‍ മദ്യപിച്ചാണ് വണ്ടിയോടിക്കാറുള്ളതെന്നും ഗുണ്ടായിസം പേടിച്ച് പലരും ഒന്നും മിണ്ടാതിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ക്കുന്നു.
സുരേഷ് കല്ലടയുടെ ബസ്സുകള്‍ അറ്റകുറ്റപ്പണി കൃത്യസമയത്ത് നടത്താറില്ലെന്നും യാത്രക്കാര്‍ വെളിപ്പെടുത്തുന്നു. അതിനാല്‍ത്തന്നെ ബസ്സ് കേടായി വഴിയില്‍ കിടക്കുന്നത് പതിവാണെന്നും മറ്റ് യാത്രക്കാരും വെളിപ്പെടുത്തുന്നു.
ബസ്സ് പുകയുന്നതിന്റെ ദൃശ്യം മറ്റൊരു യാത്രക്കാരനും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.