വിശ്വസിക്കാനാവാത്ത വിടപറയൽ


ബിനോയ് വിശ്വം എം പി
‘സുരേശാ’ എന്നാണ് പിടിബി സുരേഷിനെ വിളിച്ചിരുന്നത്. വഞ്ചിയൂരിലെ വീടിന്റെ പൂമുഖത്തും ഊണ് മുറിയിലും ഇരുന്ന് നൂറ് തവണയെങ്കിലും ഞാന്‍ ആ വിളി കേട്ടിട്ടുണ്ട്. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിനും ജനകീയ ശാസ്ത്രപ്രസ്ഥാനത്തിനും THINK-TANK’ എന്ന് വിളിക്കാന്‍ ഒരാളുണ്ടെങ്കില്‍ അത് പിടിബി എന്ന പി ടി ഭാസ്കരപണിക്കര്‍ ആയിരിക്കും. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ വരവറിയിച്ചുകൊണ്ട് മുന്നേറിയ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. പിന്നീട് 57ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന പ്രൊഫ. ജോസഫ് മുണ്ടശേരിയുടെ പ്രെെവറ്റ് സെക്രട്ടറി ആയും അദ്ദേഹം പ്രവര്‍ത്തിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖന്, മികച്ച എഴുത്തുകാരന്, പിഎസ്സി അംഗം ഇവയെല്ലാമായിരുന്നു പിടിബി. എഐഎസ്എഫ് പ്രവര്‍ത്തകരായ ഞങ്ങള്‍ക്ക് അദ്ദേഹം സുരേഷിന്റെ അച്ഛന് മാത്രമായിരുന്നില്ല. വിദ്യാഭ്യാസ സാമൂഹ്യ പരിസ്ഥിതി മേഖലകളില്‍ സംശയം തോന്നുമ്പോഴെല്ലാം ഓടിയെത്താനുള്ള ആശ്രയം കൂടിയായിരുന്നു. 1970കളില്‍ ആ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പിടിബിയുടെ മകന് എഐഎസ്എഫ് ആകാതിരിക്കാന്‍ കഴിയുമായിരുന്നില്ല. പ്രതാപം കെെവിടാന്‍ മടിക്കുന്ന കെഎസ്യുവും പ്രതാപത്തിലേക്ക് കാല്‍വയ്ക്കാന്‍ ശ്രമിക്കുന്ന എസ്എഫ്ഐയും നക്സലെെറ്റ് വരവിന്റെ സംഘര്‍ഷങ്ങളും എല്ലാം ചേര്‍ന്ന സമ്മിശ്ര അന്തരീക്ഷമായിരുന്നു ക്യാമ്പസുകളില്‍. അടിയന്തരാവസ്ഥയ്ക്ക് തൊട്ട് മുമ്പും പിമ്പുമുള്ള ആ കാലം എഐഎസ്എഫ് പ്രവര്‍ത്തകരുടെ പ്രതിബദ്ധത പരീക്ഷിക്കപ്പെട്ട കാലമായിരുന്നു. ബൂര്‍ഷ്വാ രാഷ്ട്രീയത്തില്‍ ജനസംഘവും സ്വതന്ത്രാ പാര്‍ട്ടിയും സംഘടനാ കോണ്‍ഗ്രസും ചേര്‍ന്ന് ഒരു തീവ്ര വലതുപക്ഷ വഴി വെട്ടിത്തുറക്കാന്‍ ശ്രമങ്ങളാരംഭിച്ചിരുന്നു. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രസ്ഥാനം തീവ്ര വലതുപക്ഷത്തിനും ഇടതുപക്ഷ സാഹസികതയ്ക്കും കെെകോര്‍ക്കാനുള്ള കളമൊരുക്കി. ആശയസമരങ്ങളാല് മുഖരിതമായ ക്യാമ്പസുകളില്‍ നാനാഭാഗത്തുനിന്നും എഐഎസ്എഫ് ആക്രമിക്കപ്പട്ടു. ആശയ വിദ്യാഭ്യാസമില്ലാതെ ഞങ്ങള്‍ക്ക് ഒരിഞ്ചുപോലും മുന്നോട്ട് പോകാനാവാത്ത അവസ്ഥ. അന്നാണ് ഞാന്‍ സുരേഷിന്റെ വ്യത്യസ്ഥത കണ്ടത്. ‘സ്റ്റുഡന്റ്സ് ഇന്സ്റ്റുിറ്റ്യൂട്ട് ഓഫ് മാര്‍ക്സിസ്റ്റ് സ്റ്റഡീസ്’ എന്ന പേരില്‍ എഐഎസ്എഫിന്റെ ആഭിമുഖ്യത്തില്‍ പഠനകേന്ദ്രം ഉണ്ടായിവന്നു. സുരേഷ് ആയിരുന്നു അതിനായി പാടുപെട്ടവരില്‍ പ്രധാനി. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള വര്‍ഷങ്ങളില്‍ ക്യാമ്പസുകളിലെ കാറ്റ് ഞങ്ങള്‍ക്ക് അനുകൂലമല്ലായിരുന്നു. ഈടുറ്റ സംവാദങ്ങളിലൂടെയാണ് ഞങ്ങള്‍ പിടിച്ചുനിന്നത്. അന്നത്തെ വെെകുന്നേരങ്ങള് ഒന്ന് പോലും വിരസമായിരുന്നില്ല. പ്രത്യയശാസ്ത്രവും രാഷ്ട്രീയവും പുസ്തകവും സിനിമയും എല്ലാം ചര്‍ച്ച ചെയ്യപ്പെട്ട ആ ദിനങ്ങളിലൂടെ കെല്പുറ്റ ഒരു സംഘം എഐഎസ്എഫുകാര്‍ വളര്‍ന്നുവന്നു. ബിനോയ് വിശ്വവും കെ പി രാജേന്ദ്രനും കഴിഞ്ഞാല്‍ എന്‍ ഇ ഗീതയും കെ ജി താരയും ലെെലാ പ്രസാദും അടക്കം കുറേ പെണ്‍കുട്ടികള്‍ മാത്രമാണ് എഐഎസ്എഫിലുള്ളതെന്ന പ്രചാരവേല വിലപ്പോകാതെയായി. സുരേഷിനെ കൂടാതെ ബെെജുവും സാജുവും പരമേശ്വരന് പോറ്റിയും യു വിക്രമനും കരിയം രവിയും ആര് അജയനും ജീവനും ആര് കെ സുരേഷും അടക്കം ഒരു വലിയ നിര എഐഎസ്എഫിന്റെ അഭിമാന പ്രതീകങ്ങളായി വളര്‍ന്നുവന്നു. സ്ഥായിയായ നിലപാടുകളും നിലയ്ക്കാത്ത അന്വേഷണബുദ്ധിയുമായി അവരുടെ നടുവില്‍ എന്നും യു സുരേഷ് ഉണ്ടായിരുന്നു. പഠനം കഴിഞ്ഞ് ഏറെ കാത്തിരിക്കാതെ സുരേഷ് ബാങ്ക് ജീവനക്കാരനായി. എസ്ബിടി എംപ്ലോയീസ് യൂണിയന് സോണല്‍ സെക്രട്ടറിയായിരിക്കുമ്പോഴും യുവകലാസാഹിതിയിലും രക്തദാന സംഘത്തിലും സജീവമാകാന്‍ സുരേഷ് സമയം കണ്ടെത്തി. ബാങ്ക് ജീവനക്കാരുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ആശയപരമായി ദൃഢീകരിക്കപ്പെട്ടില്ലെങ്കില് വരുംകാലവെല്ലുവിളികളെ എതിരിട്ടു നില്ക്കാന് പ്രയാസകരമായിരിക്കുമെന്ന് എപ്പോഴും പറഞ്ഞ നേതാവായിരുന്നു സുരേഷ്. തന്നാലാകുംവിധമെല്ലാം അത്തരം കര്‍ത്തവ്യങ്ങള്‍ ഏറ്റെടുക്കാന്‍ സദാ സന്നദ്ധനായിരുന്നു ആ കമ്മ്യൂണിസ്റ്റ്. ബാങ്കിങ് സര്‍വീസില്‍ വര്‍ഷങ്ങള്‍ ബാക്കി നില്‍ക്കെ ജനയുഗത്തിന്റെ ജനറല്‍ മാനേജരാകാന്‍ സുരേഷിനെ പാര്‍ട്ടി വിളിച്ചു. ബാങ്ക് ഓഫീസറുടെ സാമ്പത്തിക ഭദ്രതയും ജനയുഗത്തിലെ സാമ്പത്തിക ഞെരുക്കവും തമ്മിലുള്ള അന്തരം വലുതാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ പാര്‍ട്ടി നിര്‍ദേശം അദ്ദേഹം ശിരസാവഹിച്ചു. ജനയുഗത്തില്‍ നിന്ന് പുനര്‍ജനി എന്ന പേരില്‍ വ്യത്യസ്തമായ ആരോഗ്യമാസിക സുരേഷിന്റെ ആശയമായിരുന്നു. അടുത്ത കര്‍മ്മമേഖല പിഎസ്സി ആയിരുന്നു. സുതാര്യതയും കാര്യക്ഷമതയും പിഎസ്സിയുടെ മുഖമുദ്രയാക്കണമെന്ന് നിര്‍ബന്ധമുള്ള കര്മഭടനായാണ് അവിടെ സുരേഷ് പ്രവര്‍ത്തിച്ചത്. അനീതികളോട് സന്ധി ചെയ്യാന്‍ ആ പോരാളിക്ക് മനസില്ലായിരുന്നു. ദശാബ്ദങ്ങള്‍ക്ക് മുമ്പ് സ്വന്തം പിതാവ് പിഎസ്സിയില് ഉയര്‍ത്തിപിടിക്കാന്‍ ശ്രമിച്ച മൂല്യബോധങ്ങളെ പുതിയകാലം ആവശ്യപ്പെടുംവിധം നടപ്പിലാക്കാനാണ് പിടിബിയുടെ മകനായ ആ പിഎസ്സി അംഗം ഔത്സുക്യം പൂണ്ടത്. പിഎസ്സി സേവനം അവസാനിക്കുന്നതിന്റെ പിറ്റേ ദിവസം ആ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തു. ഏത് ചുമതല പാര്‍ട്ടി ഏല്‍പ്പിച്ചാലും അത് ചെയ്യാമെന്നല്ലാതെ മറ്റൊന്നും സുരേഷിന് പറയാനുണ്ടായിരുന്നില്ല. അങ്ങനെ നവയുഗം പത്രാധിപ സമിതിയിലും സോഷ്യല്‍ മീഡിയ ഡിപ്പാര്‍ട്ട്മെന്റിലും പ്രവര്‍ത്തിക്കാന്‍ നിയുക്തനായി. പുതിയ ആശയങ്ങള്‍ക്കായുള്ള അന്വേഷണവും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജവും അവയ്ക്കെല്ലാം അടിസ്ഥാനമായ വായനയും സുരേഷിന്റെ പ്രത്യേകതയായിരുന്നു. ലെനിന് ബാലവാടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റൗണ്ട് ടേബിള്‍ എന്ന ചര്‍ച്ചാവേദി ഏതാനും മാസങ്ങള്‍കൊണ്ടുതന്നെ ചിന്താശീലര്ക്കിടയില് ശ്രദ്ധേയമായി. കാലികപ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് ആധികാരികമായ പ്രഭാഷണങ്ങളും അവയെ അടിസ്ഥാനമാക്കിയുള്ള കനപ്പെട്ട ചര്‍ച്ചകളുമായിരുന്നു റൗണ്ട് ടേബിളിന്റെ ലക്ഷ്യം. ചുരുങ്ങിയ സമയംകൊണ്ട് അത് ഇടതുപക്ഷ വൃത്തങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. ഓരോതവണ കാണുമ്പോഴും പുതിയ പുതിയ ആശയങ്ങള്‍ സുരേഷിന് പറയാനുണ്ടായിരുന്നു. താന്‍ ആഗ്രഹിക്കുന്ന വേഗതയില്‍ കാര്യങ്ങള്‍ നീങ്ങുന്നില്ല എന്നതിലായിരുന്നു സുരേഷിന്റെ അസ്വസ്ഥത. അമ്മയുടെ 84-ാം പിറന്നാള്‍ ആഘോഷിക്കാനും സുരേഷ് തനത് ശൈലിയാണ് കണ്ടെത്തിയത്. ഭക്ഷണവും പായസവും മാത്രമായിരിക്കരുത് അതിലെ ഉള്ളടക്കം. അമ്മ കടന്നുവന്ന ജീവിതം അരമണിക്കൂറോളം നീളുന്ന ഒരു ഹ്രസ്വചിത്രമായി ആ മകന് സൃഷ്ടിച്ചു. അതില്‍ ജാനകി പണിക്കര്‍ ആരാണെന്ന് രേഖപ്പെടുത്താനായിരുന്നു ആ ഉദ്യമം. സുരേഷിന്റെ അമ്മ ഞങ്ങളില്‍ പലര്‍ക്കും അമ്മ തന്നെയായിരുന്നു. എത്ര ദിവസങ്ങളില്‍ ആ അമ്മ തന്ന ആഹാരം കഴിച്ച് മുകളിലെ സുരേഷിന്റെ മുറിയില്‍ കിടന്നുറങ്ങിയവരാണ് ഞങ്ങളില്‍ പലരും. താന്‍ നിര്‍മ്മിക്കുന്ന ഹ്രസ്വചിത്രത്തില്‍ സ്വാഭാവികമായും അച്ഛന്റെ രാഷ്ട്രീയ ജീവിതം പരാമര്‍ശ വിഷയമായി. അതിലെ യാതനാപര്വങ്ങളില് അച്ഛനോടൊപ്പം കരുത്തായി നിലകൊണ്ട അമ്മയെ പറ്റിയാണ് ആ മകന് പറയാനുണ്ടായിരുന്നത്. പി ടി ഭാസ്കരപ്പണിക്കരുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കവെ പശ്ചാത്തലത്തില്‍ പാറുന്ന ഒരു ചെങ്കൊടി കാണിക്കുന്നുണ്ട്. പിറന്നാളാഘോഷിക്കാന്‍ എത്തിയവര്‍ക്ക് പിറകില്‍ ജനാലപ്പടിയിലിരുന്നു ചിത്രം കാണവെ സുരേഷ് കുഴഞ്ഞുവീഴുകയായിരുന്നുവത്രെ. ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കി നില്‍ക്കവെ, ജീവിച്ച് മതിയാകാത്ത ഒരു ഉത്തമസമര ഭടന്റെ അന്ത്യനിമിഷമായിരുന്നു അത്. ഇപ്പോഴും ഇതെഴുതുമ്പോഴും സുരേഷ് ഇനിയില്ലെന്ന് വിശ്വസിക്കാന്‍ ആകുന്നില്ല. എന്നേക്കാള്‍ പ്രായം കുറവാണ് അവര്‍ക്കെല്ലാവര്‍ക്കും. പ്രായം ബാധകമാകാത്ത ഒരുതരം ആത്മബന്ധം എഐഎസ്എഫ് ഞങ്ങള്‍ക്ക് തന്നിരുന്നു. തര്‍ക്കിക്കുമ്പോഴും പരിഭവിക്കുമ്പോഴും കലഹിക്കുമ്പോഴും സ്നേഹിച്ചുകൊണ്ട് വേണം അതൊക്കെ ചെയ്യാന്‍ എന്ന് ഞങ്ങളെല്ലാം ഒരുമിച്ചാണ് പഠിച്ചത്. പില്ക്കാലത്ത് പല വഴിക്ക് ജീവിതം ഞങ്ങളെ കൊണ്ടുപോയപ്പോള്‍ കൂടിക്കാഴ്ചകള്‍ കുറവായെങ്കിലും സ്നേഹവിശ്വാസങ്ങള്‍ക്ക് ആഴം കൂടുകയായിരുന്നു. ആദ്യം പോറ്റി പോയി, പിന്നെ സാജു പോയി. ഇപ്പോഴിതാ സുരേഷും. സത്യത്തില്‍ ഈ ദുഃഖം താങ്ങാനാവാത്തത് തന്നെയാണ്. അതുകൊണ്ടാണ് മരണവിവരമറിഞ്ഞപ്പോള് കൊച്ചുകുട്ടിയെപ്പോലെ ബൈജു പൊട്ടിക്കരഞ്ഞത്. ആശുപത്രിയില്‍ നിന്നും സുരേഷിന്റെ മൃതദേഹം എത്തുംമുമ്പ് ‘ഗീതാഞ്ജലി’യില്‍ ഞാനെത്തിയത് അമ്മയെ കാണാന്‍ വേണ്ടിയായിരുന്നു. ഓര്‍മ്മകള്‍ മിന്നിമറയുന്ന അവസ്ഥയില്‍ കിടക്കുന്ന അമ്മയെകാണാന്‍ എനിക്കും ധൈര്യം വന്നില്ല. ഭാര്യ ശ്രീദേവിയും സഹോദരി ഗീതയും മക്കൾ ഗായത്രിയും ഗാഥയും ഈ മഹാനഷ്ടം എങ്ങനെ സഹിക്കുമെന്ന് എനിക്കറിയില്ല. മനസിലേക്ക് മാഞ്ഞുപോകാത്ത ഒരോര്‍മ്മ കടന്ന് വരുന്നു. മസ്തിഷ്ക്കാഘാതം മൂലം കൈകാലുകള്‍ തളര്‍ന്ന് പി ടി ഭാസ്കരപ്പണിക്കര്. അറിവുകളുടെ ഖനിയായിരുന്ന ആ തലച്ചോറില്‍ നിന്ന് അക്ഷരങ്ങള്‍ പോലും മാഞ്ഞുപോയി. പിടിബി നാലോ അഞ്ചോ വയസുള്ള ഒരു കൊച്ചുകുഞ്ഞായി മാറി. ആ കുഞ്ഞിന്റെ കൈപിടിച്ച് ഹരിശ്രീ എഴുതിപ്പിക്കുന്ന സുരേഷിനെ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു ദിവസം പോലും മുടങ്ങാതെ ആ പകര്‍ത്ത് പുസ്തകത്തില്‍ പിടിബി എഴുതിവച്ച ‘തറപറ’ ഞാന്‍ വായിച്ചിട്ടുണ്ട്. ആദ്യ ദിനങ്ങളില്‍ ശിശുസഹജമായ മന്ദഹാസത്തോടെ എല്ലാവരേയും നോക്കി ചിരിക്കുന്ന പിടിബിയെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്. സുരേശാ എന്ന് പതിഞ്ഞ സ്വരത്തില്‍ മകനെ വിളിക്കാന്‍ ശ്രമിക്കുന്നതും എന്റെ മനസിലെ മാഞ്ഞുപോകാത്ത കാഴ്ചയാണ്. പിന്നെ ഞാനും സുരേഷിനെ സുരേശാ എന്ന് വിളിച്ച് തുടങ്ങി. ഇനി അങ്ങനെ വിളിക്കാന്‍ സുരേശനില്ല. വിജ്ഞാനകുതുകിയായ വിപ്ലവകാരി ബാക്കിവച്ചിട്ടുപോയ ഓര്‍മ്മകള്‍ മാത്രം മതിയാകും ഞങ്ങള്‍ക്ക്, പ്രതിജ്ഞ പുതുക്കുവാനും സമരം തുടരുവാനും!