അതിജീവന പോരാട്ടങ്ങളുടെ നാൾവഴികൾ

Web Desk
Posted on November 29, 2019, 8:35 am

കെ കെ ശിവരാമൻ

ടുക്കി ജില്ലയിലെ കര്‍ഷകരുടെ രക്ഷകര്‍ത്താവിന്റെ വേഷം കെട്ടി യുഡിഎഫ് പ്രത്യേകിച്ച് കോണ്‍ഗ്രസ് രണ്ടുമാസമായി സമരത്തിലാണ്. കൃഷിക്കാരുടെ എക്കാലത്തേയും ശത്രുക്കൾ ഇടതുപക്ഷമെന്ന ദുഷ്പ്രചരണ അധര വ്യായാമത്തിലാണിവർ. ജില്ലയിലെ ലക്ഷക്കണക്കിന് കൃഷിക്കാരെ സര്‍ക്കാര്‍ കുടിയിറക്കാന്‍ പോകുന്നുവെന്നുവെന്നാണ് പ്രധാന ആരോപണം. കര്‍ഷകരുടെ ജീവിതം വന്‍ പ്രതിസന്ധിയിലാണെന്നും നിരന്ത­രം പ്രചരിപ്പിക്കുന്നു. എന്താണ് ഈ പ്രചരണത്തിന്റെ അടിസ്ഥാനം? തീര്‍ച്ചയായും ജില്ലയില്‍ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളുണ്ട്. ഒട്ടനവധി വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയ സര്‍ക്കാരാണ് ഇവിടെയുള്ളത്. അതെന്തൊക്കെയാണെന്ന് പരിശോധിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസിന്റെ കര്‍ഷക സ്നേഹത്തിന്റെ ചരിത്രം ഒന്നും പരിശോധിക്കേണ്ടതല്ലേ? അല്‍പ്പം ചരിത്രത്തിലേക്ക് കുടിയേറ്റ ചരിത്രം ജില്ലയിലെ മനുഷ്യവാസത്തിന്റെ ആരംഭമല്ല. സംഘകാലം മുതല്‍ ഇവിടെ കുടിയേറിപ്പാര്‍ത്ത ജനതയെക്കുറിച്ച് തമിഴ് സംഘകാല കൃതിയായ.‘പുറനാനൂരില്‍’ വിശദീകരിക്കുന്നുണ്ട്. മുനിയറകളെന്ന് നാം വിശേഷിപ്പിക്കുന്നവ മൂന്നാറിലെ അഞ്ചുനാടുകളില്‍ താമസിച്ചിരുന്ന പ്രാകൃത മനുഷ്യന്റെ ആവാസകേന്ദ്രങ്ങളാണ്. ജില്ലയിലെ കുടിയേറ്റത്തിന്റെ ചരിത്രം പറയുമ്പോള്‍ ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ കൂടി നമ്മുടെ മനസിലുണ്ടാണം.

തോട്ടക്കൃഷിയിലൂടെ ചരിത്രം ആരംഭിക്കുന്നത് 1800 കളിലാണ്. പൂഞ്ഞാ­ര്‍ രാജവംശത്തിന്റെ അധീനതയിലായിരുന്ന പീരുമേട് പ്രദേശം, 1749 ‑50 കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ ആക്രമിച്ച് കീഴ്പ്പെടുത്തിയെന്ന് ചരിത്രം പറയുന്നു. ആദിവാസികളും അവരില്‍ നിന്ന് വന വിഭവങ്ങള്‍ ശേഖരിക്കാന്‍ വന്ന തമിഴ് കച്ചവടക്കാരും ഇവിടെ ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് ആദ്യം കാപ്പികൃഷിയും പിന്നീട് തേയില കൃഷിയും ആരംഭിച്ചു. 1860 ലാണ് ഈ തോട്ടക്കൃഷി ആരംഭിക്കുന്നത്. തോട്ടങ്ങളില്‍ ജോലി ചെയ്യുന്നതിനായി തമിഴ്‌നാട്ടില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവന്നു. ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ മൂന്നാര്‍ മേഖലയിലും തേയിലക്കൃഷി ആരംഭിച്ചു. കൃഷി ചെയ്യുന്നതിനായി തമിഴ്‌നാട്ടില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവന്നു. 1940 മുതലാണ് ഹൈറേഞ്ചില്‍ കുടിയേറ്റം സജീവമായത്. രണ്ടാം ലോക മഹായുദ്ധം ഉണ്ടാക്കിയ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ രാജാക്കാട്, രാജകുമാരി കൊന്നത്തടി, അടിമാലി, അയ്യപ്പന്‍കോവില്‍, വാഴത്തോപ്പ്, വെള്ളത്തൂവല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കൃഷിക്കാരെ സര്‍ക്കാരുകള്‍ തന്നെ കുടിയിരുത്തി. 1955 ല്‍ കല്ലാര്‍, കാന്തല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ നൂറുകണക്കിന് കൃഷിക്കാരെ കുടിയിരുത്തി. ഇതോടൊപ്പം നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് കൃഷിക്കാര്‍ ഹൈറേഞ്ചിലേക്ക് കുടിയേറി. അതോടൊപ്പം പ്രമാണിമാര്‍ വനം കയ്യേറി വന്‍മരങ്ങള്‍ വെട്ടി വില്‍ക്കാനും തെളിഞ്ഞ പ്രദേശങ്ങള്‍ നാട്ടില്‍ നിന്നും വരുന്ന കൃഷിക്കാര്‍ക്ക് വിറ്റ് പണം സമ്പാദിക്കാനും തുടങ്ങി.

കുടിയേറ്റത്തോടൊപ്പം വനം കയ്യേറ്റവും ചൂഷണവും ശക്തമായി. ഇങ്ങനെ ജീവിതം ആരംഭിച്ച കര്‍ഷകര്‍ക്ക് നേരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വാളെടുക്കാനും തുടങ്ങി. ചരിത്രത്തിലെ ഏറ്റവും വലിയ കുടിയിറക്കായിരുന്നു 1961 മെയ് മാസത്തില്‍ അയ്യപ്പന്‍കോവിലില്‍ ഉണ്ടായത്. ഇവിടെ ആദ്യം സര്‍ക്കാര്‍ തന്നെയാണ് കൃഷിക്കാരെ കുടിയിരുത്തിയത്. പട്ടം താണുപിള്ള മുഖ്യമന്ത്രിയും ആര്‍ ശങ്കറും പി ടി ചാക്കോയും സര്‍ക്കാരിലെ ഏറ്റവും കരുത്തരായ മന്ത്രിമാരുമായിരുന്നു. 3000 ത്തോളം കര്‍ഷക കുടുംബങ്ങളെയാണ് ഇവിടെ നിന്നും കുടിയിറക്കിയത്. ഇങ്ങനെ കോണ്‍ഗ്രസിന്റെ കര്‍ഷക വേട്ട 1961 ല്‍ ആരംഭിച്ചു. കുടിയിറക്കിനെതിരായ പോരാട്ടത്തിന് നെടുനായകത്വം വ­ഹിച്ച ഹൈറേഞ്ചിന്റെ പ്രിയപ്പെട്ട ആശാന്‍ കെ ടി ജേക്കബ്ബ് സമരത്തിന് ശേഷം 1961 ജൂലൈയില്‍ ‘കമ്മ്യൂണിസ്റ്റ്’ എന്ന മാസികയില്‍ എഴുതിയ ‘അമരാവതിയുടെ അനുഭവ പാഠങ്ങള്‍’ എന്ന ദീര്‍ഘലേഖനത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്നുണ്ട്. യാതൊരുവിധ ഒഴിപ്പിക്കലുകളും ഉണ്ടാവില്ലെന്ന കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പാവപ്പെട്ട കൃഷിക്കാര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന സര്‍വ്വസ്വവും മുടക്കിയാണ് കൃഷിയിറക്കിയത്. എന്നാല്‍ 1961 മെയ് രണ്ടു മുതല്‍ ഒഴിപ്പിക്കല്‍ ആരംഭിച്ചു. മെയ് രണ്ടിന് പ്രഭാതത്തില്‍ സായുധരായ വമ്പിച്ച പൊലീസ് വ്യൂഹത്തെയാണ് കര്‍ഷകര്‍ കണികണ്ടത്. അയ്യപ്പന്‍ കോവിലില്‍ പുതുതായി ഒരു പൊലീസ് സ്റ്റേഷനും മജിസ്ട്രേട്ട് കോടതിയും ഉണ്ടായി. ഒരു സ്പെഷ്യല്‍ ആര്‍ഡിഒയെയും നിയമിച്ചു. മെയ് രണ്ടിന് 18 കു­ടിലുകള്‍ പൊലീസ് വെട്ടിപൊളിച്ചു. അത് ഫലപ്രദമാകില്ലെന്ന് മനസിലാക്കിയ പൊലീസ് പിറ്റേദിവസം മുതല്‍ വീടുകള്‍ കത്തിക്കാന്‍ തുടങ്ങി. ദിവസേന നൂറുവീടുകള്‍ വീതം കത്തിക്കുകയെന്നതായിരുന്നു പരിപാടി. പ­ക­­ല്‍ മുഴുവന്‍ തീയും പുകയുമില്ലാതെ മറ്റൊന്നുമില്ല. സ്ത്രീകള്‍ കണ്ണുനീരൊഴുക്കി അലമുറയിട്ട് കരയുന്നു. പുരുഷന്‍മാര്‍ ഭയന്ന് കിടുകിടെ വിറയ്ക്കുന്നു. ‘തുമ്പിക്കൈ വണ്ണത്തിലുള്ള മഴ പെയ്യുകയാണ്. എങ്ങും മഞ്ഞും മഴയും തണുപ്പും തീയും. കുടിയിറക്കുന്നവരെയെല്ലാം പൊലീസ് നിയന്ത്രണത്തിലാക്കി. ആര്‍ഡിഒയുടെ ചീട്ടുലഭിക്കുന്ന സ്ത്രീകളെ മാത്രം ബസില്‍ കയറ്റുന്നു. കോ­ഴി, പട്ടി, ആട് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളും വീട്ടുസാധനങ്ങളും ഉപേക്ഷിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരായി. തുടരെതുടരെയുള്ള ബസുകളില്‍ ദയയില്ലാതെ കയറ്റി അയയ്ക്കുന്ന സ്ത്രീകളെ നോക്കി അവരവരുടെ ഭര്‍ത്താക്കന്മാര്‍ കരയുന്നുണ്ടായിരുന്നു. അവരെ എവിടേയ്ക്കാണ് കൊണ്ടുപോവുന്നതെന്നതിനെപ്പറ്റി അവര്‍ക്ക് യാതൊരുവിധ അറിവും ഉണ്ടായിരുന്നില്ല.

അറുക്കാന്‍ കൊണ്ടുപോവുന്ന കുഞ്ഞാടുകളെപ്പോലെ അവരെ കൊണ്ടുപോയി. അങ്ങനെ അമരാവതിയിലേക്കുള്ള യാത്ര ആരംഭിച്ചു. പണ്ട് ഫറവൊ രാജാവിന്റെ കാലത്ത് ഇസ്രായേല്‍ മക്കളായ അടിമകളെ സീനായി മരുഭൂമിയില്‍ കൂടി അടിച്ചുതെളിച്ചു കൊണ്ടുപോയതുപോലെ എന്നാണ് ആശാന്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മനുഷ്യത്വം ലേശമില്ലാതെ വൃദ്ധരും കൊച്ചുകുഞ്ഞുങ്ങളുമടക്കമുള്ള ജനങ്ങളെ കോരിച്ചൊരിയുന്ന മഴയത്ത് അമരാവതിയില്‍ കൊണ്ടുപോയി റോഡിലേക്ക് തള്ളിവിട്ടത് കോണ്‍ഗ്രസാണെ­ന്ന കാര്യം ജനങ്ങള്‍ മറന്നിട്ടില്ല. അന്നും ഈ കൃഷിക്കാര്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയത് സിപിഐ ആയിരുന്നു. മെയ് 13 ന് ഉടുമ്പന്‍ചോല താലൂക്കില്‍ നടന്ന വമ്പിച്ച കര്‍ഷക യോഗത്തില്‍ സി അച്യുതമേനോന്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തില്‍ സ്വാഗതം പറഞ്ഞത് കോണ്‍ഗ്രസുകാരനായ പി സി മാത്യു ആയിരുന്നു. മാത്യു അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘വിമോചന സമരകാലത്ത് ഇവിടെ വന്ന് പി ടി ചാക്കോ പറഞ്ഞു. ക­മ്മ്യൂണിസ്റ്റ് ഗവ­ണ്‍മെന്റിനെ തവിടുപൊടി ആ­ക്കാത്ത പക്ഷം ഞങ്ങളെയെല്ലാം ഒഴിപ്പിക്കുമെന്ന് ഞങ്ങളെ വിശ്വസിപ്പിച്ചു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ ഞങ്ങള്‍ ചെയ്യാത്തതൊന്നുമില്ല. അച്യുതമേനോന്‍ മന്ത്രിയായിരിക്കുമ്പോ­ള്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തോട് കഠിനമായ വെറുപ്പും വിദ്വേഷവുമുണ്ടായിരുന്നു. അദ്ദേഹം പാവപ്പെ­ട്ടവരുടെ കുടിലുകള്‍ കത്തിക്കാന്‍ പൊലീസിനെ അയിച്ചിട്ടില്ല’ എന്നാണ് പറഞ്ഞത്. ഗ­വണ്‍മെന്റ് ഒഴിപ്പിക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ സമരത്തിന് ആഹ്വാനം ചെയ്തു. വന്‍ തുക കൃഷിക്കാരില്‍ നിന്നും പിരിച്ചെടുക്കുകയും ചെയ്തു. പക്ഷേ പിന്നീട് ഒറ്റ നേ­താവിനെയും കണ്ടിട്ടില്ല. കോണ്‍ഗ്രസിന്റെ കര്‍ഷക സ്നേഹത്തിന് ഇതില്‍പ്പരം ഒരു തെളിവ് ആവശ്യമുണ്ടോ? കൃഷിക്കാരില്‍ നിന്നും പിരിച്ച പതിനായിരക്കണക്കിന് കാശുമായി ആ നേതാക്കന്‍മാര്‍ മുങ്ങി. സിപിഐ ആണ് കര്‍ഷകര്‍ക്ക് വേണ്ടിയുള്ള സമരത്തിന് നേതൃത്വം നല്‍കിയത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം എന്‍ ഗോവിനന്ദന്‍ നായര്‍, അച്യുതമേനോന്‍, കെടി ജേക്കബ്ബ്, പന്തളം പി ആര്‍ മാധവന്‍പിള്ള, ജേ­ക്കബ്ബ് പണിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനം രൂപപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഈ മൃഗീയ നടപടിക്കെതിരെ കേരളമാകെ ഉണര്‍ന്നു. ലോക്‌സഭയി­ലെ സിപിഐ കക്ഷി നേതാവ് എ കെ ജി ജൂണ്‍ ഒന്നിന് അമാരാവതിയിലും അയ്യപ്പന്‍ കോവിലും സന്ദര്‍ശിച്ചു. ജൂണ്‍ ആറു മുതല്‍ അമാരാവതിയില്‍ നിരാഹാരം ആരംഭിക്കുമെന്ന് എ­കെജി പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ നേതാവായിരുന്ന ഫാദര്‍ വടക്കന്‍ എ­കെജിയുടെ നിരാഹാര പന്തലില്‍ എത്തി പിന്തുണ പ്രഖ്യാപിച്ചു. കേരളമാകെ ഇളകി മറിഞ്ഞു.

വിജയകരമായി സമരം അവസാനിച്ചു. കര്‍ഷകര്‍ക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖമെന്തെന്ന് 1961 ല്‍ തന്നെ ഹൈറേഞ്ചിലെ മനുഷ്യര്‍ തിരിച്ചറിഞ്ഞു. ഹൈറേഞ്ചിലെ കൃഷിക്കാര്‍ അനുഭവിക്കുന്ന ദുരിതപൂര്‍ണ്ണമായ അവസ്ഥ പാര്‍ലമെന്റില്‍ പി കെ വി വിവരിച്ചു. തുടര്‍ന്ന് മാത്യു മണിയങ്ങാടന്‍, പി കെ വി, ചെറിയാന്‍ ജെ കാപ്പന്‍ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയെ പാര്‍ലമെന്റ് നിയോഗിച്ചു. ഇവര്‍ ഹൈറേഞ്ചിലാകെ സഞ്ചരിച്ച് കുടിയിറക്കുമൂലം കൃഷിക്കാര്‍ അനുഭവിക്കുന്ന ക്ലേശങ്ങളും അവരുടെ ജീവിതാവസ്ഥകളും മനസിലാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. എല്ലാ കുടിയിറക്കുകളും നിര്‍ത്തി വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. എ­ന്നാല്‍ കുടിയിറക്ക് പിന്നെയും തുടര്‍ന്നു. ആര്‍ ശങ്കര്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ 1964ല്‍ വീണ്ടും കുടിയിറക്കുണ്ടായി. ചുരുളി, കീരിത്തോട് സ്ഥലങ്ങളിലായിരുന്നു അത്. ഇതിനെതിരായ സമരത്തിനും നേതൃത്വം നല്‍കിയത് സിപിഐ ആണ്. കരുണാകരന്‍ മുഖ്യമന്ത്രിയായി ഭരണം നടത്തുമ്പോള്‍ പാവപ്പെട്ട കര്‍ഷകരെ കുടിയിറക്കി തെരുവിലേക്ക് വലിച്ചെറിഞ്ഞു. ഹൈറേഞ്ചിലെ കോണ്‍ഗ്രസിന്റെ ചരിത്രം കര്‍ഷക വഞ്ചനയുടേയും ദ്രോഹത്തിന്റെയും ചരിത്രമാണ്. (അവസാനിക്കുന്നില്ല)