19 April 2024, Friday

Related news

April 2, 2024
April 1, 2024
March 20, 2024
December 26, 2023
December 24, 2023
December 17, 2023
September 13, 2023
September 11, 2023
August 17, 2023
May 28, 2023

കലാകാരന്മാരുടെ ദുരിത ജീവിതത്തിന്റെ നേർക്കാഴ്ചയുമായി അതിജീവന നാടകയാത്ര

Janayugom Webdesk
പൂച്ചാക്കല്‍
October 18, 2021 6:03 pm

കലാകാരന്മാരുടെ ദുരിത ജീവിതത്തിന്റെ നേർക്കാഴ്ചയുമായി അതിജീവന നാടകയാത്ര. നാടിനൊരു കണ്ണീരുണ്ടായാൽ അത് നാടകം കൊണ്ട് തുടച്ചു നീക്കുന്നവരാണ് നാടകക്കാർ. ഭരണ കുടവീഴ്ച്ചകളെ വിമർശിച്ചും നന്മകളെ പ്രകീർത്തിച്ചും രംഗഭാഷയിലുടെ സമൂഹത്തോട് ഏറ്റവും അടുത്തു നിൽക്കുന്നവർ. എന്നാൽ, നാടകക്കാരുടെ കണ്ണീർ നാടും ഭരണകൂടവും കാണേണ്ടതല്ലേ ?. ഈ ചോദ്യമാണ് മലയാള പ്രൊഫഷണൽ നാടക നടീനടന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും സംഘടനയായ അരങ്ങും അണിയറയും നേതൃത്വം നൽകുന്ന അതിജീവനനാടകയാത്ര ബ്ലാക്ക് ഔട്ട് എന്ന 45 മിനിറ്റ് ദൈർഘ്യമുള്ള നാടകത്തിലൂടെ ഉന്നയിക്കുന്നത്. കോവിഡ് വിവിധ മേഖലയ്ക്കൊപ്പം രംഗകലയുടെ അരങ്ങിന്റ പ്രകാശവും അണച്ചു.

താഴ്ന്ന യവനികയ്ക്കു പിന്നിലിന്ന് വേദികളിൽ നിറഞ്ഞാടിയ ആയിരക്കണക്കിന് കലാകാരന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും കണ്ണിരിൽ കുതിർന്ന ദുരിതകഥകൾ നിറഞ്ഞാടുന്നു. ഈ യാഥാർത്ഥ്യം സമൂഹത്തിനെയും ഭരണകൂടത്തിനെയും തുറന്നു കാട്ടുകയാണ് ബ്ലാക്ക് ഔട്ട് എന്ന തെരുവുനാടകം. ഒപ്പം തങ്ങളെ കാത്തിരിക്കുന്ന വേഷങ്ങളും അതിന്റെ പകർച്ച കണ്ടാസ്വദിക്കുന്ന പ്രേക്ഷകരെയും സ്വപ്നം കാണുന്ന ഇവർക്ക് ഇന്നല്ലെങ്കിൽ നാളെ യവനിക ഉയരുമെന്നും അതുവഴി തങ്ങളുടെ ജീവിതം മെച്ചപ്പെടുമെന്ന പ്രതീക്ഷയുമുണ്ട്. നാടക കലാകാരന്മാരുടെ ദുരിതങ്ങൾമാത്രമല്ല, സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള ആക്രമണം, മതസൗഹാർദ്ദം, കർഷകന്റെ ശ്രേഷ്ഠത, കർഷക സമരത്തിനു നേരേയുള്ള ആക്രമണം, കോവിഡ്, തുടങ്ങിയ സാമൂഹ്യ വിഷയങ്ങളിലേയ്ക്കും നാടകം വിരൽ ചൂണ്ടുന്നു.

പ്രതിഭാധനന്മാരായ സുരേഷ് ബാബു ശ്രീസ്ഥ രചനയും, മനോജ് നാരായണൻ രംഗഭാഷയും ഒരുക്കി സിനിമാ-സീരിയൽ നടൻ ശിവജി ഗുരുവായൂർ കേന്ദ്രകഥാപാത്രമായ് അഭിനയിക്കുന്ന നാടകത്തിൽ കൃഷ്ണൻ വടശ്ശേരി, വിജയൻ ചാത്തന്നൂർ, സുധീർ ബാബു, ബിജു രാജഗിരി, പ്രശാന്ത് ജി കുറുപ്പ്, ദിനേശ്കുറ്റിക്കൽ, മഹേഷ് മാടായി, ഉണ്ണിക്കൃഷ്ണൻ എടപ്പാൾ, സൂര്യ ലാൽ, ഉഷ ചന്ദ്രബാബു, പ്രേമ വണ്ടൂർ, ചന്ദ്രേഷ് പറവൂർ തുടങ്ങിയ പ്രഫഷണൽ നാടകരംഗത്തെ കലാകാരന്മാർ അഭിനയിക്കുന്നു. 13ന് കാസർകോഡ് മണിയാട്ട് സിനിമ സംവിധായകൻ രഞ്ജിത്ത് ജാഥ ഉദ്ഘാടനം ചെയ്തു.

സാംസ്കാരിക- നാടക പ്രവർത്തകരായ ആലങ്കോട് ലീലാകൃഷ്ണൻ, ഹേമന്ത് കുമാർ, ഫ്രാൻസിസ് ടി മാവേലിക്കര തുടങ്ങിയവരുടെ ആശിർവാദത്തോടെ വിവിധ ജില്ലകളിൽ പര്യടനം നടത്തിയ യാത്രയ്ക്ക് ഇന്ന് പൂച്ചാക്കലിൽ നാടക പ്രേമികളുടെ സംഘടനയായ മാനവീയവും വിവിധ സാംസ്ക്കാരിക സംഘടനകളും യാത്രയ്ക്ക് ഗംഭീര സ്വീകരണം നൽകി. സമ്മേളനം സംഗീതസംവിധായകൻ ആലപ്പി ഋഷികേശ് ഉദ്ഘാടനം ചെയ്തു. ഗിരീഷ് അദ്ധ്യക്ഷനായി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് പി എം പ്രമോദ്, പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധധ്യസന്തോഷ്, സി പി വിനോദ് കുമാർ, പൂച്ചാക്കൽ ഷാഹുൽ തുടങ്ങിയവർ സംസാരിച്ചു.

യാത്ര 19 ന് തിരുവനന്തപുരത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം സൂര്യാ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.