ബോളിവുഡ് യുവതാരം സുശാന്ത് സിങ്ങിന്റെ മരണം വിഷബാധയേറ്റല്ലെന്ന് ഫോറൻസിക് റിപ്പോര്‍ട്ട്. വിഷബാധയാണോ മരണകാരണം എന്നറിയാൻ സെപ്റ്റംബര്‍ ഏഴിന് എയിംസിലെ ഫോറൻസിക് സംഘം സുശാന്തിന്റെ ആന്തരാവയവങ്ങള്‍ രാസപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സ്വകാര്യ ആശുപത്രിയിലെ സുശാന്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എയിംസിലെ ഫോറൻസിക് സംഘം വീണ്ടും പുനഃപരിശോധിക്കും. മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അന്തിമ നിര്ണയത്തിലെത്തുന്നതിന് മുന്‍പ് ഫോറൻസിക് റിപ്പോര്‍ട്ടിലെ നിയമപരമായ വശങ്ങള് കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് എയിംസിലെ ഫോറൻസിക് സംഘം മേധാവി ഡോ സുധീര്‍ ഗുപ്ത പറഞ്ഞു.
തിങ്കളാഴ്ച സിബിഎയുടെ നിര്‍ദേശപ്രകാരം അഞ്ച് ഡോക്ടര്‍മാരടങ്ങുന്ന പ്രത്യേക സംഘം സുശാന്തിന്റെ മുംബൈയിലെ ബാന്ദ്രയിലുള്ള ഫ്ലാറ്റില്‍ ഫോറൻസിക് പരിശോധന നടത്തിയിരുന്നു. അതേസമയം സുശാന്തിന്റെ മരണത്തിലെ ദുരൂഹതയില്‍ കൊലപാതക സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് സിബിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സുശാന്ത് ആത്മഹത്യ ചെയ്തതല്ലെന്നും അദ്ദേഹത്തെ കഴുത്തുഞെരിച്ച് കൊന്നതാണെന്നുമുള്ള കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്ന് സിബിഐ വ്യക്തമാക്കുന്നത്. സുശാന്ത് സിംഗിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് ഡോക്ടര്‍ തന്നോട് പറഞ്ഞതായി നടന്റെ കുടുംബ അഭിഭാഷകൻ വികാസ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം വികാസ് സിങ്ങിന്റെ വാദങ്ങളെ തള്ളി സുധീര്‍ ഗുപ്ത രംഗത്ത് വന്നു. ഇത്തരത്തിലുള്ള ഒരു നിഗമനവും സിബിഐക്ക് കൈമാറിയിട്ടില്ലെന്നും ചിത്രങ്ങള്‍ കണ്ട് മാത്രം മരണകാരണം ഉറപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
English summary:sushanth singh rajput’s forensic report story
You may also like this video: