സുഷമ ഒരു അധ്യായം

Web Desk
Posted on August 07, 2019, 10:31 pm

ഉമാഭാരതി, കെ പി ശശികല, പ്രഞ്ജാ സിങ് താക്കൂര്‍… ഈ കൂട്ടത്തില്‍ ഒരാളായി സുഷമ സ്വരാജിനെ വിലയിരുത്താന്‍ ആഗ്രഹിക്കുന്നില്ല. ചിന്തകളുടെ ചില ഓരത്ത് ഒളിഞ്ഞുകിടക്കുന്ന സോഷ്യലിസ്റ്റ് ആശയങ്ങളെ പാടെ സംഘപരിവാരത്തില്‍ തളച്ചിടാന്‍ അറിഞ്ഞോ അറിയാതെയോ കഴിയാതെപോയ വനിതാ നേതാവായാണ് സുഷമ സ്വരാജിനെ കാണാനാവുക. അകപ്പെട്ടുപോയതിന്റെ ആത്മാര്‍ഥതയില്‍ ചെയ്തും പറഞ്ഞും പോയ പലതിനെയും ന്യായീകരിക്കാനുമാവില്ല. സംഘകൂടാരത്തിനുള്ളില്‍ മോഡിയിസത്തെ പച്ചയ്ക്ക് എതിര്‍ത്തവരുടെ കൂട്ടത്തില്‍ ഒരു നേതാവെന്ന പരിഗണനയല്ല ഇത്. വിരളമായി കണ്ട മനുഷ്യമുഖം; പ്രത്യേക സാഹചര്യങ്ങളില്‍ സാധാരണക്കാരന്റെ കണ്ണീരിന് പരിഹാരം വേണമെന്ന് ആഗ്രഹിച്ച ഒരു നേതാവ്. സുഷമ സ്വരാജ് എന്ന ആ അധ്യായം അടച്ചുവയ്ക്കുന്നത് അഭിവാദനങ്ങളോടെയാവട്ടെ.

‘ഞങ്ങള്‍ വര്‍ഗീയവാദികളാണ്, കാരണം വന്ദേമാതരം പാടണമെന്ന് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. ഞങ്ങള്‍ വര്‍ഗീയവാദികളാണ്, കാരണം ഞങ്ങള്‍ക്ക് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണം, ഞങ്ങള്‍ വര്‍ഗീയവാദികളാണ്, അതെ, ഞങ്ങള്‍ വര്‍ഗീയവാദികളാണ്, കാരണം രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ വര്‍ഗീയവാദികളാണ് കാരണം കശ്മീര്‍ അഭയാര്‍ഥികളുടെ ശബ്ദം ഉയര്‍ന്നുകേള്‍ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു’- സുഷമ സ്വരാജ് 1996ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ചര്‍ച്ചയില്‍ പറഞ്ഞപോയതാണിത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കപ്പെട്ടതോടെ തന്റെ ആഗ്രഹം നിറവേറിയ സന്തോഷം പങ്കുവച്ച് വൈകാതെയായിരുന്നു സുഷമാ സ്വരാജിന്റെ മരണം. ഒരേ സമയം ആശ്രയിച്ച ആശയവും ആദ്യമനുഭവിച്ച മാനവിക ചിന്തയും കോര്‍ത്തിണക്കുകയായിരുന്നു ഈ ആര്‍എസ്എസുകാരി.
നരേന്ദ്ര മോഡി എന്ന സങ്കല്‍പ്പം ഒരുവേള കോര്‍പറേറ്റുകളാല്‍ സൃഷ്ടിക്കപ്പെട്ടതായിരുന്നു. അടല്‍ ബിഹാരി വാജ്‌പേയ്ക്കും ലാല്‍കൃഷ്ണ അഡ്വാനിക്കും ശേഷം ഒരു ആര്‍എസ്എസ് പ്രധാനമന്ത്രി എന്നത് സംഘപരിവാര്‍ ലക്ഷ്യമായിരുന്നു. അവിടെ അവര്‍ പ്രതീക്ഷിച്ചതും സങ്കല്‍പ്പിച്ചതും സുഷമ സ്വരാജ് എന്ന സൗമ്യമുഖത്തെയാണ്. ആര്‍എസ്എസ് ആശയങ്ങളെ അതിന്റെ വ്യാപ്തിയിലും ആഴത്തിലും നടപ്പിലാക്കുവാന്‍ ഒരുപക്ഷെ സുഷമയിലൂടെ കഴിയുമെന്നതായിരുന്നു അവരുടെ പ്രത്യാശ. എന്നാല്‍ സംഘപരിവാറിനെ കീഴ്‌പ്പെടുത്തി 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവും പരിപാടികളും കോര്‍പറേറ്റു കമ്പനികള്‍ നരേന്ദ്ര മോഡിക്കുവേണ്ടി തയ്യാറാക്കി. ഗ്രാമങ്ങളില്‍ പട്ടിണികിടക്കുന്നവരെയും നഷ്ടം പെരുകി മരണം സ്വപ്‌നം കണ്ട കര്‍ഷകരെയും മാന്യമായ തൊഴില്‍ ലക്ഷ്യമിട്ട യുവാക്കളെയും നഗ്നമായി കബളിപ്പിച്ച് കോര്‍പറേറ്റുകള്‍ മോഡിക്കുവേണ്ടി കുഴലൂതി. സംഘപരിവാറിന്റെ ഭരണം മുന്നില്‍ കണ്ട് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരും നേതാക്കളും ആഞ്ഞുപിടിച്ചു. പുതുമയില്‍ ആകൃഷ്ടരായ ഇന്ത്യന്‍ ജനതയുടെ 31.0 ശതമാനം ബിജെപി മുന്നണിക്ക് വോട്ടുചെയ്തു. നരേന്ദ്ര മോഡിയാണ് അധികാരക്കസേരയിലേയ്ക്കിരുന്നത്. മോഡിയുടെ ആ വരവിനെ തുറന്നെതിര്‍ത്ത ആര്‍എസ്എസുകാരില്‍ പ്രധാനിയായിരുന്നു സുഷമ സ്വരാജ്.
അഡ്വാനിക്കുശേഷം ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ സുഷമ സ്വരാജിന്റെ ഇടപെടലുകള്‍ മോഡിയുഗാരംഭത്തിനു മുമ്പേ രചിക്കപ്പെട്ട സംഘപരിവാറിന്റെ മറ്റൊരു ചരിത്രമാണ്. ജനാധിപത്യ വേദിയിലെ മര്യാദകളും മാന്യതകളും ഭരണകൂടത്തില്‍ നിന്നുണ്ടായതിന്റെ പ്രതിഫലനമായേക്കാം ഒരുപക്ഷെ ആ ഒരു കാലഘട്ടം. പലപ്പോഴും ആര്‍എസ്എസുകാരിയാണെന്ന് സഭയില്‍ എടുത്തുകാട്ടിയിട്ടുണ്ടെങ്കിലും വെറുപ്പിന്റേതായിരുന്നില്ല ആ കാലം. അതുകൊണ്ടുതന്നെ സുഷമ സുശക്തയാണെന്ന തിരിച്ചറിവാണ് നരേന്ദ്ര മോഡിക്കുണ്ടായത്. ഒന്നാം മോഡി സര്‍ക്കാരിന്റെ വിദേശകാര്യ ചുമതല അക്കാരണത്താലാണ്. സുഷമയെ ഒഴിവാക്കിയുള്ള കേന്ദ്ര മന്ത്രിസഭ അന്ന് നരേന്ദ്രമോഡിക്ക് അസാധ്യമായിരുന്നു. അതിനുപിന്നിലും ഒന്നാംതരം കോര്‍പ്പറേറ്റ് ബുദ്ധിതന്നെയെന്നുവേണം പറയാന്‍. മോഡിയോടൊപ്പവും അഡ്വാനിക്കൊപ്പവും സംഘപരിവാറുകാര്‍ പക്ഷം ചേര്‍ന്നപ്പോള്‍ തീവ്രഹിന്ദു രാഷ്ട്രീയത്തില്‍ നിന്നും അകലംപാലിച്ച സുഷമ സ്വരാജ് അന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അഡ്വാനിക്കൊപ്പം നിലയുറപ്പിച്ചു. ഒപ്പം തന്നിലര്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രിയുടെ ചില ഇടപെടലുകളും തീരുമാനങ്ങളും തീവ്രഹിന്ദുത്വവാദികളെ അസ്വസ്ഥരാക്കിയിരുന്നു.
ഇന്ത്യന്‍ യുവാവിനെ വിവാഹം ചെയ്ത യമന്‍ സ്വദേശിനിയായ യുവതിക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചതും യുപിയില്‍ മുസ്‌ലിം യുവാവിനെ വിവാഹം ചെയ്ത ഹിന്ദു യുവതിക്ക് പാസ്പോര്‍ട്ട് അനുവദിക്കാത്ത ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ ഇടപെട്ടതും സംഘപരിവാറിന്റെ വിമര്‍ശനങ്ങള്‍ക്കും സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കും വിധേയയാക്കി. പാക് സ്വദേശിയായ യുവതിക്ക് ഇന്ത്യയില്‍ ഹൃദയശസ്ത്രക്രിയ നടത്താന്‍ ഒരു വര്‍ഷത്തെ മെഡിക്കല്‍ വിസ അനുവദിച്ചതും മറ്റു രണ്ട് പാക് സ്വദേശികള്‍ക്ക് ഇന്ത്യയില്‍ ഹൃദയ ശസ്ത്രക്രിയക്കായി അവസരം ഒരുക്കിയതും ശ്രദ്ധിക്കപ്പെട്ടു. വനിതകള്‍ക്കുവേണ്ടി നടത്തിയ സുഷമയുടെ വാദമുഖങ്ങളും വിസ്മരിക്കപ്പെടാനാവാത്തതാണ്. രാഷ്ട്രീയ സ്വയംസേവക് സംഘിനെ വര്‍ഗീയ ജാതീയ വിദ്വേഷ സംഘമാക്കി മോഡിയുടെ കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ കലാപങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ പക്ഷെ, സുഷമയിലെ ആര്‍എസ്എസുകാരി മൗനം പാലിക്കുകയും ചെയ്തു.