സുഷമ സ്വരാജിന് വിട

Web Desk
Posted on August 07, 2019, 5:06 pm

ന്യൂഡല്‍ഹി: ഇന്നലെ രാത്രി അന്തരിച്ച മുന്‍ വിദേശകാര്യവകുപ്പ് മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ മൃതദേഹം ആയിരങ്ങളെ സാക്ഷിയാക്കി ലോധി റോഡ് വൈദ്യുതി ശ്മശാനത്തില്‍ പൂര്‍ണ്ണഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ലോകരാഷ്ട്രങ്ങളുടെ പ്രതിനിധികളും രാജ്യത്തെ പ്രമുഖ ഭരണ രാഷ്ട്രീയ നേതാക്കളും സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ചു.

ചൊവ്വാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിര്യാതയായ സുഷമസ്വരാജിന്റെ മൃതദേഹം ഇന്ന് രാവിലെ 11 വരെ വസതിയിലും തുടര്‍ന്ന് ബിജെപി ആസ്ഥാനത്തും പൊതുദര്‍ശനത്തിന് വച്ച ശേഷമായിരുന്നു വിലാപയാത്ര ആരംഭിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, എംപിമാര്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബിഎസ്പി നേതാവ് മായാവതി, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, വിവേക് ഒബ്രോയി, ഡല്‍ഹി ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, വിവിധ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികള്‍ തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചവരില്‍ ഉള്‍പ്പെടും.
നിരവധി ലോകനേതാക്കള്‍ സുഷമയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.