കൊച്ചി കോര്‍പറേഷന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സി എം സുലൈമാനെ സസ്‌പെന്റു ചെയ്തു

Web Desk
Posted on June 27, 2019, 5:34 pm

കൊച്ചി: നിര്‍മാണ അനുമതി ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ അകാരണമായി വെച്ചു താമസിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് കൊച്ചി കോര്‍പറേഷന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സി എം സുലൈമാനെ തദ്ദേശ സ്വയംഭരണ വകുപ്പ് സസ്‌പെന്റു ചെയ്തു.വി ഐ ബേബി ഈ മാസം 21 ന് സമര്‍പ്പിച്ച പരാതിയിലാണ് സര്‍ക്കാര്‍ നടപടിയുണ്ടായിരിക്കുന്നത്. കൊച്ചി നഗരസഭാ പരിധിയില്‍ പെടുന്ന 67ാം ഡിവിഷനില്‍ എറണാകുളം വില്ലേജില്‍പ്പെട്ട 154/3,155/30 എന്ന സര്‍വേ നമ്പറില്‍പെട്ട് സ്ഥലത്ത് നിര്‍മാണ അനുമതിക്കായി 2018 ആഗസ്ത് ഒന്നിനാണ് അപേക്ഷ സമര്‍പ്പിക്കുന്നത്.

എന്നാല്‍ ഈ അപേക്ഷയില്‍ നടപടിയെടുക്കാതെ അകാരണമായി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സി എം സുലൈമാന്‍ കാലതാമസം വരുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ബേബി സര്‍ക്കാരിന് പരാതി നല്‍കുകയായിരുന്നു. 1999 ലെ കേരള മുനിസിപാലിറ്റി ബില്‍ഡിംഗ് ചട്ടങ്ങള്‍ പ്രകാരം ഇത്തരം അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്നിരിക്കേ ഏകദേശം 10 മാസം കഴിഞ്ഞിട്ടും സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഈ അപേക്ഷ അടങ്ങിയ ഫയലില്‍ തീരുമാനമെടുക്കാതെ കൈവശം വെച്ച് കാല താമസം വരുത്തിയതായി സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.കാലതാമസം വരുത്തിയത് സംബന്ധിച്ച് ബേബി പരാതി നല്‍കിയതായി അറിഞ്ഞതോടെ ഫയലില്‍ തീയതികള്‍ തിരുത്തിയതായി വ്യക്തമായെന്നും അഡീഷണല്‍ സെക്രട്ടറി മിനിമോള്‍ എബ്രാഹത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

കോര്‍പറേഷന്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ തലവനും ഉന്നത ഉദ്യോഗസ്ഥനുമായ സി എം സുലൈമാന്റെ നടപടി അഴിമതിയും ഗുരുതരമായ അച്ചടക്ക ലംഘനവും കൃത്യവിലോപവുമാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റു ചെയ്തതായും ഉത്തരവില്‍ വ്യക്തമാക്കുന്നു.എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ എച്ച് ടൈറ്റസിന് സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ പുര്‍ണമായ അധിക ചുമതല നല്‍കിയതായും അഡീഷണല്‍ സെക്രട്ടറി മിനിമോള്‍ എബ്രാഹം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.