Web Desk

August 01, 2021, 4:45 pm

“സസ്പെൻഡഡ്‌” നമ്മുടെ തൊട്ടടുത്ത രാജ്യമായ നേപ്പാൾ വരെയെത്തി, നമ്മൾ ഇനി എപ്പോഴാണ്‌ ഇത്‌ പരീക്ഷിക്കുന്നത്‌?

Janayugom Online

ഇന്ത്യ ഇനിയും പരീക്ഷിക്കേണ്ടിയിരിക്കുന്ന നന്മയുടെ ഒരു വശമാണ് നാമിനിയും അറിയേണ്ടിയിരിക്കുന്നത്. ‘സസ്പെന്‍ഡഡ്’ എന്ന വാക്കിന് മറ്റ് രാജ്യങ്ങളില്‍ ഇപ്പോള്‍ നന്മയുടെ കൂടി ഒരര്‍ത്ഥമുണ്ടെന്ന് അനസ് കൂടരഞ്ഞി പറയുന്നു. നേപ്പാള്‍ വരെയെത്തിയ സസ്പെന്‍ഡഡിനെ നമുക്കും അറിയാം ‚പരീക്ഷിക്കാം.. അനസ് കൂടരഞ്ഞിയുടെ വാക്കുകളിലേക്ക്.

അനസ് കൂടരഞ്ഞി എഴുതുന്നു…

കഴിഞ്ഞ ദിവസം തിരക്കിട്ട് കട അടയ്ക്കുന്നതിനിടെയാണ് സംഭവം.

മുൻപരിചയമില്ലാത്ത ഒരാൾ കാറിൽ വന്നിറങ്ങി , വിശപ്പ് മാറ്റാൻ പറ്റിയ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു.

ബിസ്ക്കറ്റ്,നട്ട്സ് ചോക്ലേറ്റ്സ്, ഡേറ്റ്സ്.…. ഞാൻ പറഞ്ഞു.

അദ്ദേഹം കുറെയധികം സാധനങ്ങൾ വാങ്ങി വാഹനത്തിൽ കയറി പണം തരാതെ ഇപ്പോൾ വരാമെന്നു പറഞ്ഞു പോയി.

ഞാൻ കുറച്ചുനേരം കാത്തിരുന്നു.

7 മണിക്ക് കട അടക്കേണ്ടതിനാൽ പോലീസ് റോന്ത് ചുറ്റുന്നുണ്ടായിരുന്നു. കടയടച്ച് വീട്ടിലേക്ക് വന്നു.

നാണക്കേട് ഭയന്ന് കഥ വീട്ടുകാരോട് പറഞ്ഞില്ല.

പറയാത്തതിന് കാരണമുണ്ട്, സൗദിയിൽ ആയിരുന്നപ്പോൾ ഇതുപോലെ ഇടയ്ക്കിടയ്ക്ക് ഓരോന്ന് സംഭവിക്കാറുണ്ട്.

പിറ്റേന്ന് , രാവിലെ കട തുറന്നപ്പോൾ ഷട്ടറിനടിയിലൂടെ ഉള്ളിലേക്ക് തിരുകിയ രീതിയിൽ 3000 രൂപയും അദ്ദേഹത്തിന്റെ നമ്പറും.

ബിൽ തുകയുടെ ബാക്കി നൽകാൻ അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പർ ചോദിച്ചു വിളിച്ചു…വളരെ രസകരമായിരുന്നു അദ്ദേഹത്തിന്റെ സംസാരം. കാര്യങ്ങൾ അന്വേഷിച്ചപ്പോൾ എന്നോടായ് ആ കഥ പറഞ്ഞു.

വയനാട്ടിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മഞ്ചേരിയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ എടിഎമ്മിൽ പണമെടുക്കാൻ കയറിയപ്പോൾ, ഭിക്ഷക്കാരൻ എന്ന് തോന്നിക്കുന്ന ഒരാൾ ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായി എന്ന് പറഞ്ഞപ്പോൾ, ബന്ധുവീട്ടിൽ നിന്ന് തന്ന പാർസൽ പൊതിയിൽ ഒന്ന് അയാൾക്ക് കൊടുത്തു.

കൊറോണ കൂടുതൽ ബാധിച്ചത് ഞങ്ങളെ പോലുള്ളവരെ ആണെന്നും എന്നെ പോലെ ഒരുപാട് പേർ ഇതുപോലെ കടത്തിണ്ണകളിൽ പല സ്ഥലത്തായി കിടന്നുറങ്ങുന്നു എന്നും അറിഞ്ഞതിനാൽ ഉണ്ടായിരുന്ന ഭക്ഷണ പൊതികൾ അവർക്ക് വീതിച്ചു കൊടുത്തു.

ബസ്സ്സ്റ്റാൻഡ് പരിസരത്ത് കുറച്ചുകൂടി ആളുകളെ കണ്ടതുകൊണ്ട് അവർക്കുകൂടി എന്തെങ്കിലും കൊടുക്കാം എന്ന് കരുതി ഹോട്ടലിൽ പോയപ്പോൾ, ഞായറാഴ്ച ആയതിനാൽ ഭക്ഷണം നേരത്തേ തീർന്നു പോയിരുന്നു.

അവർക്ക് നൽകാൻ ആയിരുന്നു ഞാൻ സാധനം വാങ്ങിച്ചത്. കൈക്കുഞ്ഞ് അടങ്ങുന്ന ഒരു സംഘം അവിടെ ഉണ്ടായിരുന്നു. എത്രയും പെട്ടെന്ന് അവർക്ക് എന്തെങ്കിലും എത്തിച്ചു കൊടുക്കാം എന്ന് കരുതിയാണ് തിരക്കിട്ട് പോയത്. തിരികെ വന്നപ്പോൾ കട അടഞ്ഞ് കിടക്കുന്നതാണ് കണ്ടത്.

അദ്ദേഹത്തിന്റെ മനസ്സിലെ നന്മയുടെ വലിയ ലോകത്തെക്കുറിച്ചറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി, ഞാൻ പറഞ്ഞു.. എനിക്ക് പെയ്മെന്റ് പകുതി മതി സാർ ബാക്കി താങ്കളുടെ അക്കൗണ്ടിലേക്ക് തിരികെ അയക്കാം.

അദ്ദേഹത്തിന്റെ മറുപടി വളരെ കൗതുകമുണർത്തി… നിങ്ങൾക്ക് അങ്ങനെ താല്പര്യമുണ്ടെങ്കിൽ ഇന്നത്തെ ദിവസം അവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുക…

അന്നേ ദിവസം കടയടച്ചതിനു ശേഷം ഞാനും എന്റെ മോളും ഭക്ഷണപ്പൊതികളും, ചോക്ലേറ്റ്കളും അവരിലേക്ക് എത്തിച്ചുകൊടുത്തു..

തകർത്തുപെയ്യുന്ന കർക്കിടക മഴയിൽ തണുത്ത് വിറച്ച് ഉറങ്ങുന്ന കുറെയേറെ ജന്മങ്ങൾ.…

ചോക്ലേറ്റ് കൊടുക്കണമെന്ന്, കുക്കു മോൾക്ക് നിർബന്ധമായിരുന്നു.

വെല്യാപ്പിച്ചിയുടെ പ്രായമുള്ള ഒരുപാട് ആളുകൾ ഇല്ലേ.… അവർക്ക് പുതപ്പും കൂടി കൊടുക്കണമെന്ന മോളുടെ ആഗ്രഹം കൂടി നിറവേറ്റിയപ്പോൾ ജീവിതത്തിൽ ഇന്നോളം അനുഭവിക്കാത്ത നിർവൃതി എന്നെ പൊതിഞ്ഞു… മനസ്സ് കുളിർത്തു.

അടുത്തകാലത്തായി പാശ്ചാത്യരാജ്യങ്ങളിൽ ഏറെ പ്രചാരം നേടിയ “സസ്പെൻഡ്” രീതി നമ്മളും ആലോചിക്കേണ്ടിയിരിക്കുന്നു..

അജ്ഞാതരായ പാവങ്ങളെ അവരുടെ മുഖം പോലും അറിയാതെ സഹായിക്കുന്ന

ഒരുതരം മനുഷ്യത്വമാണ് ഇത്.

ഒരു സ്ത്രീ നോർ‌വേയിലെ ഒരു റെസ്റ്റോറന്റ് കൗണ്ടറിൽ‌ പണം നൽകി പറഞ്ഞു

“അഞ്ച് കോഫി, രണ്ട് സസ്പെൻഡഡ്‌“അഞ്ച് കോഫികൾക്ക് പണം നൽകുന്നു

മൂന്ന് കപ്പ് കാപ്പി കൊണ്ടുപോയി. മറ്റൊരാൾ വന്നു പറഞ്ഞു

“പത്ത് കോഫി, അഞ്ച് സസ്പെൻഡഡ്”,

പത്തിന് പണം നൽകി അഞ്ച് കോഫികൾ കൊണ്ടു പോയി.

മറ്റൊരാൾ വന്നു പറഞ്ഞു

“അഞ്ച് ഭക്ഷണം, രണ്ട് സസ്പെൻഡഡ് “,

അഞ്ച് ഭക്ഷണത്തിന് പണം നൽകി മൂന്ന് ലഞ്ച് പാക്കറ്റുകൾ എടുത്തു.

കുറച്ചു കഴിഞ്ഞപ്പോൾ ഒരു വൃദ്ധൻ,

മോശം വസ്ത്രത്തിൽ കൗണ്ടറിൽ വന്നു.

“സസ്പെൻഡഡ് കോഫി ഉണ്ടോ?” അയാൾ ചോദിച്ചു.

കൗണ്ടറിലെ സ്ത്രീ ” ഉണ്ട്” എന്ന് പറഞ്ഞു ഒരു കപ്പ് ചൂടുള്ള കോഫി കൊടുത്തു.

താടിവച്ച മറ്റൊരു മനുഷ്യൻ വന്ന് “എന്തെങ്കിലും സസ്പെൻഡ് ചെയ്ത ഭക്ഷണം” എന്ന് ചോദിച്ചയുടനെ, കൗണ്ടറിലെയാൾ ചൂടുള്ള ചോറും ഒരു കുപ്പി വെള്ളവും നൽകി.

ഈ നന്മ നമ്മുടെ അടുത്തുള്ള രാജ്യമായ നേപ്പാളിൽ വരെ എത്തി. ഈ ശീലം ലോകമെമ്പാടും വ്യാപിച്ചു വരികയാണ്.

ചികിത്സ, ഭക്ഷണം,പഠനം തുടങ്ങി എല്ലാ മേഖലയിലും “സസ്പെൻഡഡ്” നമുക്കും പരീക്ഷിക്കാവുന്നതാണ്.

നമ്മുടെ ചിന്താധാര ഈ നിലയിലേക്ക്

വളരാൻ നമുക്ക് പ്രാർത്ഥിക്കാം..

നമ്മളൊക്കെ പലപ്പോഴും വാഹനയാത്ര ചെയ്യുന്നവരാണ്.. ഭക്ഷണം എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ പരിസരങ്ങളിലും, കടത്തിണ്ണകളിലും ഇതുപോലെ ആരെങ്കിലും ഉണ്ടോ എന്ന് കണ്ണോടിക്കുക. കിറ്റുകളോ ആനുകൂല്യങ്ങളോ കിട്ടാത്ത ഒരു വിഭാഗം..

വീടുകളിൽ കയറാൻ പറ്റാത്ത, കടകൾ തുറക്കാത്ത അവസ്ഥയിൽ

ഈ പാവങ്ങളെ കൂടി പരിഗണിക്കുക..

ജീവിതത്തിന്റെ ഇത്തരത്തിലുള്ള നേർക്കാഴ്ചകൾക്ക് നേരെ മുഖം തിരിക്കാതിരിക്കാൻ നമുക്ക് സാധിക്കട്ടെ,..

 

Eng­lish Sum­ma­ry: sus­pend­ed- a word of kind­ness- Anas Koodaran­hi writes

You may like this video also