Tuesday
26 Mar 2019

ആദിവാസി ജനതയുടെ അതിജീവനം

By: Web Desk | Monday 16 April 2018 10:47 PM IST


കേരളവികസന മാതൃക അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായത് കുറഞ്ഞ ആളോഹരി വരുമാനത്തിലും ഗുണനിലവാരമുള്ള ആരോഗ്യ-വിദ്യാഭ്യാസ സൂചികകളിലും മെച്ചപ്പെട്ട ജീവിതനിലവാരത്തിലൂടെയുമായിരുന്നു. കേരളം രൂപീകൃതമായി 60 വര്‍ഷം പിന്നിട്ടുവെങ്കിലും ദേശീയതലത്തില്‍ മാനവവികസനസൂചിക പട്ടികയില്‍ കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നുവെങ്കിലും, ഇത്തരത്തിലുള്ള മെച്ചപ്പെട്ട വികസന അനുഭവങ്ങള്‍ ആദിവാസി ഗോത്ര ജനവിഭാഗങ്ങള്‍ക്കിടയില്‍ ദൃശ്യമാകുന്നില്ല. ഇന്നും ഈ സമൂഹം പാര്‍ശ്വവത്കൃതരായി വികസനത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളിമാറ്റപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ലാഭേച്ഛമാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കമ്പോളാധിഷ്ഠിത വികസനകാഴ്ച്ചപ്പാടുള്ള സമൂഹത്തില്‍ ആദിവാസി-ഗോത്രജനത എങ്ങനെ ജീവിക്കുമെന്ന പ്രസക്തമായ ചോദ്യം ഉയരുന്നത്.
തദ്ദേശീയ ജനവിഭാഗങ്ങളായ ആദിവാസി-ഗോത്രവിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസംഘടന 2007 സെപ്തംബര്‍ 7ാം തീയ്യതി ജനറല്‍ അസംബ്ലിയില്‍ പ്രഖ്യാപിച്ചിരുന്നു. മറ്റ് ജനവിഭാഗങ്ങള്‍ക്കുള്ളതുപോലെ എല്ലാ അവകാശങ്ങളും തദ്ദേശീയ ജനതയ്ക്കുമുണ്ടെന്നും അവ സംരക്ഷിക്കാന്‍ എല്ലാ രാജ്യങ്ങളും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഈ പ്രഖ്യാപനം നടത്തിയത്. ആദിവാസി-ഗോത്രജനത അവലംബിക്കുന്ന ജീവിതരീതി പരിസ്ഥിതിവ്യവസ്ഥയിലധിഷ്ഠിതമാണ്. ഭൂമിയും വനവുമാണ് അവരുടെ അതിജീവനത്തിനാധാരം. ലോകത്ത് ആഫ്രിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ആദിവാസി ജനവിഭാഗങ്ങള്‍ താമസിക്കുന്നത് ഇന്ത്യയിലാണ്. 2011 സെന്‍സസ് പ്രകാരം 104 ദശലക്ഷം ജനസംഖ്യയുള്ള ആദിവാസി-ഗോത്രജനത 700ഓളം ഗോത്രവര്‍ഗ്ഗങ്ങളിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ ഈ ജനവിഭാഗങ്ങള്‍ക്ക് ഉപജീവനനമാര്‍ഗങ്ങള്‍ പ്രദാനം ചെയ്യുന്ന സ്വാഭാവിക പരിസ്ഥിതി സമ്പ്രദായത്തെ സംരക്ഷിക്കുന്നതിനു പകരം, വ്യവസായങ്ങള്‍ക്കും മറ്റും വനഭൂമി എടുത്തുകളയുന്നതിലൂടെ ഭരണകൂടം അവരുടെ ജീവനോപാധികളുടെ അടിസ്ഥാനമാര്‍ഗ്ഗങ്ങള്‍ നിഷേധിക്കുകയാണ് ചെയ്യുന്നത്. മുതലാളിത്ത താല്‍പര്യത്തിനുവേണ്ടി ഭൂമിയും വനവും ചൂഷണത്തിനു വിധേയമാക്കുമ്പോള്‍ വനനശീകരണം, ഖനനം, വിളനഷ്ടം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയിലൂടെ ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി നേരിടുകയും, പരിസ്ഥിതികേന്ദ്രീകൃത വികസനത്തിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ആദിവാസി സ്ത്രീകള്‍ക്കിടയില്‍ ലിംഗപരമായ അടിച്ചമര്‍ത്തലും, ലിംഗഭേദ പക്ഷപാതവും വ്യാപകമാണ്. ഇന്ത്യയിലെ പകുതിയോളം ആദിവാസികള്‍ക്ക് സ്വന്തമായി ഭൂമിയും കിടപ്പാടവുമില്ലാത്ത അവസ്ഥയിലാണ്. ഇന്ത്യയില്‍ ആദിവാസി-ഗോത്രജനവിഭാഗങ്ങള്‍ ഉള്‍പ്പെട്ട തദ്ദേശവാസികളെ സംരക്ഷിക്കുന്ന നിയമങ്ങള്‍ ഉണ്ടെങ്കിലും ഇവ നടപ്പാക്കുന്നതില്‍ പൂര്‍ണ്ണ പരാജയമാണ് സംഭവിച്ചിട്ടുള്ളത്.
കേരളത്തില്‍ ആദിവാസി,ഗോത്രവിഭാഗങ്ങള്‍ വയനാട് (37.36%) ഇടുക്കി (14%) പാലക്കാട് (10.8%) എന്നീ മൂന്ന് ജില്ലകളിലാണ് കൂടുതലായി അധിവസിക്കുന്നത്. ചരിത്രപരമായി കേരളത്തിലെ ആദിവാസി ഗോത്രവിഭാഗങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായിരുന്നെങ്കിലും കേരളത്തിലെ ജനപക്ഷ സര്‍ക്കാരുകളുടെ ഇടപെടലുകളിലൂടെ ഒരു പരിധിവരെ ഇവരുടെ ജീവിതനിലവാരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ വിവിധ വികസനഘടകങ്ങളും ആഗോളവത്കരണനയങ്ങളും അതുപോലെ മാറിവരുന്ന കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ നടപ്പിലാക്കിയ പല പദ്ധതികളും ആദിവാസി ജനവിഭാഗങ്ങളുടെ ഉന്നമനമെന്ന ഉദ്ദേശലക്ഷ്യം നേടാതെ പരാജയപ്പെട്ടിട്ടുണ്ട്. വികസന പിന്നോക്കാവസ്ഥയാണ് ആദിവാസിമേഖലകളില്‍ പ്രകടമാകുന്നത്. വര്‍ദ്ധിച്ച തോതിലുള്ള ദാരിദ്ര്യം, പൊതുസമൂഹത്തില്‍ നിന്നുള്ള അവഗണന, ലിംഗഭേദ പക്ഷപാതം, സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ രംഗത്തുള്ള കുറഞ്ഞ പങ്കാളിത്തം, വലിയതോതിലുള്ള ചൂഷണം, മോശപ്പെട്ട ഉല്‍പാദനബന്ധങ്ങള്‍, ആദിവാസികളെ മുന്‍നിര്‍ത്തിയുള്ള ഉദ്യോഗസ്ഥ-ഭരണകൂട അഴിമതി തുടങ്ങിയവയിലൂടെ സാമൂഹിക-സാമ്പത്തിക മൂലധനത്തിന്റെ ചോര്‍ച്ച സംഭവിക്കുന്നു. അതുപോലെ കുറഞ്ഞ സാക്ഷരതാ നിരക്ക്, ഉയര്‍ന്ന ശിശുമരണ നിരക്ക്, മോശപ്പെട്ട ആരോഗ്യ-വിദ്യാഭ്യാസ സൂചികകള്‍, ഭൂമിയുടെ അപര്യാപ്തത, പാരമ്പര്യ അറിവുകളുടെ കുറവ്, സ്ത്രീകള്‍ക്കെതിരായുള്ള ചൂഷണം, പൊതുസേവനങ്ങളുടെ അഭാവം, അമിതമായി വികസനപദ്ധതികളെ ആശ്രയിക്കല്‍ തുടങ്ങിയവയിലൂടെ ആദിവാസി-ഗോത്രജനത മുഖ്യധാരാവികസനത്തില്‍ നിന്നും പ്രാന്തവത്കൃത സമൂഹമായി മാറിപ്പോകുന്നു.
ഇന്ത്യയുടെ ഭരണഘടന ആദിവാസി ജനവിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിന് പ്രത്യേക വ്യവസ്ഥകള്‍ നല്‍കുന്നുവെങ്കിലും ഭരണകൂടങ്ങള്‍ പാര്‍ശ്വവത്കൃത സമൂഹത്തിന്റെ ക്ഷേമത്തിനായി ക്രിയാത്മകമായി ഇടപെടല്‍ നടത്തുന്നില്ല. ആദിവാസി ഉന്നമനത്തിനായി കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ വിവിധ ക്ഷേമപദ്ധതികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ക്ഷേമപദ്ധതികള്‍കൊണ്ടുമാത്രം ആദിവാസി-ഗോത്രജനതയുടെ ഉന്നമനം സാധ്യമല്ല. ആദിവാസി-ഗോത്രജനത തനത് സംസ്‌ക്കാരവും പാരമ്പര്യവും അവലംബിച്ച് ജീവിക്കുന്നവരാണ്. ആദിവാസികളുടെ ഭാഷ, സംസ്‌കാരം, പാരമ്പര്യവൈദ്യം, വംശീയഭക്ഷണം, കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചുള്ള അറിവുകള്‍, തുടങ്ങിയവ സംരക്ഷിച്ച് ഭാവിതലമുറയ്ക്കായി കരുതുകയും, ആദിവാസി ജനതയെ മറ്റുസമൂഹങ്ങളില്‍നിന്നും വേര്‍തിരിച്ചുനിര്‍ത്തുന്ന ഗോത്രഭാഷകള്‍ അന്യംനിന്നുപോകാതെ സംരക്ഷിക്കേണ്ടതുമാണ്. ഗോത്രസംസ്‌കാരം ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറി പ്രത്യേകം ആചാര-അനുഷ്ഠാനങ്ങളോടെ ജീവിക്കുന്ന ഗോത്രവിഭാഗങ്ങളുടെ പൂര്‍ണമായ അറിവോടെയും സമ്മതത്തോടും കൂടിമാത്രമേ ഈ വിഭാഗങ്ങള്‍ക്കിടയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. ആദിവാസി-ഗോത്രജനതയുടെ ദേശത്തിന്റെയും, ഭൂമിയുടെയും പൂര്‍ണ അവകാശവും നിയന്ത്രണവും അവര്‍ക്ക് നല്‍കുകയും, അവരുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബാധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.
ആദിവാസി-ഗോത്രജന വിഭാഗങ്ങളുടെ പ്രശ്‌നപരിഹാരത്തിന് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഇടപെടലുകള്‍ അനിവാര്യമാണ്. ഗോത്രസംസ്‌ക്കാരം സംരക്ഷിക്കാന്‍ സ്വന്തം സ്വത്വം തീരുമാനിക്കാനുള്ള എല്ലാ അവകാശങ്ങളും തദ്ദേശീയ സമൂഹത്തിന് നല്‍കണം. ആദിവാസി ജനതയുടെ സാമ്പത്തിക-സാമൂഹിക ഉന്നമനത്തിനുവേണ്ടി അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ഭവനനിര്‍മ്മാണം, ശുചീകരണസംവിധാനം, സാമൂഹിക സുരക്ഷിതത്വം എന്നിവയിലൂടെ മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പുവരുത്താന്‍ ഭരണകൂടങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെ ആദിവാസി-ഗോത്രജനവിഭാഗങ്ങള്‍ക്കിടയിലുള്ള അസമത്വവും വിവേചനവും ഇല്ലാതാക്കിക്കൊണ്ടും തദ്ദേശീയ ജനതയുടെ സംസ്‌കാരം സംരക്ഷിച്ചുകൊണ്ടും മാത്രമേ സമൂഹത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വികസനത്തിലേക്ക് എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ.

(ലേഖകന്‍ കാസര്‍ഗോഡ് എളേരിത്തട്ട്
ഗവണ്‍മെന്റ് കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം അധ്യാപകനാണ്)