ചിന്മയാനന്ദ് ആശുപത്രിയിൽ; അറസ്റ്റ് ചെയ്തില്ലെങ്കിൽ ജീവനൊടുക്കുമെന്ന് പരാതിക്കാരി

Web Desk
Posted on September 19, 2019, 2:42 pm

ലഖ്നൗ‍: പീഡനക്കേസിൽ പ്രതിയായ മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പരാതിക്കാരി രംഗത്തെത്തിയതിന് പിന്നാലെയാണ് ഷാജഹാൻപൂരിലെ ആശുപത്രിയിലേക്ക് ബിജെപി നേതാവിനെ മാറ്റിയിരിക്കുന്നത്. ചിന്മയാനന്ദിന്റെ ആരോഗ്യനില വഷളാണെന്നും അതിനാലാണ് ആശ്രമത്തിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റിയതെന്നും ചീഫ് മെഡിക്കൽ ഓഫിസർ എം പി ഗാങ് വാർ പറഞ്ഞു.

അതേസമയം ചിന്മയാനന്ദിനെതിരെ ബലാത്സംഗക്കുറ്റം ചുമത്താൻ പ്രത്യേക അന്വേഷണ സംഘം തയ്യാറായില്ലെങ്കിൽ താൻ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണി മുഴക്കി. സെക്ഷൻ 164 പ്രകാരം യുവതിയുടെ മൊഴി മജിസ്ട്രേറ്റിന് മുമ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴി നൽകി 15 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം തുടർ നടപടികളിലേക്ക് കടക്കാത്തത് ചിന്മയാനന്ദിനെ രക്ഷിക്കാനാണെന്നാണ് യുവതിയുടെ ആരോപണം. നേരത്തെ പെൺകുട്ടി 43 വീഡിയോ തെളിവുകൾ ബിജെപി നേതാവിനെതിരെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.

ചിന്മയാനന്ദ് ഡയറക്ടറായ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ എസ്എസ് കോളജ് വിദ്യാര്‍ഥിനിയാണ് രണ്ടാഴ്ച മുന്‍പ് ഫേസ്ബുക്കിലൂടെ പീഡന പരാതി ഉന്നയിച്ചത്. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയെ കാണാതായി. ഇതോടെ വിഷയത്തില്‍ ഇടപെട്ട സുപ്രീംകോടതിയാണ് സംഭവം അന്വേഷിക്കാന്‍ എസ്ഐടി രൂപീകരിച്ച് ഉത്തരവിട്ടത്. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങളും ബിജെപി നേതാവിനെ രക്ഷപെടുത്തുന്നതിന് വേണ്ടിയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.