പീഡനക്കേസില്‍ കുടുങ്ങിയ ബിജെപി നേതാവിന്റെ ആശ്രമം അടച്ചൂപൂട്ടി

Web Desk
Posted on September 14, 2019, 1:56 pm

ലഖ്‌നൗ: പീഡനക്കേസില്‍ ഉള്‍പ്പെട്ട ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദയുടെ ആശ്രമം പ്രത്യേക അന്വേഷണ സംഘം സീല്‍ ചെയ്തു. കഴിഞ്ഞദിവസം എട്ടുമണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് പിന്നാലെയാണ് നടപടി. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങളും ബിജെപി നേതാവിനെ രക്ഷപെടുത്തുന്നതിന് വേണ്ടിയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

ചിന്മയാനന്ദയുടെ കേന്ദ്രമായ മുമുക്ഷു ആശ്രമത്തില്‍ വച്ച് താന്‍ പീഡനത്തിനിരയായതായി പരാതിക്കാരിയായ നിയമവിദ്യാര്‍ഥിനി ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. ഒരു മുറി മാത്രമൊഴികെ ആശ്രമത്തിലെ എല്ലാ മുറികളും അടച്ചുപൂട്ടിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുമുക്ഷു ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. അതിനിടെ കോളജിലെത്തി പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തി.

എട്ടുമണിക്കൂര്‍ തുടര്‍ച്ചയായ ചോദ്യംചെയ്യലില്‍ ചിന്മയാനന്ദ് കുറ്റം നിഷേധിക്കുകയായിരുന്നു. 150 ചോദ്യങ്ങളാണ് ബിജെപി നേതാവിനോട് പ്രത്യേക അന്വേഷണ സംഘം ചോദിച്ചത്. അഭിഭാഷകന്റെ സാന്നിദ്ധ്യത്തിലും അല്ലാതെയും ചോദ്യംചെയ്തു.

നിയമ വിദ്യാര്‍ത്ഥിയായ യുവതിയെ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് കേസ്. പീഡിപ്പിക്കുകയും അത്് ചിത്രീകരിക്കുകയും നിരന്തരം ഭീഷണിപ്പെടത്തുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചിരുന്നു. പീഡന ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ തെളിവുകളടക്കം യുവതി പോലീസിനു നല്‍കിയിട്ടുമുണ്ട്.

സുപ്രീം കോടതി നിയോഗിച്ച ഉത്തര്‍ പ്രദേശ് പോലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് ചിന്മയാനന്ദിനെ ചോദ്യം ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് 6.20നു തുടങ്ങിയ ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ ഒരു മണിവരെ നീണ്ടു. പെണ്‍കുട്ടി ഉന്നയിച്ച് ആരോപണങ്ങള്‍ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍. പരാതി നല്‍കിയിട്ടും പരസ്യമായി വിളിച്ചു പറഞ്ഞിട്ടും യുപി പോലീസ് നേരത്തെ ശക്തനായ ഈ ബിജെപി നേതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനോ ചോദ്യം ചെയ്യാനോ തയാറായിരുന്നില്ല.

നിരവധി ആശ്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന ചിന്മയാനന്ദ് വാജ്‌പേയി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായിരുന്നു. പീഡനം തുടര്‍ക്കഥയായപ്പോള്‍ തന്റെ കണ്ണടയില്‍ രഹസ്യ ക്യാമറ ഒളിപ്പിച്ചാണ് യുവതി ചിന്മയാനന്ദിന്റെ ക്രൂരവിനോദങ്ങള്‍ വിഡിയോയില്‍ പകര്‍ത്തിയത്. ഇതു തെളിവായി യുവതി അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്.

ചിന്മയാനന്ദിന്റെ കീഴിലുള്ള ഒരു ലോ കോളെജില്‍ പ്രവേശനം തരപ്പെടുത്തി നല്‍കിയതിനു ശേഷമാണ് യുവതിയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഒരു വര്‍ഷത്തോളം ഇതു തുടര്‍ന്നതായി യുവതി പറയുന്നു. യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിച്ച് ഇതു കാണിച്ച് ഭീഷണിപ്പെടുത്തി കോളെജ് ഹോസ്റ്റലിലേക്ക് മാറാന്‍ നിര്‍ബന്ധിക്കുകയും പിന്നീട് ബ്ലാക്ക്‌മെയ്ല്‍ ചെയ്ത് ലൈംഗിക പീഡനം തുടരുകയായിരുന്നെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ചിന്മയാനന്ദിന് മസാജ് ചെയ്തു നല്‍കാന്‍ നിര്‍ബന്ധിക്കുകയും അദ്ദേഹത്തിന്റെ സഹായികള്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് തെന്നെ ചിന്മയാനന്ദിന്റെ മുമ്പിലെത്തിച്ചിരുന്നതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

പീഡനത്തെ കുറിച്ച് യുപി മുഖ്യമന്ത്രി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഫേസ്ബുക്കില്‍ പരാതി പോസ്റ്റ് ചെയ്തതോടെയാണ് ഈ സംഭവങ്ങള്‍ പുറത്തായത്. ഈ പോസ്റ്റില്‍ ചിന്മയാനന്ദിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ യുവതിയെ കാണാതായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം രാജസ്ഥാനിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

അഭിഭാഷകര്‍ രംഗത്തെത്തിയതോടെയാണ് സുപ്രീം കോടതി ഈ കേസില്‍ ഇടപെട്ടത്. രാജസ്ഥാനില്‍ കണ്ടെത്തിയ ദിവസം തന്നെ കോടതിയില്‍ ഹാജരാക്കണമെന്ന് ഉത്തരവിട്ട സുപ്രീം കോടതി രഹസ്യമായി വാദം കേള്‍ക്കുകയും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയുമായിരുന്നു.