Web Desk

കൊച്ചി

December 04, 2020, 10:23 pm

സ്വപ്നയെയും സരിത്തിനെയും കസ്റ്റംസ് മാപ്പുസാക്ഷികളാക്കും

Janayugom Online

ഡോളര്‍ കടത്തുകേസില്‍ പ്രതികളായ സ്വപ്ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാന്‍ കസ്റ്റംസ് നീക്കം തുടങ്ങി. കേസില്‍ ഇതുവരെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ ഈ നീക്കം. അതേസമയം ഡോളർ കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ മുൻ ഗൺമാൻ ജയഘോഷിനെ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് ജയഘോഷിനെ കൂടാതെ കോൺസുലേറ്റിലെ ഡ്രൈവറായ സിദ്ദിഖിനെയും കസ്റ്റംസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

നേരത്തെ കേസുമായി ബന്ധപ്പെട്ട് വാർത്തകൾ സജീവമായതിന് പിന്നാലെ മാനസിക സംഘർഷം താങ്ങാനാകാതെ ജയഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ ജയഘോഷിന് സ്വർണക്കടത്തുമായി ബന്ധമില്ലെന്ന് മുൻ ഐബി ഉദ്യോഗസ്ഥനായ നാഗരാജ് വെളിപ്പെടുത്തിയിരുന്നു. സ്വപ്നയും സന്ദീപും അറസ്റ്റിലായ ശേഷം ജയഘോഷ് കനത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് നാഗരാജ് ആണ് വെളിപ്പെടുത്തിയത്. ജയഘോഷ് നിരവധി തവണ സ്വപ്നയെ ഫോൺ വിളിച്ചിരുന്നതായി കസ്റ്റംസ് നേരത്തെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

വിദേശ പൗരന്മാരെയും ഡോളർ കടത്താൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നാണ് കസ്റ്റംസിന് വിവരം ലഭിച്ചിരിക്കുന്നത്. ലോക്ഡൗൺ കാലത്താണ് വിദേശ പൗരന്മാരെ ഉപയോഗിച്ച് പണം കടത്തിയത്. ഇതിനെ റിവേഴ്സ് ഹവാല എന്നും കസ്റ്റംസ് വിലയിരുത്തുന്നു. അഴിമതിയിലൂടെ ലഭിച്ച പണമാണ് റിവേഴ്സ് ഹവാലയിലൂടെ വിദേശത്തേക്ക് കടത്തിയത് എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. യൂണിടാക് ഉടമ സന്തോഷ് ഈപ്പനേയും ഐടി വിദഗ്ധൻ അരുൺ ബാലചന്ദ്രനേയും ഇന്ന് ചോദ്യം ചെയ്യും.

Eng­lish sum­ma­ry: swap­na and sarith in dol­lar case

You may also like this video: