കള്ളക്കടത്തു രാജാവുമായും സ്വപ്നയ്ക്ക് ബന്ധം

കെ രംഗനാഥ്

ദുബെെ

Posted on August 13, 2020, 10:17 pm

സ്വര്‍ണക്കള്ളക്കടത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ റെക്കോഡു തന്നെ സൃഷ്ടിച്ച പെരുമ്പാവൂരിലെ നിസാര്‍ പി അലിയാരുമായും സ്വപ്ന സുരേഷും കൂട്ടാളികളും പലതവണ ചര്‍ച്ചകള്‍ നടത്തിയതായി ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗിന് (റോ) തെളിവുകള്‍ ലഭിച്ചു. തിരുവനന്തപുരം കേന്ദ്രീകരിച്ച് നിസാറുമായി എട്ടു പ്രാവശ്യം ചര്‍ച്ച നടത്തിയ സ്വപ്നയോടൊപ്പം മിക്ക കൂടിയാലോചനകളിലും സരിത്തും സന്ദീപ് നായരുമുണ്ടായിരുന്നു. ഗുജറാത്തിലെ മുണ്ഡ്രാ തുറമുഖം വഴി 2017 കാലഘട്ടത്തില്‍ മാത്രം 45.22 ടണ്‍ സ്വര്‍ണം ഇന്ത്യയിലേക്കു കടത്തിയ നിസാര്‍ ദുബെെയിലെ ഒരു നക്ഷത്ര ഹോട്ടലില്‍ വച്ചും മൂന്ന് തവണ സ്വപ്നയെ കണ്ടിരുന്നു.

ഇതില്‍ നിന്നും സ്വപ്ന തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്നതിനു മുമ്പുതന്നെ സ്വര്‍ണക്കള്ളക്കടത്തും തുടങ്ങിയിരുന്നുവെന്നും അന്വേഷണ സംഘങ്ങള്‍ അനുമാനിക്കുന്നു. നിസാര്‍ ഇപ്പോള്‍ കോഫെപോസ തടവുകാരനാണ്. നിസാര്‍ പിടിയിലായതിനു പിന്നാലെയാണ് ഈ കേസിലെ മൂന്നാം പ്രതിയും ഇപ്പോള്‍ ദുബെെ പൊലീസിന്റെ കസ്റ്റഡിയിലുള്ള ഫെെസല്‍ ഫരീദും എന്‍ഐഎ അറസ്റ്റ് ചെയ്ത കെ ടി റമീസുമടങ്ങിയ അധോലോകസംഘം ദുബെെയിലെ കള്ളക്കടത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തതെന്നും സൂചനയുണ്ട്. നിസാര്‍ അഹമ്മദ് അറസ്റ്റിലായ ശേഷമാണ് ഫരീദ്, കെ ടി റമീസ്, റബിന്‍സ് ത്രിമൂര്‍ത്തികളുടെ സംഘവുമായി സ്വപ്നയും കൂട്ടാളികളും ബന്ധം സുദൃഢമാക്കിയതെന്ന തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചതായറിയുന്നു. എന്നാല്‍ നിസാര്‍ അലിയാരുമായി ചേര്‍ന്ന് എത്ര സ്വര്‍ണം സ്വപ്നസംഘം കടത്തിയതെന്ന അന്വേഷണത്തിലാണിപ്പോള്‍ റോ. ചെമ്പിലുള്ള ആക്രിസാധനങ്ങള്‍ മുണ്ഡ്രാ തുറമുഖം വഴി മാത്രമേ ഇറക്കുമതി ചെയ്യാവൂ എന്ന നിബന്ധനയുള്ളതിനാല്‍ ഇത്തരം ഇറക്കുമതിക്ക് ഇയാള്‍ അവിടെ അല്‍ റാംസ് മെറ്റല്‍, ഡി പി മെറ്റല്‍ സ്ക്രാപ് എന്നീ രണ്ട് സ്ഥാപനങ്ങളുണ്ടാക്കി കള്ളക്കടത്തു നടത്തിവരികയായിരുന്നു.

ചെമ്പ് ആക്രിസാധനങ്ങള്‍ എന്ന വ്യാജേന ഇയാള്‍ കേരളത്തിലും മുംബെെയിലുമായി 2017 മുതല്‍ 2019 മാര്‍ച്ചില്‍ അറസ്റ്റിലാവുന്നതുവരെ 45.22 ടണ്‍ സ്വര്‍ണമാണ് കടത്തിയത്. 500 തൊഴിലാളികളും നൂറില്‍പരം വാഹനങ്ങളും നിസാറിന്റെ സ്ഥാപനത്തിലുണ്ടായിരുന്നു. ആക്രിസാധനങ്ങള്‍ എന്ന വ്യാജേന കറുത്ത പെയിന്റടിച്ച സ്വര്‍ണത്തിലുള്ള ലോഹവസ്തുക്കളാണ് നിസാര്‍ കടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം അറസ്റ്റിലാവുന്നതിനു തൊട്ടുമുമ്പും സ്വപ്നയും സംഘവുമായി തിരുവനന്തപുരം തമ്പാനൂരിലെ ഒരു നക്ഷത്ര ഹോട്ടലില്‍ വച്ചായിരുന്നു ചര്‍ച്ചകള്‍ നടത്തിയതത്രേ. എന്‍ഐഎയുടെ പിടിയിലായ കെ ടി റമീസും ഈ ഹോട്ടലിലും സ്വപ്നയും എം ശിവശങ്കറും താമസിച്ചിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തെ ഹീതര്‍ ടവേഴ്സിലും എതിര്‍വശത്തെ ഹില്‍ട്ടണ്‍ ഹോട്ടലിലും താമസിച്ചതിന് എന്‍ഐഎയ്ക്ക് തെളിവുകള്‍ ലഭിച്ചിരുന്നു. നിസാര്‍ അലിയാരുമായി ചേര്‍ന്ന് എത്ര സ്വര്‍ണം സ്വപ്ന സംഘം കടത്തിയിട്ടുണ്ടെന്ന അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഈ അന്താരാഷ്ട്ര സംഘത്തിന്റെ ഭീകരരൂപമാണ് അനാവരണം ചെയ്യപ്പെടുക എന്നും അന്വേഷണവൃത്തങ്ങള്‍ കരുതുന്നു.

Eng­lish sum­ma­ry;  swap­na gold smugling case

You may also like this video;