ദില്ലി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ക്യാമ്പസിലുണ്ടായ ആക്രമണങ്ങളില്‍ ഗുണ്ടകളെ പൊലീസ് സഹായിക്കുകയാണെന്ന ആരോപണവുമായി നടി സ്വര ഭാസ്കര്‍ രംഗത്ത്. ഇന്നലെ രാത്രി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സ്വര ഭാസ്കര്‍ ആക്രമണത്തോട് പ്രതികരിച്ചത്. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമികള്‍ മര്‍ദ്ദിക്കുന്നുണ്ടെന്നും തന്റെ മാതാപിതാക്കള്‍ താമസിക്കുന്നത് ജെഎന്‍യു ക്യാമ്പസിലാണെന്നും സ്വര വീഡിയോയിൽ പറയുന്നു.
”ജെഎൻയുവിലേക്ക് വരൂ, പ്രധാനഗേറ്റ് എബിവിപിക്കാരും ബജ്‍രംഗദളുകാരും വളഞ്ഞിരിക്കുകയാണ്. ദേശത്തിന്റെ ദ്രോഹികളെ, വെടിവച്ചുകൊല്ലൂ എന്ന മുദ്രാവാക്യങ്ങളാണ് ഇവിടെ മുഴങ്ങിക്കേൾക്കുന്നത്. ഇവർക്ക് സഹായവുമായാണ് പൊലീസ് നിൽക്കുന്നത്. ഗുണ്ടകളെ പൊലീസ് സഹായിക്കുകയാണ്. ഇവിടത്തെ സ്ട്രീറ്റ് ലൈറ്റുകളെല്ലാം പൊലീസ് ഓഫ് ചെയ്തിരിക്കുകയാണ്. ഒരു കിലോമീറ്റർ ദൂരം റോഡിൽ ഒരു വെളിച്ചവുമില്ല. ഇവിടേയ്ക്ക് വന്ന ആംബുലൻസുകൾ തല്ലിത്തകർത്തു. ഇതെല്ലാം പൊലീസ് നോക്കി നിൽക്കുകയാണ്.” സ്വര ഭാസ്കര്‍ വീഡിയോയില്‍ പറയുന്നു.
അതേ സമയം, ജെഎന്‍യുവിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെയുണ്ടായ ആക്രമണത്തിൽ ക്യാമ്പസിന് പുറത്തുനിന്നുള്ള നാലു പേർ കസ്റ്റഡിയിൽ. എബിവിപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്റെ പ്രതികരണം. വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്‍റിലെ അധ്യാപിക പ്രൊഫ. സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഐഷിയെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വിസിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്അധ്യാപകര്‍. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.
അതേസമയം ജെഎൻയുവിൽ ഇന്നലെ നടന്ന അക്രമങ്ങൾ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്‍സാപ്പ് സന്ദേശങ്ങൾ പുറത്തായി. യുണൈറ്റ് എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന വാട്‍സാപ്പ് ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെക്കുറിച്ചും സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ ഉള്ളത്. എത്താനുള്ള വഴികൾ സന്ദേശത്തില്‍ നിർദ്ദേശിക്കുന്നുണ്ട്. ജെഎൻയു പ്രധാന ഗേറ്റിൽ സംഘർഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. ക്യാമ്പസിലെ പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട് സന്ദേശങ്ങളില്‍. അക്രമത്തിന് പിന്നിൽ പുറത്തുനിന്നുള്ള എബിവിപി, ബിജെപി പ്രവർത്തകരാണെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ സംഘത്തിൽ വനിതകളും ഉണ്ടായിരുന്നു. അക്രമം നടന്ന സമയത്ത് കാമ്പസിന് പുറത്തുള്ള എല്ലാ ലൈറ്റുകയും ഓഫാക്കിയിരുന്നു.
English Summary: Swara Bhaskar post video about JNU attack.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.