ഭരണ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വരാജ് ട്രോഫി, മഹാത്മാ-അയ്യന്‍കാളി പുരസ്കാരങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ചു.
കൊല്ലമാണ് മികച്ച ജില്ലാപഞ്ചായത്ത്. തിരുവനന്തപുരം സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടി. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ജില്ലാ പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപ, 40 ലക്ഷം രൂപ എന്നീ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.
മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്താണ് മികച്ച ബ്ലോക്ക് പഞ്ചായത്ത്. തൃശൂർ ജില്ലയിലെ കൊടകര ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും കാസർകോട്ടെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാർക്ക് 50 ലക്ഷവും രണ്ടാം സ്ഥാനക്കാർക്ക് 40 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് 30 ലക്ഷവും ലഭിക്കും.
കോട്ടയത്തെ വെളിയന്നൂർ ഗ്രാമപഞ്ചായത്താണ് മികച്ച ഗ്രാമപഞ്ചായത്ത്. തിരുവനന്തപുരം ജില്ലയിലെ ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് രണ്ടാമതും തൃശൂരിലെ മറ്റത്തൂർ ഗ്രാമപഞ്ചായത്ത് മൂന്നാമതുമായി. ഗുരുവായൂരാണ് മുനിസിപ്പാലിറ്റികളിൽ ഒന്നാമത്. വടക്കാഞ്ചേരി നഗരസഭ (തൃശൂർ) രണ്ടാം സ്ഥാനവും ആന്തൂർ നഗരസഭ (കണ്ണൂർ) മൂന്നാം സ്ഥാനവും നേടി. തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷനാണ് മികച്ച കോർപറേഷൻ. 50 ലക്ഷം രൂപയും പ്രശസ്തിപത്രവും മെമന്റോയുമാണ് പുരസ്കാരം.
ആര്യനാട്, പുല്ലമ്പാറ (തിരുവനന്തപുരം), കുന്നത്തൂർ, ശാസ്താംകോട്ട (കൊല്ലം), അരുവാപ്പുലം, പന്തളം (പത്തനംതിട്ട), മുട്ടാർ, വീയപുരം (ആലപ്പുഴ), തിരുവാർപ്പ്, മരങ്ങാട്ടുപ്പിളളി (കോട്ടയം), ഇരട്ടയാർ, ഉടുമ്പന്നൂർ (ഇടുക്കി), പാലക്കുഴ, മാറാടി (എറണാകുളം), എളവള്ളി, നെന്മണിക്കര (തൃശൂർ), വെള്ളിനേഴി, വിളയൂർ (പാലക്കാട്), മാറാഞ്ചേരി, എടപ്പാൾ (മലപ്പുറം), മണിയൂർ, മരുതോങ്കര (കോഴിക്കോട്), മീനങ്ങാടി, വൈത്തിരി (വയനാട്), കരിവെള്ളൂർ പെരളം, പെരിങ്ങോം വയക്കര (കണ്ണൂർ), വലിയപറമ്പ, ചെറുവത്തൂർ (കാസർകോട്) എന്നിവയാണ് ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ മികച്ച ഗ്രാമപഞ്ചായത്തുകൾ.
മികച്ച ഗ്രാമപഞ്ചായത്തിന് 20 ലക്ഷവും രണ്ടാം സ്ഥാനക്കാർക്ക് 10 ലക്ഷം രൂപയും പ്രശസ്തിപത്രവും മെമന്റോയുമാണ് പുരസ്കാരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.