Web Desk

തിരുവനന്തപുരം

March 04, 2020, 9:23 pm

സ്വാതി പുരസ്കാരം ഡോ. എൽ സുബ്രഹ്മണ്യത്തിന്

Janayugom Online

സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സംഗീത പുരസ്കാരമായ സ്വാതി പുരസ്കാരം (2017) വിഖ്യാത സംഗീതജ്ഞനും വയലിനിസ്റ്റുമായ ഡോ. എൽ സുബ്രഹ്മണ്യത്തിന്. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൺ കെപിഎസി ലളിത, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, പ്രശസ്ത സംഗീതജ്ഞരായ മുഖത്തല ശിവജി, ശ്രീവത്സൻ ജെ മേനോൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ നിശ്ചയിച്ചത്. രണ്ട് ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

കർണാടക സംഗീതത്തിലെ ലബ്ധപ്രതിഷ്ഠനായ സംഗീതജ്ഞൻ ഡോ. എൽ സുബ്രഹ്മണ്യം പാശ്ചാത്യ സംഗീതത്തിലും അവഗാഹം നേടിയിട്ടുണ്ട്. വിവിധ സംഗീതധാരകളുടെ സമന്വയത്തിലൂടെ ഫ്യൂഷൻ സംഗീതത്തിന് പുതിയ മാനങ്ങൾ നൽകിയ കലാകാരനാണ് അദ്ദേഹം. 1947 ജൂലൈ 23ന് ജനിച്ച അദ്ദേഹം കുട്ടിക്കാലത്തു തന്നെ ശാസ്ത്രീയ സംഗീതം അഭ്യസിച്ചുതുടങ്ങി. ആറാം വയസ്സിൽ അരങ്ങേറ്റവും നടത്തി. അച്ഛനും പ്രശസ്ത വയലിനിസ്റ്റുമായ പ്രൊഫ. വി ലക്ഷ്മിനാരായണനാണ് സംഗീതത്തിൽ ആദ്യപാഠങ്ങൾ പകർന്നത്. സഹോദരൻമാരായ എൽ ശങ്കർ, പരേതനായ എൽ വൈദ്യനാഥൻ എന്നിവരും ഡോ. എൽ സുബ്രഹ്മണ്യവും എന്നിവരടങ്ങിയ വയലിൻ ത്രയം സംഗീത ആസ്വാദകരുടെ വലിയ അംഗീകാരം നേടിയിട്ടുണ്ട്.

കർണാടക സംഗീതത്തിലെ പ്രശസ്തരായ ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മങ്കുടി ശ്രീനിവാസ അയ്യർ, എംഡി രാമനാഥൻ, കെ വി നാരായണസ്വാമി തുടങ്ങി നിരവധി ഗായകരുടെ കച്ചേരികൾക്ക് വയലിൻ വായിച്ചിട്ടുണ്ട്. ലോക പ്രശസ്ത വയലിൻ മാന്ത്രികൻ യഹൂദി മെനൂഹിൻ, സംഗീതജ്ഞരായ സ്റ്റീഫൻ ഗ്രപ്പെലി, ജോർജ് ഹാരിസൺ തുടങ്ങിയവർക്കൊപ്പം സംഗീത പരിപാടികൾ അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ പാശ്ചാത്യ സംഗീത ഓർക്കസ്ട്രകൾക്കൊപ്പം സംഗീതം അവതരിപ്പിക്കാനും അവസരം ലഭിച്ചു. കർണാടക സംഗീതത്തിലും പാശ്ചാത്യസംഗീതത്തിലും ഫ്യൂഷൻ സംഗീതത്തിലും നിരവധി കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്കും സംഗീതം നൽകി. പ്രശസ്ത ഗായിക കവിത കൃഷ്ണമൂർത്തിയാണ് ഭാര്യ.

Eng­lish Sum­ma­ry; Swathi award to vio­lin­ist L Subramaniam

YOU MAY ALSO LIKE THIS VIDEO