സ്വാതി സംഗീത പുരസ്‌കാരം ടി വി ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു 

Web Desk
Posted on July 29, 2019, 7:51 pm

തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ ഈ വര്‍ഷത്തെ സ്വാതി സംഗീത പുരസ്‌കാരം കര്‍ണാടക- ഹിന്ദുസ്ഥാനി സംഗീതജ്ഞനും മൃദംഗ വിദ്വാനുമായ ടി വി ഗോപാലകൃഷ്ണന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ സമ്മാനിച്ചു. കരകൗശല മേഖലയിലുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ 3 കോടി രൂപ നല്‍കുമെന്ന് മന്ത്രി പുരസ്‌കാര ദാന ചടങ്ങില്‍ പറഞ്ഞു.

ഗ്രാമങ്ങളില്‍ കലയെ വളര്‍ത്താന്‍ നാട്ടരങ്ങ് കലാപരിപാടികള്‍ക്കായി 10 ലക്ഷം രൂപയും വിവിധ കലാകാരന്മാരെ കണ്ടെത്തി 15000 രൂപയുടെ സഹായധനവും അനുവദിക്കും. സംഗീതത്തിന്റെ എല്ലാ മേഖലയിലും മികവു തെളിയിച്ച ടി വി ഗോപാലകൃഷ്ണന്‍ ഏതു തലമുറയിലേയും കലാകാരന്മാര്‍ക്ക് മികച്ച അനുഭവ പാഠമാണെന്നും സ്വാതി തിരുനാളിനെ പോലെയുള്ള മികച്ച ഭരണാധികാരികളെ അനുകരിക്കുകയാണ് പുതിയ തലമുറയിലെ ഭരണാധികാരികളും കലാകാരന്മാരും ചെയ്യേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് സ്മാരക തിയറ്ററില്‍ നടന്ന ചടങ്ങില്‍ സംഗീത നാടക അക്കാദമി ചെയര്‍ പേഴ്‌സണ്‍ കെ പി എ സി ലളിത അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ മുഖ്യാതിഥിയായി. സംഗീത നാടക അക്കാദമി വൈസ് പ്രസിഡണ്ട് സേവ്യര്‍ പുല്‍പ്പാട്ട് പ്രശംസാപത്രം വായിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനന്‍, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്യം ചന്ദ്രന്‍, സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, രാജശ്രീ വാര്യര്‍ എന്നിവര്‍ സംസാരിച്ചു. ടി.വി ഗോപാലകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി. സാംസ്‌കാരിക വകുപ്പിന്റെ ഈ വര്‍ഷത്തെ സ്വാതി സംഗീത പുരസ്‌കാരം കര്‍ണാടക- ഹിന്ദുസ്ഥാനി സംഗീതജ്ഞനും മൃദംഗ വിദ്വാനുമായ ടി വി ഗോപാലകൃഷ്ണന് മന്ത്രി എ കെ ബാലന്‍ സമ്മാനിക്കുന്നു.

you may also like this video