ദൈവത്തിന്റെ സ്വന്തം ചിത്രകാരന്‍

Web Desk
Posted on January 14, 2018, 1:57 am

കഥ

സിറിയക്കാണ് യാത്രക്കിടയില്‍ അവന്റെ വീട്ടിലൊന്നു കയറിയപ്പോള്‍ ചിത്രശാല ബാബുവിനെ പറ്റി വീണ്ടും ഓര്‍മ്മിപ്പിച്ചത്. അന്നേരവും നേരിയ മഴച്ചാറ്റലുണ്ടായിരുന്നു.
ഇതു പോലെയൊരു മഴച്ചാറ്റലിനിടയിലാണ് ബാബുവിനെ ഞാനാദ്യമായി കണ്ടതും പരിചയ പ്പെട്ടതും. അതും ഫൂട്പാത്ത് ക്രോസിംഗിനിടയിലുളള ഒരു കൂട്ടിയിടിക്കിടയില്‍. ഉസ്മാന്‍ ഓര്‍ത്തു.…

ഓര്‍മ്മകള്‍, പാകാനായി കരുതിവച്ച വിത്തുകളാണല്ലോ… വെളളവും വളവും കൊടുത്താലവ നല്ലോര്‍മ്മകളായി മുളച്ചു പൊങ്ങും… ആ പാകലില്‍ ആദ്യം മുളപൊട്ടി ഓര്‍മ്മയിലേക്കുന്തി വന്നത്, തെറ്റ് എന്റേതായിട്ടും, കൂട്ടിയിടിയില്‍ വീണു വേദനിച്ചിട്ടും ചിരിച്ചു കൊണ്ടു പറഞ്ഞ വാക്കുകളായിരുന്നു:

‘സഹോദരാ സൂക്ഷിച്ച് നടക്കൂ… വല്ലതും പറ്റിയോ..?’
‘സോറി.. ഇല്ല, താങ്കള്‍ക്കോ?’
‘കുഴപ്പമില്ല. എങ്കില്‍ വരൂ നമുക്കോരോ കാപ്പി കുടിക്കാം.’

ഇന്ത്യന്‍ കോഫി ഹൗസിലിലെ കാപ്പി മൊത്തി ഞങ്ങള്‍ പരിചയപ്പെട്ടു. അവിടുന്നങ്ങോട്ട് പത്രലേഖകനും ചിത്രകാരനുമായുളള ചങ്ങാത്തത്തിന്റെ വഞ്ചി കുത്തി തുടങ്ങി. പിന്നെ പലപ്പോഴും രണ്ടാളും അവരവരുടെ ലോകത്ത് ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളുമൊക്കെയായി. രാവും പകലും മഴയും മഞ്ഞും സംക്രാന്തിയും ഗ്രഹണവും.… അങ്ങനെ പലതും കഴിഞ്ഞു.

തിരക്കുകള്‍ കാരണം പലതും മറന്നു തുടങ്ങിയിരുന്നു. മറവി ചിലപ്പോ അനുഗ്രഹമായി തോന്നാറുണ്ട്. മറ്റു ചിലപ്പോ ശാപമായും. എന്തും നാലു നാള്‍ക്കകം മറക്കുക എന്നുളളത് എല്ലാര്‍ക്കും ശീലമായി കഴിഞ്ഞല്ലോ..!

വണ്ടി റോഡിലൊതുക്കി വെളളം നിറഞ്ഞ മൂന്നടി ഇടവഴിയിലൂടെ ഞങ്ങള്‍ മൂവരും വരിയായി നടന്നു.

വാര്‍ധക്യം ബാധിച്ച കഴുക്കോലുകള്‍ക്ക് മുകളില്‍ പഴയ ഫ്‌ളക്‌സ് പാകി മഴയെ എതിരേല്‍ക്കുന്ന കുഞ്ഞു കൂര. മുറ്റത്ത് നിറഞ്ഞ മഴവെളളത്തില്‍ ഇടവിട്ട് വെട്ടുകല്ലിട്ടിരിക്കുന്നു. അതാണവരുടെ ലോകത്തേക്കുളള ഹൗറ പാലം..!

ഉമ്മറത്തും വഴിയിലും അകത്തുമായി വരച്ചു വച്ചിരിക്കുന്ന നിറം മങ്ങി തുടങ്ങിയ ക്യാന്‍വാസുകള്‍, ദാരിദ്ര്യത്തിന്റെ അകമ്പടിയില്‍ ഞങ്ങളെ കൈകൂപ്പി സ്വാഗതം ചെയ്തു. പുറംചട്ട നഷ്ടപ്പെട്ട ഏതോ പഴയ അമര്‍ചിത്രകഥ വായിച്ച് തിണ്ടത്തു തല ചെരിച്ച് കിടന്നിരുന്ന നിക്കറുപയ്യന്‍ അപരിചിതരെ മനസ്സിലാവാതെ നിക്കറും വലിച്ചു കയറ്റി മെല്ലെ ഉള്‍വലിഞ്ഞു.

പഴയ, നനഞ്ഞു കക്ഷം കീറിയ മാക്‌സി എളിയില്‍ കുത്തിയതഴിച്ചിട്ട്, അടുക്കള പുറത്തുനിന്നും അരിമ്പന്‍ കയറി കറുത്ത പുളളിക്കുത്ത് വിരിച്ച ഒരു നരച്ച തോര്‍ത്ത് മാറിലേക്ക് വലിച്ചിട്ട് വന്ന്, ദ്രവിച്ച വാതില്‍പ്പൊളി ചാരി നിന്നു ഭദ്ര. കണ്ടാലറിയാം അവള്‍ അലക്കുകയായിരുന്നെന്ന്. അലക്കാത്ത വീടുകളുണ്ടാവില്ലല്ലോ..?

പെട്ടെന്ന് അവളുടെ മുഖം നീലിച്ചു. എങ്ങനെ നീലിക്കാതിരിക്കും?
‘ജപ്തി നോട്ടീസ്’ വന്നിട്ട് ഒന്നു തിരിഞ്ഞു നോക്കിയിട്ടില്ല. അല്ലാ നോക്കിയിട്ടു കാര്യവുമില്ല. എടുത്തു കൊടുക്കാനൊട്ട് ഇല്ല. പിന്നെയാണെങ്കില്‍ പോസ്റ്റ് മേനൊഴിച്ച് ആ വീട്ടിലേക്ക് ആരും കുറച്ചു നാളായി പടി കടന്നു വരാറുമില്ല. എങ്കിലും മാന്യത മറന്നില്ല.
‘സാറുമാര് ഇരിക്ക.്’
അവള്‍ പറഞ്ഞു.
ഇരിക്കാന്‍ കാവിയടര്‍ന്നു പൊട്ടിയ തിണ്ടും, ഒരു ഭാഗം തളര്‍ന്ന ഒരു ചുവന്ന ഫൈബര്‍ കസേരയും മാത്രമാണവിടെയുണ്ടായിരുന്നത്.
അതിലവള്‍ക്ക് നാണക്കേടു തോന്നിയില്ല. ദാരിദ്ര്യം ചുഴലിക്കാറ്റായടിക്കുമ്പോള്‍ ഉഷ്ണം തോന്നില്ലല്ലോ..!

പണം, പദവി, ബന്ധുബലം തുടങ്ങിയവ ഏതു നിമിഷവും പൊട്ടിപ്പോകുന്ന ചുളളി കമ്പുകളാണ്. ഇപ്പോ അതൊക്കെ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ജീവിതം പഠിപ്പിക്കാത്ത പാഠങ്ങളുണ്ടോ…! പ്രണയിച്ചിരുന്ന കാലത്ത് ഈ വക ചിന്തകളൊന്നും ഉളളിലേക്ക് വന്നിരുന്നില്ല. ഇപ്പഴും ആ സ്‌നേഹച്ചൂട് ഒത്തിരി പോലും കുറഞ്ഞിട്ടില്ലെന്ന് കടം വാങ്ങിയ കാശ് തിരിച്ചു കൊടുത്തപ്പോ കോണ്‍ട്രാക്ടര്‍ മണിയുടെ മുഖത്തു വീണ വാക്കില്‍ നിന്നറിയാം.

‘ബാബുവേട്ടന്‍ ജീവിച്ചിരിക്കുമ്പോ കാശ് കാശായിട്ടു തന്നെ കടം വീട്ടാന്‍ എനിക്കു പറ്റും. സഹായത്തിന് നന്ദി’
തിരിച്ചറിഞ്ഞപ്പോ, മൂവരേയുംഅവള്‍ അകത്തെ മുറിയിലേക്ക് ക്ഷണിച്ചു.

എഴുത്തും വരയുമെല്ലാം ഒരു തരം കനലാട്ടം തന്നെയാണ്. കനല്‍ പോരിനിടയിലെപ്പോഴോ അയാളുടെ ഭാവനയില്‍, അയാള്‍ ദൈവത്തെ കണ്ടു പോലും. അതാണ് അയാള്‍ ചെയ്ത തെറ്റ്. ദൈവത്തെ സ്വന്തം നിലയില്‍ സങ്കല്‍പ്പിക്കാനും സ്വാതന്ത്ര്യമില്ലാത്ത നാട്ടില്‍ ജനിച്ച നമ്മളാണോ ഭാരതമക്കള്‍..! അറിയില്ല… അങ്ങനെ കടന്ന ചിന്തകളൊന്നുമുണര്‍ത്തരുത്.

നഷ്ടപ്പെടുന്ന പ്രതീക്ഷയാണ് സ്വാതന്ത്ര്യം എന്നു മറ്റു ചിലര്‍. ഇതിനിടയിലും ശത്രുവിനെ പരാജയപ്പെടുത്താന്‍ അവരുടെ ചരിത്രത്തെയാണ് ആദ്യം ഇല്ലാതാക്കേണ്ടത് എന്ന തത്ത്വം കിരാതന്‍മാര്‍ക്കറിയാമായിരുന്നു. അവരത് ഭംഗി ചോരാതെ ചെയ്തു. ശ്രദ്ധേയമായ ചിത്രങ്ങള്‍ പലതും തല്ലിപ്പൊളിച്ചു; മറ്റു ചിലത് തീയിട്ടു.

‘നീയില്ലാതെ നിന്റെ തെമ്മാടിത്തരങ്ങളുണ്ടോ…? എന്നു ചോദിച്ചായിരുന്നു വെട്ടിയത്.’

രാഷ്ട്രീയ പകപോക്കലില്‍ ഒരു കൈ സോപ്പ് മുറിക്കുന്ന ലാഘവത്തോടെ മുറിച്ചെടുത്തു. മറുകൈയിന്റെ ചലനശേഷി നഷ്ടമായി.

പക്ഷേ ,
ഒരു പ്രതിഭയെ തകര്‍ക്കാന്‍ അയാള്‍ക്കല്ലാതെ മറ്റാര്‍ക്കുമാകില്ലല്ലോ..!
വിസ്മ്യതിയിലാണ്ട നാളുകളില്‍ അയാളുടെ കല്‍ക്കട്ടാ സുഹ്യത്ത് ദേബാശിഷ് മുഖോപാധ്യായ ആത്മ വിശ്വാസമെന്ന പഴകിയ മാസ്‌കിനെ ചായം പുരട്ടി വീണ്ടുമിട്ടു കൊടുത്തു. ഒരു പിടി ചായക്കൂട്ടുകളുമായവന്‍ ഒരു ദിനം പടി കടന്നു വന്നു. ചായങ്ങളില്‍ ബ്രഷു മുങ്ങി. കൈകള്‍ക്ക് പകരം ചുണ്ടുകള്‍ ബ്രഷ് ഏറ്റെടുത്തു…! മൗത്ത് പെയിന്റിംഗ്.…! ചിലര്‍ അങ്ങനെയാണ്, ദൈവമാകും ചില നിര്‍ണ്ണായക ഘട്ടങ്ങളില്‍.

‘കാപട്യക്കാര്‍’ എന്ന ചിത്രത്തിന്റെ മിനുക്കു പണിയിലായിരുന്നു ബാബു. അയാളോളം ആ പേരിനേയും ചിത്രത്തേയും നിര്‍വചിക്കാന്‍ മറ്റാര്‍ക്കാവും?

അയാള്‍ ചുണ്ടില്‍ കടിച്ചു പിടിച്ച ബ്രഷ് പാലറ്റിലേക്ക് വച്ച് തിരിഞ്ഞു; ഉസ്മാനുമായുളള സൗഹൃദം പുതുക്കി. ഒപ്പം വന്ന ഫോട്ടോഗ്രാഫര്‍ ദേവനെ പരിചയപ്പെട്ടു. പരിഭവങ്ങളും പരാതികളും ഒന്നും പറഞ്ഞില്ലയാള്‍. ആ ചിരിയില്‍ എല്ലാമുണ്ടായിരുന്നു. അല്ലെങ്കില്‍ വേദനിക്കുന്ന മനസ്സുമായ് ചിരിച്ചുകൊണ്ട് ജീവിക്കാന്‍ അയാള്‍ പഠിച്ചു കഴിഞ്ഞിരുന്നു. കാലം പറഞ്ഞു കൊടുക്കാത്തതായി എന്തുണ്ടിവിടെ? ഒന്നുമില്ല.

ലക്ഷങ്ങള്‍ വിലമതിക്കാവുന്ന, പൊടിയടിച്ച് കിടക്കുന്ന അമ്പതോളം ക്യാന്‍വാസുകള്‍ കണ്ട് ദേവന്‍ ചോദിച്ചു:
‘എങ്ങനെ സഹിക്കുന്നു.… ഇവയിങ്ങനെ…?’
വേദനിപ്പിക്കുന്ന, നെഞ്ചു തുളയ്ക്കുന്ന ഒരു ചെറു പുഞ്ചിരിയോടെയായിരുന്നു മറുപടി.
‘സങ്കടമുണ്ട്.… നല്ല സങ്കടം.
വല്ലാതെ കഷ്ടപ്പെട്ട ഈയടുത്ത നാളുകളില്‍ വിറകില്ലാതായപ്പോ കൊത്തിക്കീറി കത്തിച്ചു കൊറച്ചെണ്ണം. കഞ്ഞി തിളയ്ക്കലാണല്ലോ പ്രധാനം… ’

എത്ര നാളത്തെ അദ്ധ്വാനം…?!
എത്രയെത്ര തലേക്കത്തലുകള്‍ ആ മനോഹര ചിത്രങ്ങള്‍ക്കായ് അയാള്‍ സഹിച്ചിട്ടുണ്ടാകും..? ചിന്തിക്കുന്തോറും ചിന്തയുടെ ചിറകു തളരുന്നു. പിന്നെ തോന്നി,
രാഷ്ട്രീയക്കാരുടേയും കലാകാരന്‍മാരുടെയുമൊക്കെ ചരിത്രം ചികഞ്ഞു ചെല്ലുമ്പോള്‍ ഇത്തരം വരയുടെ കാതല്‍ കനത്തതു തന്നെയാണ്… അങ്ങനേയും ആശ്വസിക്കാം.

സിറിയക് ഓര്‍ത്തു.… ഭദ്ര ചേച്ചിയുടെ തികഞ്ഞ സൗന്ദര്യം, നാട്ടുകാരനും ചെറുപ്പക്കാരനുമായ എന്നെ ഈ വറുതികളറിഞ്ഞിട്ടും ആ വീട്ടു പടിക്കലേക്ക് നയിച്ചില്ല. ഭയന്നത് സമൂഹത്തെയായിരുന്നു. പേടിക്കാതിരിക്കാന്‍ തരമില്ലല്ലോ..!
ഈ വക കാര്യങ്ങളില്‍ വീട്ടുകാരേക്കാള്‍ ഭയക്കേണ്ടതും തലതിരിഞ്ഞ ഈ ലോകത്തെയാണല്ലോ…! പക്ഷേ, രണ്ടും കല്‍പ്പിച്ച് കഴിഞ്ഞയാഴ്ച പത്രലേഖകനേയും ഫോട്ടോഗ്രാഫറേയും കൂട്ടി ഞാന്‍ കയറി ചെന്നത് ‘നന്‍മ’ എന്നൊരു കച്ചിത്തുരുമ്പുമായിട്ടായിന്നു..

പത്രത്തില്‍ ബോക്‌സ് ന്യൂസ് വന്നിട്ടും, അനുകമ്പയുടെ അകമ്പടിയുണ്ടായിട്ടും ചന്തവും ചിന്തയും നിറഞ്ഞ അയാളുടെ വര്‍ണ്ണചിത്രങ്ങള്‍ ഒന്നും തന്നെ വിറ്റുപോയില്ല. എല്ലാരും എന്തൊക്കെയോ ഭയന്നു മാറി നിന്നു. അകലവും അവഗണയും അധികമാവുമ്പോ, പ്രതീക്ഷകളുടെ അറ്റം കാണാതെയാവുമ്പോള്‍ എല്ലാം മറന്ന് ഒന്നു നന്നായുറങ്ങാനെങ്കിലും ആരും കൊതിച്ചു പോവും… കൊതി തീര്‍ന്നില്ലെന്ന് തോന്നുന്നു; അയാളും കുടുംബവും ഇതുവരെ ഉണര്‍ന്നു കണ്ടില്ല.. ഉമ്മറകോലായിലെ ഉണ്ട മഞ്ഞ ബള്‍ബ് ഉച്ചവെയിലിലും മങ്ങി കത്തുന്നുണ്ടായിരുന്നു..

രാജു സമഞ്ജസ
ഫോ: 9447321581