സിറോ മലബാര്‍ സഭയില്‍ ഐക്യ സാധ്യതകള്‍ അടയുന്നു

Web Desk
Posted on July 11, 2019, 11:23 pm

പ്രത്യേക ലേഖകന്‍

കൊച്ചി: സിറോമലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയില്‍ ഐക്യത്തിനുള്ള സാധ്യതകള്‍ അടയുന്നതായി സൂചനകള്‍. സ്ഥാനങ്ങളില്‍ നിന്നു നീക്കിയ സഹായമെത്രാന്മാരെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ച് സമവായത്തിനായി കര്‍ദ്ദിനാളും മേജര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ ശ്രമം പാളിയതും ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സഹായ മെത്രാന്‍ പദവികളില്‍ നിന്ന് ഒഴിവാക്കിയ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസഫ് പുത്തന്‍വീട്ടില്‍ എന്നിവരെ ബിഷപ്‌സ് ഹൗസിലേക്കു ക്ഷണിച്ച്, സ്ഥാനങ്ങളിലിരുന്ന കാലത്തേതെന്ന പോലെ ഇരുവര്‍ക്കും അരമനയില്‍ താമസിക്കാമെന്നും എന്നാല്‍ പഴയ അധികാരം തിരിച്ചു കിട്ടുകയില്ലെന്നും കര്‍ദ്ദിനാള്‍ അറിയിച്ചതിനോട് ഇരുവരും അനുകൂല നിലപാട് സ്വീകരിക്കാതിരുന്നതോടെയാണ് സമവായ നീക്കം തെറ്റിയത്. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനും മാര്‍ ജോസഫ് പുത്തന്‍വീട്ടിലിനും ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള വൈദികരുടെയും അല്‍മായരുടെയും കൂട്ടായ്മകളുടെ താല്‍പര്യത്തിനെതിരെ ഇരുവര്‍ക്കും നിലപാടെടുക്കാനാവില്ല. മാര്‍ ആലഞ്ചേരിയെ മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനത്തു നിന്നു മാറ്റുകയല്ലാതെ പ്രശ്‌നത്തിനു പരിഹാരമില്ലെന്ന ഉറച്ച നിലപാടാണ് വൈദിക, അല്‍മായ കൂട്ടായ്മകളുടേത്.
എറണാകുളംഅങ്കമാലി അതിരൂപതയിലെ 300 ഇടവകകളിലെ 281 വൈദികര്‍ യോഗം ചേര്‍ന്ന്, അതിരൂപതയ്ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പിനെ നല്‍കണമെന്നും, സ്ഥാനങ്ങളില്‍ നിന്നു നീക്കിയ സഹായമെത്രാന്മാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ സമരവുമായി തെരുവിലിറങ്ങുമെന്നും മുന്നറിയിപ്പ് നല്‍കിയതോടെ, അത് സന്ധിക്കില്ലെന്ന പ്രഖ്യാപനമായാണ് ഏവരും കാണുന്നത്. ഒരു വര്‍ഷം മുമ്പ് ഭരണപരമായ കാര്യങ്ങളില്‍ നിന്നു മാര്‍പാപ്പ നീക്കം ചെയ്ത അതിരൂപതാദ്ധ്യക്ഷനെ തിരികെ സ്ഥാനത്ത് അവരോധിച്ചതില്‍ സാധാരണ വിശ്വാസികള്‍ സംശയവും ആശങ്കയുമുണ്ടെന്നും അത് പരിഹരിക്കാന്‍ സഭയുടെ സ്ഥിരം സിനഡ് തയ്യാറായില്ലെങ്കില്‍ സഭയോടും അധികാരികളോടുമുള്ള വിശ്വാസത്തിനും വിധേയത്വത്തിനും കോട്ടം തട്ടുമെന്നും വൈദികര്‍ പ്രമേയത്തിലൂടെ ഓര്‍മ്മിപ്പിച്ചതും ഒരു യുദ്ധപ്രഖ്യാപനത്തിന്റെ പ്രതീതിയാണ് ജനിപ്പിച്ചിരിക്കുന്നത്. ഈ അനുസരണക്കേട് കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം പുതുതാണ്.അനുസരണക്കേടിനെതിരെ വാള്‍ വീശി അടക്കി നിര്‍ത്താന്‍ കഴിയാത്തിടത്തേക്ക് സഭയിലെ വൈദികര്‍ തന്നെ മാറിയിരിക്കുന്നു എന്നു ചുരുക്കം.
വൈദികരുടെ യോഗത്തിനു പിന്നാലെ അതിരൂപതയിലെ മുഴുവന്‍ ഇടവകകളിലെയും അല്‍മായരും കൊച്ചിയില്‍ യോഗം ചേര്‍ന്ന്, ആലഞ്ചേരിക്ക് ചുമതലകള്‍ തിരിച്ചേല്‍പ്പിച്ച നടപടി അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കി.കള്ളത്തരങ്ങളും അധാര്‍മ്മികതയും ധനനഷ്ടവും പുറത്തു കൊണ്ടുവന്ന വൈദിക ശ്രേഷ്ഠരെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനുള്ള നീക്കം ഒറ്റക്കെട്ടായി ചെറുക്കാനും വിശ്വാസികളുടെ കൂട്ടായ്മ തീരുമാനിച്ചു.കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ക്ക് വത്തിക്കാനില്‍ നിന്നു ലഭിച്ച അറിയിപ്പില്‍, സഹായമെത്രാന്മാരുടെ സസ്‌പെന്‍ഷനെക്കുറിച്ചോ മാര്‍ ആലഞ്ചേരിയെ ഭരണം തിരികെ ഏല്‍പ്പിച്ചതിനെക്കുറിച്ചോ യാതൊന്നും പറയുന്നില്ലെന്ന വെളിപ്പെടുത്തലുമായി സഭാ സുതാര്യത സമിതിയും രംഗത്തെത്തി.
ഇതിനിടെ, വൈദികരുടെ യോഗം സഭാ വിരുദ്ധമാണെന്നും, കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് അറിയാവുന്നവരാണ് സഭാധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്താനായി വിമത വൈദികരെ സംഘടിപ്പിക്കുന്നതെന്നും, ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ വിശ്വാസികളെ സംഘടിപ്പിച്ച് വിമത വൈദികരെ തടയുമെന്നും എത്രയും വേഗം സിനഡ് ഇടപെട്ട് വൈദികര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട്, കര്‍ദ്ദിനാളിനെ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ കാത്തലിക് ഫോറവും ബലാബല പരീക്ഷണത്തിനു തയ്യാറായി രംഗത്തുണ്ട്. അതേസമയം, വൈദികര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ സിനഡ് ചര്‍ച്ച ചെയ്യുമെന്നും മാര്‍പാപ്പ എല്ലാക്കാര്യങ്ങളും സിനഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നുമാണ്, റോമില്‍ നിന്നു തിരിച്ചെത്തിയ മുന്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മാനത്തോടത്ത് മാധ്യമങ്ങളോടു പറഞ്ഞത്.