വിവാദത്തിന്റെ കരിനിഴലില്‍ സിറോ മലബാര്‍ സഭാ സിനഡ് ഇന്ന്

Web Desk
Posted on July 05, 2019, 8:47 am

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചു നല്‍കിയതിനെതിരെ അതിരൂപതയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ സീറോ മലബാര്‍ സഭയുടെ അടിയന്തര സിനഡ് ഇന്ന് ചേരും. ഇത് സംബന്ധിച്ച് സിനഡില്‍ പങ്കെടുക്കേണ്ട ബിഷപ്മാരുടെ സൗകര്യം ബന്ധപ്പെട്ടര്‍ ആരാഞ്ഞു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്,മാര്‍ മാത്യു മൂലക്കാട്ട്,മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ്പ് ജേക്കബ് മനത്തോടത്ത് എന്നിവരാണ് സ്ഥിരം സിനഡ് അംഗങ്ങള്‍. ഇവര്‍ക്ക് പകരക്കാരായി ബിഷപ്പുമാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍,ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍,ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം,മാര്‍ പോള്‍ ആലപ്പാട്ട് എന്നിവരാണുള്ളത്.

സ്ഥിരം സിനഡില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ബിഷപ്പുമാര്‍ ഇല്ലെങ്കില്‍ പകരക്കാരായവരുടെ പട്ടികയിലുള്ള ഏതെങ്കിലും ബിഷപ്പുമാര്‍ സൗകര്യമനുസരിച്ച് സിനഡില്‍ പങ്കെടുക്കും.
ഇന്ന് ചേരുന്ന അടിയന്തര സിനഡില്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് പങ്കെടുക്കില്ലെന്നാണ് വിവരം. നിലവില്‍ അദ്ദേഹം റോമിലായതിനാലാണ് പങ്കെടുക്കാത്തത്. അദ്ദേഹത്തിന് പകരമായി പകരക്കാരുടെ പട്ടികയിലുള്ള ബിഷപ്മാരില്‍ ആരെങ്കിലുമായിരിക്കും പങ്കെടുക്കുക. ഇന്ന് ഉച്ചകഴിഞ്ഞായിരിക്കും അടിയന്തര സിനഡ് ചേരുകയെന്നാണ് അറിയുന്നത്.ഭൂമി വില്‍പ്പന വിവാദത്തെ തുടര്‍ന്ന് അതിരൂപതയുടെ ചുമതലയില്‍ നിന്നും നേരത്തെ നീക്കി നിര്‍ത്തിയിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഏതാനും ദിവസം മുമ്പ് മാര്‍പാപ്പ ഭരണ ചുമതല തിരിച്ചു നല്‍കുകയും ഒപ്പം മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്,മാര്‍ ജോസ് പുത്തന്‍ വീട്ടില്‍ എന്നിവരെ അതിരൂപതയുടെ സഹായമെത്രാന്‍ പദവിയില്‍ നിന്നും സസ്‌പെന്റു ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ അതിരൂപതയിലെ ഒരു വിഭാഗം വൈദീകര്‍ രംഗത്തു വരികയും കഴിഞ്ഞ ദിവസം ഇവര്‍ യോഗം ചേര്‍ന്ന് വത്തിക്കാന്റെ നടപടിക്കെതിരെ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. എറണകുളംഅങ്കമാലി അതിരൂപതയ്ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് വേണമെന്നും അത് തങ്ങളെ അറിയുന്നവരും തങ്ങള്‍ക്കറിയാവുന്നവരും ആയിരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകളിലെ ധാര്‍മിക അപചയത്തിന് യാതൊരു വിശദീകരണവും നല്‍കാതെ വീണ്ടും കാര്യങ്ങള്‍ പഴയ സ്ഥിതിയില്‍ എത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ വിശ്വാസ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്നും വൈദികര്‍ കുറ്റപ്പെടുത്തിയിരുന്നു.

you may also like this video