സീറോ മലബാര്‍ സഭയില്‍ വിവാദങ്ങളുടെ കനലടങ്ങുന്നില്ല; ചര്‍ച്ച് ആക്ടിനായും ഒരു വിഭാഗം രംഗത്ത്

Web Desk
Posted on April 02, 2018, 9:46 pm

ബേബി ആലുവ

കൊച്ചി:വിവാദ ഭൂമിയിടപാടിന്റെ പേരില്‍ പുലിവാലു പിടിച്ച സീറോ മലബാര്‍ സഭയില്‍ പുറമേക്ക് ശാന്തത തോന്നിപ്പിക്കുമ്പോഴും അകം പുകയുകയാണ്. ഒരവസരത്തിന് തക്കം പാര്‍ത്തിരുന്നിട്ടെന്ന പോലെ പുതിയ പ്രശ്‌നങ്ങളും തലപൊക്കുന്നു.
ഭൂമിയിടപാടിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അവകാശപ്പെടുമ്പോള്‍, അങ്ങനെ സംഭവിച്ചിട്ടില്ലെന്ന വാദവുമായി എതിര്‍വിഭാഗം രംഗത്തു വന്നതാണ് പുതിയ തലവേദനകളിലൊന്ന്.ഓശാന ഞായറാഴ്ചയിലെ പതിവ് സന്ദേശത്തിലാണ്, ഭൂമിയിടപാട് പ്രശ്‌നം രമ്യമായി പരിഹരിച്ചതില്‍ കര്‍ദ്ദിനാള്‍ ആശ്വാസം പ്രകടിപ്പിച്ചത്.എന്നാല്‍, പിന്നാലെ പ്രശ്‌നത്തിന് പരിഹാരമായിട്ടില്ലെന്നു വ്യക്തമാക്കി ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍
ട്രാന്‍സ്‌പെരന്‍സി രംഗത്തെത്തി.പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തി എന്ന കര്‍ദ്ദിനാളിന്റെ അവകാശവാദം, സമവായ സാധ്യതകള്‍ അടച്ചുവെന്നായിരുന്നു അവരുടെ നിശിതമായ കുറ്റപ്പെടുത്തല്‍. വലിയ ആഴ്ചയ്ക്കുശേഷം ചര്‍ച്ചകള്‍ തുടരാം എന്നായിരുന്നു തീരുമാനം. പക്ഷേ, ഓശാന ഞായറാഴ്ചയിലെ സന്ദേശം അതിന് കടകവിരുദ്ധമായി.ഇതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ദു:ഖവെള്ളിയാഴ്ച ബിഷപ്‌സ് ഹൗസിലേക്ക് കുരിശിന്റെ വഴി നടത്തി. ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലും അരമനയിലേക്ക് കുരിശിന്റെ വഴി സംഘടിപ്പിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയുടേതായി മറ്റു പല സ്ഥലങ്ങളിലായുള്ള ഭൂമികളും കച്ചവടമുറപ്പിക്കാന്‍ രേഖകള്‍ തയ്യാറാക്കിയിരുന്നുവെന്നും ഭൂമിയിടപാട് വിവാദമായതോടെ ആ നീക്കത്തില്‍ നിന്ന് അധികാരികള്‍ പിന്‍വാങ്ങിയെന്നും വിശ്വാസികള്‍ പറയുന്നു. സ്വന്തം കാര്യസാദ്ധ്യത്തിനായി എപ്പോഴും അരമനയെ ചുറ്റിപ്പറ്റി നടന്ന ചിലര്‍ക്ക് വിവാദം ഒരു മുന്നറിയിപ്പും താക്കീതുമായതില്‍ വിശ്വാസികള്‍ സന്തുഷ്ടരാണ്.
കര്‍ദ്ദിനാളിന്റെയും അതിരൂപതാ ആര്‍ച്ചുബിഷപ്പിന്റെയും പദവികള്‍ ഒരാള്‍തന്നെ കൈവശം വച്ചിരിക്കുന്നത് ‚വിശ്വാസി സമൂഹത്തിന് അഭിമുഖമായി കുര്‍ബാന അര്‍പ്പിക്കുന്ന സമ്പ്രദായം അട്ടിമറിക്കാനുള്ള നീക്കം, ആഗോള കത്തോലിക്കാ സഭയിലെ 99 ശതമാനം വിശ്വാസികളും ആരാധിക്കുന്ന കുരിശ് പിന്തള്ളി മാനിക്കേയന്‍കുരിശ് പ്രതിഷ്ഠിക്കാനുള്ള നീക്കം, സ്തുതി പാഠകരായ തത്പര കക്ഷികളെ പോറ്റുന്ന മനോഭാവം — തുടങ്ങിയ വിവിധ വിഷയങ്ങളുടെ പേരില്‍ കര്‍ദ്ദിനാളിനോടുള്ള അസ്വാരസ്യം നിലനില്‍ക്കുന്നതിനിടയിലായിരുന്നു ഭൂമിയിടപാട് വിവാദം പെസഹാ ദിനത്തില്‍ പുരുഷന്മാരുടെ കാലുകള്‍ മാത്രം കഴുകുന്ന പഴയ സമ്പ്രദായത്തില്‍ മാറ്റം വരുത്തി, സ്ത്രീകളെക്കൂടി ശുശ്രൂഷയില്‍ പങ്കെടുപ്പിക്കണമെന്ന് കഴിഞ്ഞ വര്‍ഷം മാര്‍പാപ്പ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ‚അത്രത്തോളം പുരോഗമനം വേണ്ടെന്ന പരസ്യനിലപാടെടുത്ത സീറോ മലബാര്‍ സഭ ആ നിര്‍ദ്ദേശം അപ്പാടെ തള്ളി.ഇതില്‍ പ്രതിഷേധിച്ച് വിശ്വാസികളുടെ കൂട്ടായ്മകള്‍ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും പെസഹാ ദിനത്തില്‍ തൃശൂരില്‍, സ്ത്രീകളെക്കൂടി പങ്കെടുപ്പിച്ച് കാല്‍കഴുകല്‍ നടത്തി പൊതുശ്രദ്ധ നേടിയിരുന്നു. വരും വര്‍ഷങ്ങളില്‍ ഇതു കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാനാണിട. ഇങ്ങനെയൊരു സാഹചര്യം സഭാനേതൃത്വം സൃഷ്ടിക്കുന്നതിനോടും വിശ്വാസികള്‍ക്കിടയില്‍ അമര്‍ഷമുണ്ട്.
2009‑ല്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായി രൂപവത്കരിച്ച കമ്മിഷന്റെ ശുപാര്‍ശകളടങ്ങിയ ചര്‍ച്ച് ആക്ട് പ്രാബല്യത്തിലാക്കണമെന്നാവശ്യപ്പെട്ട് സഭയ്ക്കുള്ളിലും സഭയിലും ചര്‍ച്ച വ്യാപകമാക്കാനുള്ള നീക്കവും ശക്തിപ്പെട്ടിട്ടുണ്ട്. ഇതര സമുദായങ്ങളുടെ സ്വത്തു കാര്യങ്ങളിലും മറ്റും ഇടപെടാന്‍ നിയമമുള്ളപ്പോള്‍, കത്തോലിക്കാ സഭകളുടെ ഭൗതിക സ്വത്ത് ഭരിക്കാന്‍ പാര്‍ലമെന്റോ നിയമസഭയോ പാസ്സാക്കിയ നിയമമില്ല. ഇത് വിവിധ തലങ്ങളില്‍ വലിയ ചര്‍ച്ചയായപ്പോഴാണ് സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചത്.എന്നാല്‍, കമ്മിഷന്‍ ശുപാര്‍ശകളടങ്ങിയ ചര്‍ച്ച് ആക്ട് ഇപ്പോഴും പരണത്താണ്.
ഇതിനിടെ, അതിരൂപതയില്‍പ്പെട്ട ആലുവയ്ക്കടുത്ത കാരുകുന്നിലെ പള്ളിയുടെ ഭൂമി കൈമാറ്റം ചെയ്തതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇടവകക്കാര്‍ ബിഷപ്‌സ് ഹൗസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി. സഭയുടെ കൊരട്ടി പ്രദേശത്തെ ഏതാനും പ്ലസ് — ടു വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകളിലേക്കു നടന്ന നിയമനങ്ങളില്‍ തട്ടിപ്പ് നടന്നെന്ന ആരോപണമുയര്‍ന്നു.മാനേജ്‌മെന്റ് നിഷേധിച്ചെങ്കിലും അത് ഉയര്‍ത്തിവിട്ട പുക ശമിച്ചിട്ടില്ല. ഭൂമിയിടപാടില്‍ കര്‍ദ്ദിനാളിനെതിരെ നിലപാടെടുത്ത വൈദികന്റെ ധ്യാനം പാലായ്ക്കടുത്ത ഒരു പള്ളിയില്‍ സഭാ നേതൃത്വം ഇടപെട്ട് തടഞ്ഞെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്.