സീറോ മലബാര്‍ സഭാ യോഗത്തില്‍ സംഘര്‍ഷം

Web Desk
Posted on March 24, 2018, 8:47 pm

കൊച്ചി: എറണാകുളം അങ്കമാലി അതിരുപതയിലെ ഭൂമിയിടപാട് ചര്‍ച്ചചെയ്യാനായി ചേര്‍ന്ന വൈദിക സമിതി യോഗത്തിനിടെ സംഘര്‍ഷം. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് അതിരൂപത ആസ്ഥാനത്ത് ഏറ്റുമുട്ടിയത്. അതേസമയം വിവാദമായ ഭൂമി ഇടപാട് കേസ് മാര്‍പാപ്പയുടെ പരിഗണനയ്ക്ക് വിടാന്‍ സമിതിയില്‍ തീരുമാനമായെന്നാണ് സൂചന. ഇതോടെ കേസില്‍ ഇരുവിഭാഗവും തമ്മില്‍ സമവായമുണ്ടാകാനുള്ള സാധ്യത തെളിഞ്ഞതായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

കര്‍ദിനാല്‍ വിരുദ്ധ വിഭാഗമായ ആര്‍ച്ച്ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി(എഎംടി)) അംഗങ്ങളെ ചര്‍ച്ചയ്ക്കായി വൈദിക സമിതി യോഗത്തിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പം കടന്നുകൂടിയ കര്‍ദിനാള്‍ അനുകൂല വിഭാഗത്തിലെ പ്രതിനിധിയെ എഎംടിക്കാര്‍ ബലമായി പിടിച്ച് പുറത്താക്കി. ഇതാണ് യോഗത്തിനിടെ സംഘര്‍ഷത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസെത്തി ഇയാളെ മാറ്റുകയായിരുന്നു.

തുടര്‍ന്നും യോഗം ആരംഭിച്ചതും കര്‍ദിനാള്‍ അനുകൂലിയായ മറ്റൊരാള്‍ കടന്ന്‌ വന്നതോടെ വീണ്ടും സംഘര്‍ഷമായി. പൊലീസ് ഇയാളെയും പുറത്താക്കി. ഇതേസമയം കര്‍ദിനാള്‍ യോഗസ്ഥലത്ത് നിന്നും പുറത്ത് പോകുന്നത് തടയാന്‍ ശ്രമിച്ച എഎംടിക്കാരെ എല്ലാവരെയും പൊലീസ് സംഘം ഒഴിപ്പിച്ചു. പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച 30ഓളം പേര്‍ വഴിയില്‍ കിടന്ന് മാര്‍ഗതടസ്സമുണ്ടാക്കാനും ശ്രമിച്ചു.

48 വൈദികരാണ് വൈദിക സമിതിയില്‍ പങ്കെടുക്കാനായി എറണാകുളത്ത് എത്തിയത്. വൈദികര്‍ മുന്‍വാതിലിലൂടെ ബിഷപ്പ് ഹൗസിലേക്ക് എത്തിയെങ്കിലും കര്‍ദിനാള്‍ പിന്‍വാതിലിലൂടെയാണെത്തിയത്. യോഗത്തില്‍ പങ്കെടുക്കാതെ തൊട്ടടുത്ത മുറിയില്‍ തന്നെയായിരുന്നു കര്‍ദിനാള്‍ ഇരുന്നത്. സമിതി ആവശ്യപ്പെട്ടതനുസരിച്ച് പിന്നീട് എത്തി. എന്നാല്‍ യോഗം തീരുന്നതിനുമുമ്പേ കര്‍ദിനാള്‍ ഇറങ്ങിപ്പോയതായും സൂചനയുണ്ട്. വിഷയം മാര്‍പാപ്പയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് കര്‍ദിനാള്‍ വിരുദ്ധ വിഭാഗത്തിന്റെ നീക്കം. കര്‍ദിനാള്‍ സ്ഥാന ത്യാഗം ചെയ്യുക, പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്് എഎംടിയുടെ പ്രതിഷേധം.

അതേസമയം ഭൂമിയിടപാടില്‍ സമൂഹ മാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും തെറ്റായ വിവരങ്ങള്‍ നല്‍കി പ്രശ്‌നം ആളിക്കത്തിച്ചത് ദൗര്‍ഭാഗ്യകരമായിപോയെന്ന് വൈദിക സമിതി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. വിഷയത്തില്‍ അതിരൂപത പിതാക്കന്‍മാരെയയും വൈദികരെയും വിശ്വാസികളെയും അധിക്ഷേധിപിച്ച് നടത്തിയ പ്രചാരണങ്ങളിലല്‍ വൈദിക സമിതി വിയോജിച്ചു. പരസ്യ പ്രസ്താവനകളില്‍ നിന്നും വൈദികരും വിശ്വാസ സമൂഹവും വിട്ടുനില്‍ക്കാനും സമിതിയില്‍ ധാരണയായി. മെത്രാപൊലീത്തയ്ക്ക് വേണ്ടിയോ സഭയ്ക്ക് വേണ്ടിയോ സംസാരിക്കാന്‍ ചാനലുകളിലോ മറ്റ് മാധ്യമങ്ങളിലോ നിയോഗിച്ചിട്ടില്ല. ഭൂമിയിടപാടില്‍ സീറോ മലബാര്‍ സഭയിലെ ആരാധന ക്രമ വിവാദവുമായി ബന്ധമില്ല. പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നും വൈദിക സമിതി വ്യക്തമാക്കി.