Janayugom Online
T K Jayanthan

കവിയും ചിന്തകനുമായ ടി കെ ജയന്തന്‍ അന്തരിച്ചു

Web Desk
Posted on January 01, 2019, 6:51 pm

തൃശൂര്‍: കവിയും ചിന്തകനുമായ ടി കെ ജയന്തന്‍ (85) അന്തരിച്ചു. മൂന്നുദശകത്തിലേറെയായി മലയാളത്തിലും ഇംഗ്ലീഷിലും കവിതകള്‍ എഴുതുന്നു. ആനുകാലികങ്ങളിലും സമാഹാരങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രശസ്ത കവികളായ മഹാകവി ഒളപ്പമണ്ണ, മഹാകവി അക്കിത്തം, ഓ.എന്‍.വി. കുറുപ്പ്, വിഷ്ണു നാരായണന്‍ നമ്പൂതിരി, സുഗതകുമാരി, എന്‍.എന്‍.കക്കാട് തുടങ്ങിയവരുടെ കവിതകള്‍ ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
ആദ്യകാല കവിതകള്‍ ഉള്‍പ്പെടുത്തി ‘കുടമാറ്റം’ എന്ന പേരില്‍ ഒരു സമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. ‘ഉള്‍ക്കരച്ചില്‍’ എന്ന കവിതാ സമാഹാരം റാസ്ബറി 2018 ല്‍ പുറത്തിറങ്ങി. തൃശ്ശൂര്‍ കടലാശ്ശേരിയില്‍ (വല്ലച്ചിറ പഞ്ചായത്ത്) തെക്കേടത്തു കടലായില്‍ കുടുംബത്തില്‍ 1933 ല്‍ ജനിച്ച ജയന്തന്‍ 1958 ല്‍ കോഴിക്കോട് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ഉദ്യോഗസ്ഥനായി ചേര്‍ന്നു. മാനേജരായും മറ്റു ഉയര്‍ന്ന തസ്തികകളിലും പ്രവര്‍ത്തിച്ചു. 1993ല്‍ വിരമിച്ചു.
ഭാര്യ ആര്യ മഴവഞ്ചേരി, മുന്‍ സ്‌കൂള്‍ അദ്ധ്യാപിക, ഗണപത് സ്‌കൂള്‍, കോഴിക്കോട്. മക്കള്‍: ജെ. ലത, തൃശൂര്‍ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ); ടി. കെ. നാരായണന്‍, ഇന്തോര്‍ (റീജിയണല്‍ മാനേജര്‍ഇന്ത്യ, സി.ജെ. ഇന്റര്‍നാഷണല്‍ ഏഷ്യ പ്രൈലി,സിങ്കപ്പൂര്‍; ജെ. ലിയ, കോട്ടയം(മഹാത്മാഗാന്ധി സര്‍വകലാശാല). മരുമക്കള്‍: മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലേറ്റേഴ്‌സ് ഡയറക്ടര്‍ ഡോ കെ.എം. കൃഷ്ണന്‍, തൃശൂര്‍ എന്‍ജിനിയറിങ് കോളേജ് മുന്‍ പ്രഫസര്‍ ഡോ. കൃഷ്ണ ചന്ദ്രന്‍, വിനു.
ശവസംസ്‌കാരം ബുധനാഴ്ച്ച രാവിലെ തൃശൂര്‍, ഊരകം തെക്കേടത്തു കടലായില്‍ മനയില്‍ നടക്കും.