പാലാരിവട്ടം പാലം പണിക്കിടെ ടി ഒ സൂരജ് നടത്തിയ അഴിമതിയുടെ തെളിവുകള്‍ പുറത്ത്

Web Desk
Posted on September 30, 2019, 1:18 pm

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍.  പാലം നിര്‍മാണ സമയത്ത് മകന്റെ പേരില്‍ 3.3 കോടിരൂപയുടെ സ്വത്ത് വാങ്ങിയെന്നും ഇതില്‍ രണ്ടുകോടിയും കള്ളപ്പണമാണെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അറിയാനായി സൂരജിനെ ചോദ്യം ചെയ്യാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി അന്വേഷണസംഘത്തിന് അനുമതി നല്‍കിയിരുന്നു. അതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ടി.ഒ. സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിച്ചുവരികയാണെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സൂരജ് സമ്മതിച്ചതായും വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഈ രണ്ടുകോടി ഏതു ബാങ്കില്‍ നിന്നുമാണ് പിന്‍വലിച്ചതെന്നോ സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ചതോ ആയ ഒരു രേഖയുമില്ല.

വിവാദമായ 8.25 കോടി അഡ്വാന്‍സ് തുകയില്‍ നിന്നും കിട്ടിയതാണെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് സത്യവാങ്മൂല ത്തില്‍ പറയുന്നു. അതേസമയം കേസില്‍ മുന്‍ മന്ത്രി ഇബ്രാഹീം കുഞ്ഞിനെതിരായി തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും അന്വേഷണസംഘം അറിയിച്ചു.