പയ്യന്നൂർ കുഞ്ഞിരാമൻ
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ ടി പത്മനാഭൻ തൊണ്ണൂറാം പിറന്നാൾ പിന്നിട്ടു. പ്രകാശം പരത്തുന്ന കഥകളിലൂടെ സഹൃദയരെ വെളിച്ചത്തിലേക്കും തെളിച്ചത്തിലേക്കും നയിച്ച അദ്ദേഹം അക്ഷരകലയുടെ അമൃത സാഫല്യമാണ്. പൊതുവെ ആചാരങ്ങളോടും ആഘോഷ ങ്ങളോടും അദ്ദേഹം ആഭിമുഖ്യം കാട്ടാറില്ല. തൊണ്ണൂറിലെത്തിയ ജീവിതത്തിലെ സമ്പാദ്യമെന്തെന്ന് ചോദിച്ചാൽ വിനയത്തോടെ അദ്ദേഹം മറുപടി പറയും — മുരിങ്ങമരം ചാഞ്ഞ ഒരു വീടും 200 ൽ താഴെയുള്ള കഥകളും. കൈയ്യിലൊരു കടലാസ് തുണ്ടുമായി കഥാവഴിയിലൂടെ പത്മനാഭൻ നടത്തം തുടങ്ങിയിട്ട് നീണ്ട വർഷങ്ങൾ കഴിഞ്ഞു. വ്യാമോഹത്തിന്റെ പട്ടുനൂലിഴകൾ നെയ്തുകൊണ്ട് കാലം മുന്നോട്ടുപോയപ്പോഴും പത്മനാഭൻ തളർന്നില്ല. ജീവിതത്തെ പുതിയൊരു ചാലിലേക്ക് തിരിച്ചുവിടാൻ സ്നേഹ വാത്സല്യങ്ങൾ ചാലിച്ചെടുത്ത് കഥകൾ എഴുതി. അനുഭവങ്ങളുടെ ഭാണ്ഡവും പേറിയാണ് ജീവിതത്തിന്റെ വഴികളിലൂടെ താൻ സഞ്ചരിച്ചതെന്ന് പത്മനാഭൻ പറയുമായിരുന്നു.
മനുഷ്യന്റെ കെട്ടുപിണഞ്ഞ ജീവിത ബന്ധങ്ങളിൽ ആശ്വാസത്തിന്റെ സ്നേഹ കുളിർ പകരുവാൻ എന്നും അദ്ദേഹം ശ്രമിച്ചു. അന്തി ചുവപ്പു മാഞ്ഞ ആകാശത്തിന്റെ കോണിൽ തെളിയുന്ന നക്ഷത്രങ്ങളെ തൂലിക തുമ്പിൽ ആവാഹിച്ചെടുക്കാൻ പലപ്പോഴും അദ്ദേഹം പരിശ്രമിച്ചിരുന്നു. ജീവിതം എത്രമാത്രം ദൂരൂഹവും വിചിത്രവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മരണം ഒരു വാറണ്ട് ശിപായിയെപോലെ കടന്നുവരുമെന്ന് അദ്ദേഹം പറയുമായിരുന്നു. അപ്പോൾ പരിഭവിച്ചിട്ടോ പരാതി പറഞ്ഞിട്ടോ കാര്യമില്ല. മനുഷ്യരാശിയുടെ ഭാവിയിൽ എന്നും വിശ്വാസമർപ്പിച്ചുകൊണ്ടാണ് അദ്ദേഹം രചനാവഴിയിൽ നടന്നു നീങ്ങിയത്. നാടിന്റെ നന്മകളെക്കുറിച്ചുള്ള സ്വാതന്ത്ര്യ ദാഹം കെടാവിളക്കായി അരികത്തിരുന്നു ജ്വലിച്ചുകൊണ്ടിരിക്കണം. വായനയുടെ യൗവന കാലത്ത് രണ്ടു പത്മനാഭൻമാരെ പറ്റി കേട്ടിരുന്നു. എന്നാൽ ടി പത്മനാഭൻ മാത്രമാണ് ആകാശത്തിന്റെ നിറക്കൂട്ടുകളിൽ വർണ വിസ്മയം തീർത്ത് കഥയെഴുത്തിന്റെ അത്യുന്നതിയിൽ എത്തിയത്. പ്രകാശം തുളുമ്പുന്ന ജീവിതം കൊണ്ട് മാനവികതയ്ക്കും അപ്പുറത്തേക്ക് അദ്ദേഹത്തിന്റെ കഥകൾ പടരുമായിരുന്നു. കണ്ണൂരിലെ പള്ളിക്കുന്നിലുള്ള രാജേന്ദ്ര നഗർ ഹൗസിംഗ് കോളനിയിലാണ് മുരിങ്ങമരം ചാഞ്ഞ വീട്. ഒരു പരിപാടിക്ക് പോയപ്പോൾ കുഞ്ഞിനെയെന്ന പോലെ ഓമനിച്ച് കൊണ്ടുവന്നതാണ് മുരിങ്ങമരം. പടർന്നു പന്തലിച്ച ആ മരം ഒരു വൈകുന്നേരം പൊട്ടിവീണു. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ ജീവന്റെ ജീവനായ മുരിങ്ങ മരം പൊട്ടിയിരിക്കുന്നു. വീട്ടു മുറ്റത്ത് വരാന്തയോട് തൊട്ടാണ് ആ മരം വളർന്നു നിന്നിരുന്നത്. പൊട്ടിയ ഭാഗം താഴേക്കുവീഴാതെ മേൽക്കുരയിൽ ചാരിനിന്നിരുന്നു. എങ്കിലും ചെറിയ കാറ്റടിച്ചാൽ അത് താഴേക്ക് വീഴുമായിരുന്നു. മുരിങ്ങമരം മുറിച്ച് നീക്കുവാൻ ഒരു പണിക്കാരനെ അന്വേഷിച്ച് അദ്ദേഹം വളരെ കഷ്ടപ്പെട്ടു. എന്നാൽ ആരെയും കിട്ടിയില്ല. ഒടുവിൽ തനിയെ മുറിച്ചു നീക്കുവാൻ തീരുമാനിച്ചു. ഒരു ദിവസം രാവിലെ ഏണി ചാരിവെച്ച് അദ്ദേഹം തന്നെ കയറിച്ചെന്നു. പക്ഷെ മുരിങ്ങ ഉണങ്ങിയിരുന്നില്ല. പൊട്ടിയ ഭാഗത്ത് നിറയെ പച്ച തഴപ്പുകൾ. ജീവന്റെ പ്രവാഹമുള്ള കുഞ്ഞിലകൾ. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജീവന്റെ വഴി എന്ന കഥയെഴുതിയത്.
ജീവിതത്തിലും സാഹിത്യത്തിലും പത്മനാഭന് എന്നും സ്വന്തം വഴികളുണ്ട്. ആരുടെ മുന്നിലും കുനിയാത്തതാണ് ആ ശിരസ്സ്. ലാഭ നഷ്ടങ്ങൾ നോക്കാതെ അദ്ദേഹം ഇടപെടും. ജയാപജയങ്ങളെക്കുറിച്ച് വിഷമിക്കില്ല. എന്തു സഹിച്ചും സ്ഥിരത കൈവരുത്തും. തെറ്റന്ന് തോന്നിയത് നിശിതമായി വിമർശിക്കാനും മടിക്കില്ല. അനാവശ്യമായി അന്യരെ പ്രകോപിപ്പുക്കുന്ന മനുഷ്യനെന്ന് അദ്ദേഹത്തെ കുറിച്ച് ആക്ഷേപിക്കാറുണ്ട്. സമീപിക്കാൻ ഭയം തോനുമെന്ന് ചിലർ പറയും. ഇക്കാര്യം സൂചിപ്പിച്ചാൽ പത്മനാഭൻ വെറുതെ ചിരിക്കുക മാത്രം ചെയ്യും. അല്ലെങ്കിൽ ഒന്നും മിണ്ടാതെ ജനലിലൂടെ വെളിയിലേക്ക് നോക്കി കൊണ്ടിരിക്കും. എന്റെ പ്രകൃതം ഇങ്ങനെയൊക്കെ ആണെടോ എന്ന ഭാവമാകാം, അപ്പോൾ അദ്ദേഹത്തിന്. എഴുതിയ ആദ്യ കഥ തന്നെ അച്ചടിക്കാൻ അയച്ചുകൊടുക്കാൻ ധൈര്യം കാട്ടിയ എഴുത്തുകാരനാണദ്ദേഹം. ശക്തവും വ്യക്തവുമായ നിലപാടുതറകൾ എന്നും അദ്ദേഹത്തിനുണ്ട്. എവിടെയും കുനിയാതെ അദ്ദേഹം പ്രതികരിച്ചു. കുട്ടിക്കാലത്ത് ഇത്തിരി വെളിച്ചത്തിൽ അമ്മ രാത്രിയിൽ കത്തിച്ചുവെക്കാറുള്ള എണ്ണ വിളക്കിന്റെ പ്രഭ. അദ്ദേഹത്തിന് വഴികാട്ടാറുണ്ടായിരുന്നു. ഇടിഞ്ഞു വീഴാറായ പഴയ ഗേറ്റുനോക്കിയും അയൽപക്കത്തെ വീട്ടുകാരുടെ പതിവ് കുശലങ്ങൾ കേട്ടും നാളുകൾ തള്ളി നീക്കിയ പത്മനാഭനെ രോഗങ്ങൾ ഇടയ്ക്കിടെ ആക്രമിച്ചു കൊണ്ടിരുന്നു. ജീവിതത്തിലും സാഹിത്യത്തിലും അമ്മ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. സ്നേഹത്തിന്റെ തൂവൽ സ്പർശമായി സദാ ആ സാന്നിദ്ധ്യം അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ജീവിതത്തിൽ അമ്മ ഒരിക്കലും വെള്ളം ചേർത്തിട്ടില്ലെന്ന് അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. മാനുഷിക മൂല്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾക്കെല്ലാം പിൻബലമായത് അമ്മയാണ്. അഞ്ചാം ക്ലാസ് വിദ്യാഭ്യാസമേ അമ്മയ്ക്കുള്ളൂ. കീഴ് ജാതിക്കാരെ സ്വന്തമെന്നത് പോലെ സ്നേഹിക്കാൻ അമ്മയ്ക്ക് കഴിഞ്ഞിരുന്നു. മക്കൾക്ക് വേണ്ടി മാത്രമല്ല അന്യർക്ക് വേണ്ടിയും അവർ ജീവിച്ചു. കത്തുന്ന രഥ ചക്രം പോലെ അമ്മ ചുറ്റും പ്രകാശം പരത്തിക്കൊണ്ടിരുന്നു. മക്കൾ അഭിമാനികളായി വളർന്നു വരണമെന്നാണ് അമ്മ ആഗ്രഹിച്ചത്. ഇല്ലായ്മയും വല്ലായ്മയും മാറ്റാനായി പ്രർത്ഥിക്കുന്ന സ്വഭാവം അവർക്കില്ലായിരുന്നു. കുട്ടിക്കാലത്ത് അമ്മ കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു. പശുവിനെ വളർത്തലും പൂന്തോട്ടമുണ്ടാക്കലുമായിരുന്നു അമ്മയുടെ ഹോബി. അമ്മയെ പോലെ മകനും നല്ല വായനക്കാരനായി. അമ്മയോടൊപ്പം അമ്മാവനും ജ്യേഷ്ഠത്തിയും ചേർന്ന് രൂപപ്പെടുത്തിയതാണ് പത്മനാഭന്റെ വ്യക്തിത്വം. എന്തിലും അമ്മയായിരുന്നു മാതൃക. പത്രങ്ങളിൽ അമ്മമാരുടെ കദന കഥകൾ അച്ചടിച്ചുവരുമ്പോൾ പത്മനാഭൻ എപ്പോഴും ആർദ്രനാകും. മനുഷ്യൻ ഒരു തോട്ടക്കാരൻ മാത്രമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. നടുവാനും നനയ്ക്കുവാനും മാത്രം അധികാരമുള്ളവൻ കൊയ്യുന്നതാകട്ടെ ഏതോ അനാനുഷിക ശക്തിയും അതിനെതിരെ കലശൽ കൂട്ടിയിട്ട് കാര്യമില്ല. യാത്ര ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് പത്മനാഭൻ. തീവണ്ടിയിലും വിമാനത്തിലും കാറിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. രാമചന്ദ്രന്റെ ഓട്ടോറിക്ഷയാണ് സ്വന്തം വാഹനമായി കൊണ്ടുനടക്കുന്നത്. തീവണ്ടയിൽ യാത്ര ചെയ്യുമ്പോൾ ജനലിനോട് ചേർന്നിരിക്കാൻ ശ്രദ്ധിക്കും.
കുട്ടികാലത്തെയുള്ളതാണ് പ്രകൃതിയോടുള്ള കൗതുകം. കാറ്റാടിയുടെ ചില്ലകൾക്കിടയിലൂടെ ചൂളം വിളിച്ച് തീവണ്ടി പാഞ്ഞുപോകുമ്പോൾ പൊട്ടി ചിതറുന്ന തിരകളെക്കുറച്ചാകും അദ്ദേഹം ചിന്തിക്കുക. കുന്നിൻ ചെരുവിൽ ധ്യാനത്തിലിരിക്കുന്ന മരങ്ങളെ നോക്കി കൈക്കൂപ്പുകയും ചെയ്യും. പത്മനാഭന്റെ യാത്രയിൽ ഇടയ്ക്കിടെ ഒന്നിച്ചുപോകാറുണ്ട്. ഒരു ദിവസം കാഞ്ഞങ്ങാട്ട് ഒരു പരിപാടിക്ക് പോകുകയായിരുന്നു. പെരുമ്പ പാലം കടന്നപ്പോൾ ഉപ്പുസത്യാഗ്രഹത്തിന്റെ ഓർമ്മയാണ് കടന്നുവന്നത്. പിന്നെ ആ സത്യാഗ്രഹത്തെ കുറിച്ചായി സംസാരം. ഏ. കെ. ജി. തല്ലുകൊണ്ട് വീണ് റോഡിലൂടെ നീങ്ങുമ്പോഴും അദ്ദേഹത്തിന്റെ ഓർമ്മകൾ ചിതറിക്കൊണ്ടിരുന്നു. കാര്യങ്കോട് പുഴക്കരയിൽ എത്തിയപ്പോൾ കയ്യൂരിനെ കുറിച്ചായിരുന്നു ചോദ്യം. ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. റോഡരികിൽ വാകമരങ്ങൾ പടർന്നു പന്തലിച്ചു നിൽക്കുന്നു. പെട്ടെന്ന് ആ മരങ്ങളെ ചൂണ്ടി കൊണ്ട് അദ്ദേഹം പറഞ്ഞു. ‘നോക്കൂ അവയ്ക്കെന്തൊരു ആനന്ദം കൈകളും ശിരസ്സും നിവർത്തി അവ രോമാഞ്ചം കൊള്ളുന്നത് കണ്ടോ. ഈ മരങ്ങൾ ചുട്ടുപൊള്ളുന്ന വേനലിൽ എവിടെയെങ്കിലും ഓടിപോയിയൊളിക്കാറുണ്ടോ. മരങ്ങൾക്ക് ഒളിച്ചിരിക്കാൻ ഭൂമിയിൽ വല്ലയിടവും ഉണ്ടോ? ’ പത്മനാഭന്റെ ചോദ്യങ്ങൾ ഇത്തരത്തിലായിരിക്കും കേൾക്കുന്നവർ അന്തം വിട്ട് നിൽക്കും. മരങ്ങൾ ചൂടിൽ നിന്ന് രക്ഷപ്പെടാൻ ഓടിപോകുന്ന രംഗം ഭാവനയിൽ മാത്രമേ കാണാനാകൂ. പരിസ്ഥിതിയെ ഏറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരാണദ്ദേഹം. അദ്ദേഹത്തിന്റെ കഥകളിൽ മരങ്ങളും പുഴകളും മഴയും കുളിരുമെല്ലാം നിറഞ്ഞ്കിടക്കുന്നത് കാണാം. മനുഷ്യർക്ക് സസ്യലതാദികളില്ലാതെ ജീവിക്കാനാകില്ല. നമ്മുടെ നാട്ടിൽ കാട് വെട്ടി തെളിയിക്കുവാൻ മത്സരങ്ങൾ തന്നെ നടക്കുന്നു. പ്രകൃതി നശിക്കുന്നതോടെ മനുഷ്യരും നശിക്കുമെന്നൊന്നും ആരും ചിന്തിക്കുന്നില്ല.
കാഞ്ഞങ്ങാട്ട് സ്വാതന്ത്ര്യ സമരസേനാനി കെ മാധവൻ താമസിക്കുന്നകാര്യം ഒരിക്കല്‍ സൂചിപ്പിച്ചു. വീട് അടുത്താണെങ്കിൽ ചെന്ന് കാണണമെന്നായി. ഞങ്ങൾ കാറിൽ യാത്രയായി. മാധവേട്ടൻ വീട്ടിനുള്ളിലെ മുറിയിൽ മയക്കത്തിലായിരുന്നു. സ്വാതന്ത്ര്യസമരസേനാനിയെ കാണാൻ ഒരു കഥാകൃത്ത് വന്നിട്ടുണ്ടെന്ന് മകൻ അറിയിച്ചപ്പോൾ മാധവേട്ടൻ പതുക്കെ എഴുന്നേറ്റു. കൈ സഹായത്താൽ നടന്നുവന്ന് പത്മനാഭൻ എഴുന്നേറ്റ് കൈകൾ കൂപ്പി. ഇതാര് എന്ന് മാധവേട്ടൻ ചോദിച്ചു. കഥയെഴുതുന്ന പത്മനാഭൻ എന്ന് ഞാൻ പരിചയപ്പെടുത്തി. ഇത്ര വലിയ എഴുത്തുകാരൻ ഈ ചെറിയ എന്നെ കാണാൻ ഇങ്ങോട്ട് വരികയാണോ വേണ്ടത്. ഞാൻ അങ്ങോട്ട് ചെന്ന് കാണുകയല്ലേ ചെയ്യേണ്ടത്. എന്ന് അദ്ദേഹം ചോദിച്ചു. പത്മനാഭന്റെ പ്രതികരണവും വിനയം കലർന്നതായിരുന്നു. താനൊരു എഴുത്തുകാരൻ മാത്രമാണ്. മാധവേട്ടനാണെങ്കിൽ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനിയും, ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളുമാണ്. പത്മനാഭൻ അദ്ദേഹത്തിന്റെ കൈകൾ ചേർത്തുപിടിച്ചു. വർഷങ്ങൾക്ക് മുമ്പ് ഒന്നിച്ച് ഒരുപരിപാടിയിൽ പങ്കെടുത്ത കാര്യം ഓർമ്മിപ്പിച്ചു. മാധവേട്ടന്റെ ജീവചരിത്രം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. പത്മനാഭൻ അതേ പറ്റിയും ചോദിച്ചു. മാധവേട്ടനൻ ചിരിക്കുകയായിരുന്നു. പ്രായം കൂടിയെങ്കിലും ഇരുവരുടെയും മനസ്സിൽ യൗവനം തുടിക്കുന്നുണ്ടായിരുന്നു. എഴുത്തുകാരനെന്ന നിലയിലും വൃക്തിയെന്ന നിലയിലും പത്മനാഭൻ ഏറെ ചർച്ച ചെയ്യപ്പെടുന്നു. ചെറുപ്പത്തിൽ തന്നെ ‘പാവങ്ങൾ’ എന്ന നോവൽ വായിച്ച വ്യക്തിയാണ് പത്മനാഭൻ. ആ നോവൽ തന്നെ വളരെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. വായിച്ച്, വായിച്ച് സമ്പന്നമായ ഒരു മനസ്സ് അദ്ദേഹത്തിനുണ്ട്. യാത്ര ചെയ്ത് നേടിയ ലോക പരിചയവുമുണ്ട്. നീണ്ടകാലത്തെ ഈ അനുഭവങ്ങളെല്ലാം ആത്മകഥാരൂപത്തിൽ എഴുതി വെച്ചുകൂടെ? പലപ്പോഴും ചോദിച്ചിട്ടുണ്ട്.
അനുകൂലമായ പ്രതികരണം അദ്ദേഹത്തിൽ നിന്നുണ്ടായിട്ടില്ല. പക്ഷേ, ഒരു കാര്യം ചൂണ്ടിക്കാട്ടാനുണ്ട്. പത്മനാഭന്റെ കഥകൾ വായിച്ചാൽ തന്നെ അദ്ദേഹത്തിന്റെ ആത്മകഥാംശം ഗ്രഹിക്കാനാകും. കഥതന്നെ ജീവിതം. ജീവിതം തന്നെ കഥകള്‍. കഴിഞ്ഞു പോയതിനെക്കുറിച്ചുള്ള വിഷാദമോ, അവ്യക്തമായ ഭാവിയെക്കുറിച്ചുള്ള ഭയമോ കൂടാതെ ജീവിക്കാൻ കഴിയണം. ധാന്യം വിളയിക്കേണ്ട കൃഷി ഭൂമിയിൽ വിഷവൃക്ഷങ്ങൾ വളരുവാൻ അനുവദിക്കരുതെന്ന് പത്മനാഭൻ പറയുന്നു. സംയമനത്തിന്റെയും സാന്ത്വനത്തിന്റെയും ഒരു നൂതന ലോകം പത്മനാഭന്റെ കഥകൾ തുറന്നിടുന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ആ കഥകൾ ഉയർത്തിപ്പിടിക്കുന്നു. മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് പത്മനാഭൻ അവതരിപ്പിക്കുന്നത്. അതിവിശിഷ്ടതയാണ് ബന്ധങ്ങളുടെ ഗരിമ. പലപ്പോഴും ഇതിന് ശൈഥില്യങ്ങൾ സംഭവിക്കാം. പത്മനാഭനെന്ന കഥാകൃത്ത് തകരാതെ, തളരാതെ എല്ലാം നോക്കിക്കാണുന്നു. ഇരുട്ടു നിറഞ്ഞ ആകാശത്ത് നക്ഷത്രമായി തെളിഞ്ഞു നിൽക്കുന്ന രചനകൾ നിർവ്വഹിക്കുന്നു. വേദനിക്കുന്ന മനുഷ്യാത്മാവിന്റെ നെടുവീർപ്പുകളായും ആ കഥകൾ മാറുന്നു. അദ്ദേഹത്തിന്റെ ഓരോ കഥയും ഓരോ ചരിത്രമാണ്. അത് പോയകാലത്തെ ഏതെങ്കിലും രാജാവിന്റെ ചരിത്രമല്ല. കാലത്തോട് സംവദിക്കുന്ന സാഹിത്യാനുഭവങ്ങളുടെ ലോകമാണ്. നീതി വെളിച്ചത്തിന്റെ ഒരു തിരിച്ചറിവാണ്.
ഫോട്ടോ: അജിത്ത് പേരളം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.