Web Desk

തിരുവനന്തപുരം

October 09, 2020, 10:19 pm

മത്സ്യത്തൊഴിലാളി മേഖലയിലെ മികവാർന്ന നേതൃസാന്നിധ്യം; ടി പീറ്ററിനു നാടിന്റെ അന്ത്യാഞ്ജലി

Janayugom Online

നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ദേശീയ സെക്രട്ടറിയും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമായ ടി പീറ്ററിനു (62) നാടിന്റെ അന്ത്യാഞ്ജലി. കോവിഡ് ബാധയെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിയിലിരിക്കെ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങള്‍ക്കായി നാലു പതിറ്റാണ്ടോളം പ്രവര്‍ത്തിച്ച നേതാവായിരുന്നു ടി പീറ്റർ. കേരള ഫിഷറീസ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവും വേള്‍ഡ് ഫോറം ഓഫ് ഫിഷര്‍ പീപ്പിള്‍സ് എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പീറ്ററിന് പിന്നീടുള്ള പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ന്യൂമോണിയാ ബാധയുമുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യ നില ഏറെ വഷളായി. വ്യാഴാഴ്ച രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

മത്സ്യത്തൊഴിലാളികളുടെയും ദളിതരുടെയും ആദിവാസികളുടെയും അവകാശങ്ങൾക്ക്‌ വേണ്ടി നിരവധി സമരങ്ങൾ നയിച്ചു. 1980കളിലെ ട്രോളിങ്‌ വിരുദ്ധ സമരത്തിന്‌ നേതൃത്വം നൽകി. 2005ൽ ലോക മത്സ്യത്തൊഴിലാളി സമ്മേളനം കേരളത്തിൽ നടന്നപ്പോൾ മുഖ്യ സംഘാടകനായിരുന്നു. വേളി പീപ്പിൾസ്‌ വെൽഫയർ അസോസിയേഷൻ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചു. അലകൾ എന്ന പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററാണ്. മത്സ്യത്തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് 40 വർഷത്തിലധികമായി നേതൃത്വം നൽകിയിരുന്ന വ്യക്തിയായിരുന്നു പീറ്റർ. കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ മത്സ്യസമ്പത്ത് സംരക്ഷിക്കാൻ തലസ്ഥാനത്ത്‌ ഇടതുപക്ഷ പേരാട്ടത്തിന്‌ തുടക്കം കുറിച്ചത്‌ പീറ്ററാണ്‌. വിദേശ കപ്പലുകൾക്ക്‌ മത്സ്യബന്ധനത്തിന്‌ അനുമതി നൽകിയപ്പോൾ കേന്ദ്രത്തിലെ കോൺഗ്രസ്‌, ബിജെപി സർക്കാരുകളുടെ ജനദ്രോഹത്തിനെതിരെയും അദ്ദേഹം പോരാടി.

വളളങ്ങൾ കടലിൽ നിരത്തി നടത്തിയ സമരങ്ങൾ, മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ കടൽ യാത്ര, സെക്രട്ടറിയേറ്റിന് മുമ്പിൽ പങ്കായങ്ങളും വലയും മറ്റുമായി നടത്തിയ സമരങ്ങൾ തുടങ്ങി നിരവധി സമരങ്ങൾക്കാണ് അദ്ദേഹം നേതൃത്വം കൊടുത്തത്. ഗുജറാത്ത് മുതൽ കന്യാകുമാരി വരെയും ഒറീസ മുതൽ കന്യാകുമാരി വരെയുമുള്ള മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭത്തിൽ പീറ്റർ നിറസാന്നിദ്ധ്യമായിരുന്നു. ദേശീയാടിസ്ഥാനത്തിൽ രൂപീകൃതമായ ഐക്യ വേദികളിൽ അദ്ദേഹം പങ്കാളിയായിരുന്നു. കേന്ദ്ര കൃഷി വകുപ്പിന്റെ കീഴിൽ ഫിഷറീസ് വകുപ്പിനെ പരിമിതപ്പെടുത്തിയ സമീപനത്തിനെതിരെ അദ്ദേഹം സമരം നടത്തിയിരുന്നു.

സംസ്കാരം വലിയവേളി സെന്റ് സേവിയേഴ്‌സ് പള്ളിയിൽ നടന്നു. അച്ഛൻ: തോമസ്‌. അമ്മ: ക്ലെറിബൽ തോമസ്‌. മകൾ: ഡോണ. മരുമകൻ: ജിജോ (ഇരുവരും ടെക്‌നോപാർക്‌).

Eng­lish sum­ma­ry: T peter passed away