സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കെഎൽഡിസി ചെയർമാനുമായ ടി പുരുഷോത്തമന് (76) അന്തരിച്ചു. ഇന്ന് വൈകിട്ട് മൂന്നരയോടെ എറണാകുളം അമൃത അശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം രാത്രി വീട്ടുവളപ്പിൽ നടത്തി. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാര്‍ഡ് വാരണം ചിറയില്‍ സ്വദേശിയായ പുരുഷോത്തമൻ 1967ല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി അംഗമായി. സംഘടനാ പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിച്ചു.
പാര്‍ട്ടി മാരാരിക്കുളം മണ്ഡലം സെക്രട്ടറി, ചേര്‍ത്തല താലൂക്ക് കമ്മിറ്റി സെക്രട്ടറി, ജില്ലാ കൗൺസിൽ അസിസ്റ്റന്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സംഘടനാ സബ് കമ്മിറ്റി കൺവീനർ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയെ നയിക്കുന്നതില്‍ പ്രത്യേക വൈഭവം കാട്ടിയിരുന്നു.
എതിരാളികളോട് വാക്ധോരണിയിലൂടെ ശക്തമായി പ്രതികരിച്ച് പാര്‍ട്ടിയെ ന്യായീകരിച്ചും അണികളെ ആവേശഭരിതമാക്കിയും നയിക്കുവാന്‍ ടി പുരുഷോത്തമന് കഴിഞ്ഞിരുന്നു. ഭാര്യ: രത്നമ്മ. മക്കള്‍: ജ്യോതി (നാടക, സീരിയല്‍ രചയിതാവ്), ജെയ്മോന്, ജോഷി. മരുമക്കള്‍: ശ്രീകല, കവിത. സഹോദരങ്ങള്‍: ടി ചന്ദ്രശേഖരന്, ടി ഗംഗാധരന്, ലളിത, ഉഷ, ടി ബാബു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.