18 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 19, 2022
October 19, 2022
October 19, 2022
October 19, 2022
October 18, 2022
October 18, 2022
October 18, 2022
October 17, 2022
October 17, 2022
October 17, 2022

വാറങ്കലില്‍ കുടിയൊഴിക്കപ്പെട്ടവരുടെ പ്രക്ഷോഭം ശക്തമാക്കുമെന്ന് ടി ശ്രീനിവാസറാവു

Janayugom Webdesk
October 17, 2022 10:47 pm

ചരിത്രം തെലങ്കാന സായുധസമരം എന്ന പേരിട്ടു വിളിക്കുന്ന, സിപിഐ നേതൃത്വത്തിൽ നടന്ന ജനമുന്നേറ്റത്തിന് തുടക്കം കുറിക്കപ്പെട്ടത് 1946 വാറങ്കൽ ജില്ലയിലെ ഗ്രാമങ്ങളിൽ നിന്നായിരുന്നു. പിന്നീടത് സമീപ ജില്ലകളായ നൽഗോണ്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ആയിരക്കണക്കിന് ഗ്രാമങ്ങളെ നൈസാം ഭരണത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു. ഹൈദരാബാദ് നൈസാമിന് കീഴിലായിരുന്ന തെലങ്കാന പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിൽ നടന്നുവന്ന പ്രക്ഷോഭം അഞ്ചു വർഷത്തിനുശേഷമാണ് അവസാനിപ്പിച്ചത്. സ്വാതന്ത്ര്യപ്രാപ്തി വേളയില്‍ ഇന്ത്യയോട് ചേരില്ലെന്ന നിലപാട് മാറ്റപ്പെടുകയും പ്രദേശം രാജ്യത്തിന്റെ ഭാഗമായി മാറുകയും ചെയ്ത ശേഷം പ്രക്ഷോഭം അവസാനിപ്പിക്കുകയായിരുന്നു. 

തെലങ്കാന സായുധ കാർഷിക പ്രക്ഷോഭം ഉൾപ്പെടെ ആന്ധ്ര പ്രദേശിന്റെ പല ഭാഗങ്ങളിൽ നടന്നുവന്ന അടിസ്ഥാന ജനവിഭാഗങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളെ തുടർന്നാണ് മേഖലയിൽ സിപിഐ കരുത്താർജിച്ചത്. അതുകൊണ്ടുതന്നെ പിന്നീടുള്ള കാലത്തും ഭൂമിക്കും ഭവനത്തിനും അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും വേണ്ടിയുള്ള സമരങ്ങൾ ചെങ്കൊടിയുടെ പ്രസ്ഥാനം മുന്നോട്ടു കൊണ്ടുപോയി. ഇപ്പോഴും തുടരുന്ന അത്തരം സമരങ്ങളുടെ ഭാഗമായി തെലങ്കാന സംസ്ഥാനത്തെ വാറങ്കല്‍, നൽഗോണ്ട ജില്ലകളിൽ നിരവധി പ്രദേശങ്ങളിലാണ് സര്‍ക്കാരിന്റെ തരിശുഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്തശേഷം കുടിൽകെട്ടിയുള്ള സമരങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. ടിആർഎസ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഭൂരഹിതർക്കും ഭവനരഹിതർക്കും ഭൂമിയും വീടും നൽകുമെന്നുള്ളത്. സർക്കാർ ഭൂമികളിൽ ഇരുനില വീടുകൾ പണിത് ഭവനരഹിതർക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും വാഗ്ദാനം പാലിക്കുന്നതിനു വേണ്ടിയുള്ള യാതൊരു നടപടികളും സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് തെലങ്കാന പ്രദേശത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകങ്ങൾ സർക്കാർ തരിശിട്ടിരിക്കുന്ന ഭൂമി പിടിച്ചെടുത്ത് പാവങ്ങൾക്ക് വിതരണം ചെയ്യുന്നതിന് തീരുമാനിച്ചത്. അങ്ങിനെ ഈ മേഖലയിൽ പത്തോളം പ്രദേശങ്ങളിലാണ് കുടിൽകെട്ടി സമരം സിപിഐ നേതൃത്വത്തിൽ തുടർന്നുകൊണ്ടിരിക്കുന്നത്. മട്ടേവാഡ പ്രാന്തപ്രദേശത്തുള്ള നിമ്മയ്യ ചെരുവ് 20 ഏക്കർ, ബുള്ളിക്കുണ്ട ആറ്, പയിടി പള്ളി ആറ്, നെകൊണ്ട ആറ്, വർധന പെട്ടന്ന മണ്ഡലത്തിൽപ്പെട്ട ഇല്ലെന്ത ആറ്, പാറക്കാല രണ്ട്, മടിക്കോണ്ട നാല്, അനന്തുകൊണ്ട ആറ് ഏക്കര്‍ ഭൂമി വീതമാണ് ചെങ്കൊടി നാട്ടി പിടിച്ചെടുത്തു വിതരണം ചെയ്യുകയും കുടിൽകെട്ടി പാർപ്പിക്കുകയും ചെയ്തിരിക്കുന്നത്.

മേയ് മാസത്തിൽ ആരംഭിച്ച സമരത്തിന് നേരെ ആദ്യഘട്ടത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് കടുത്ത നടപടികൾ ഉണ്ടായിരുന്നെങ്കിലും കുടിലുകളിൽ താമസിക്കുന്നവർക്ക് കാവലാളുകളായി കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ അണിനിരക്കുകയും എപ്പോഴും പ്രദേശത്ത് ജാഗ്രത പുലർത്തുകയും ചെയ്യുന്നതിനാൽ ഒഴിപ്പിക്കാൻ സാധിച്ചില്ല. കഴിഞ്ഞ ഓഗസ്റ്റ് 30ന് അർധരാത്രിയിൽ വൻ പൊലീസ് സംഘം അകത്തുകൊണ്ടയിലെ കുടിലുകൾക്ക് തീയിടുകയും രണ്ടായിരത്തോളം വരുന്ന അന്തേവാസികളെ അറസ്റ്റ് ചെയ്തു പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. വിവരമറിഞ്ഞ് എത്തിയ പാർട്ടി നേതാക്കളും പ്രവർത്തകരും ഇവരെ മോചിപ്പിക്കുകയും പ്രദേശത്തേക്ക് തിരിച്ചെത്തിച്ച് വീണ്ടും കുടിൽകെട്ടി പാർപ്പിക്കുകയായിരുന്നു. തെലങ്കാനയിൽ നൈസാമിന്റെയും മറ്റു ഭൂപ്രഭുക്കന്മാരുടെയും കൈകളിൽനിന്ന് സർക്കാരിലേക്ക് നിക്ഷിപ്തമായ ആയിരക്കണക്കിന് ഏക്കർ ഭൂമി തരിശായി കിടക്കുകയും അവ ഭരണാധികാരികളുടെയും തല്പരകക്ഷികളുടെയും പിന്തുണയോടെ ഭൂമാഫിയകൾ കയ്യേറുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു വർഷങ്ങൾക്കു മുമ്പ് പുറപ്പെടുവിച്ച, ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുമെന്ന ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സമരമാരംഭിച്ചതെന്ന് തെലങ്കാന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി ശ്രീനിവാസറാവു ജനയുഗത്തോട് പറഞ്ഞു. ഒമ്പതിനായിരത്തോളം കുടുംബങ്ങളാണ് ഇപ്പോൾ വിവിധ കേന്ദ്രങ്ങളിലെ കുടിൽകെട്ടി സമരകേന്ദ്രങ്ങളിലുള്ളത്. പാർട്ടി കോൺഗ്രസ് പൂർത്തിയാകുന്നതോടെ സമരം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഏതു പ്രതിബന്ധങ്ങളെ നേരിട്ടും ഇപ്പോൾ കുടിൽ കെട്ടിയിരിക്കുന്ന കേന്ദ്രങ്ങളിൽ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വീരതെലങ്കാനയുടെ പാരമ്പര്യമുള്ള ഞങ്ങൾ ഈ പ്രക്ഷോഭത്തിൽ ജയിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

Eng­lish Summary:T Srini­vasa Rao said that the agi­ta­tion of the evict­ed peo­ple in Waran­gal will be intensified

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.