May 28, 2023 Sunday

Related news

May 24, 2023
May 24, 2023
May 23, 2023
May 22, 2023
May 22, 2023
May 22, 2023
May 22, 2023
May 21, 2023
May 18, 2023
May 15, 2023

സമ്പൂർണ്ണ ജയം സ്വന്തമാക്കാന്‍ കോലിയും സംഘവും

Janayugom Webdesk
മൗണ്ട് മൗന്‍ഗനുയ്
February 2, 2020 11:23 am

ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ ഇന്നിറങ്ങുന്നു. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കാനിരിക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.30 നു ബെയ് ഓവൽ മൗണ്ടിൽവച്ചാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരങ്ങളെല്ലാം കൈവിട്ട ആതിഥേയരായ കിവീസിന് ഈ മത്സരത്തിലെ വിജയം സ്വന്തം തട്ടകത്തിലേറ്റ നാണക്കേടുകളിൽ നിന്നെല്ലാം മുഖം രക്ഷിക്കാൻ അനിവാര്യമാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം കിവീസിനുമേൽ സമ്മർദ്ദമേറെയായിരിക്കും. ഇന്ത്യ സംബന്ധിച്ച് ഈ മത്സരത്തിലം സമ്പൂർണ്ണ വിജയമായിരിക്കും ലക്ഷ്യം. വലിയ സമ്മർദ്ദം കൂടാതെ പുതിയ താരങ്ങള്‍ക്ക് അവസരം നൽകിയായിരിക്കും ടീമിന്നിറങ്ങാൻ സാധ്യത.ആദ്യ നാലു മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യക്ക് അഞ്ചാം മത്സരവും ജയിച്ച് ചരിത്രം കുറിക്കാനുള്ള ഒരുക്കത്തിലാണ്. അവസാനം നടന്ന രണ്ടു മത്സരങ്ങളുടെ വിജയകുറിക്കാൻ സൂപ്പര്‍ ഓവർവരെ വേണ്ടി വന്നിരുന്നു.
തുടർച്ചയായി രണ്ടുമത്സരങ്ങളിൽ സൂപ്പർ ഓവറുകള്‍ വിജയിയെ നിർണ്ണയിച്ചപ്പോള്‍ അപ്പോഴെല്ലാം കിവീസിനു നിരാശയാണു സമ്മാനിച്ചത്. കഴിഞ്ഞ ലോകകപ്പിൽ ഫൈനലിൽ ന്യൂസിലാൻഡിനു ഇംഗ്ലണ്ടിനോടേറ്റ തോൽവിയും ഇതേപോലൊരു സൂപ്പർ ഒവറിലായിരുന്നു. തുടരെ സൂപ്പർ ഓവറുകളിലൂടെ കളി കൈവിട്ടുപോവുന്നത് കിവീസിനുമേൽ വീണ കരിനിഴലാണ്. തുടര്‍ച്ചയായി നാലാമത്തെ സൂപ്പര്‍ ഓവർ മത്സരത്തിലാണ് കിവീസ് തോല്‍വിയുടെ കയ്പുനീര് അറിഞ്ഞത്. അടുത്തമത്സരത്തിലും സൂപ്പര്‍ ഓവര്‍ പിറക്കുമോയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുമോ എന്നാണ് കേരളത്തെ സംബന്ധിച്ചുള്ള ആകാംഷ. നാലാം ടി20യില്‍ രോഹിത് ശര്‍മയ്ക്കു പകരം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള അവസരം സഞജുവിനു ലഭിച്ചിരുന്നു. പക്ഷെ താരത്തിനു വേണ്ടത്ര തിളങ്ങാനായില്ല എട്ടു റണ്‍സ് മാത്രമെടുത്ത് താരം പുറത്തായി.

സഞ്ജുവിനു പകരം റിഷഭ് പന്ത് പ്ലെയിങ് ഇലവനില്‍ നിലനിർത്തും എന്ന സൂചനയുണ്ട്. എന്നാല്‍ കഴിഞ്ഞ മല്‍സരത്തിനു ശേഷം സഞ്ജുവിനെ പുകഴ്ത്തി നായകന്‍ വിരാട് കോലി സംസാരിച്ചതു പ്രതീക്ഷ നൽകുന്നുണ്ട്. സഞ്ജു ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണെന്നും ഇനിയും അവസരങ്ങള്‍ അദ്ദേഹം അര്‍ഹിക്കുന്നുണ്ടെന്നും കോലി പറഞ്ഞിരുന്നു. തുടര്‍ച്ചയായി കളിച്ചു കൊണ്ടിരിക്കുന്ന ലോകേഷ് രാഹുലിനു വിശ്രമം നല്‍കി പകരം റിഷഭ് പന്തിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. പന്തിനെക്കൂടാതെ പരമ്പരയില്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ലാത്ത സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും ഇന്ത്യ കളിപ്പിച്ചേക്കും. യുസ്വേന്ദ്ര ചഹലിനു പകരമായിരിക്കും കുല്‍ദീപ് ടീമിലെത്തുക. ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കി മുഹമ്മദ് ഷമിയെ തിരിച്ചുവിളിക്കാനും ശ്രേയസ് അയ്യരിനു പകരം രോഹിത് ശര്‍മയെയും മടക്കി വിളിക്കുമെന്നാണ് സൂചന. മത്സരത്തിനു അനുകൂല കാലാവസ്ഥയാണ് . തെളിഞ്ഞ കാലാവസ്ഥയായിരിക്കും ഇവിടെയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പിച്ച് പേസ് ബൗളിങിനെ തുണയ്ക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ സ്പിന്നര്‍മാര്‍ക്കു ഈ പിച്ചില്‍ തിളങ്ങാനാകുന്നകാര്യം സംശയമാണ് . ചേസ് ചെയ്തു ജയിക്കുന്നത് പ്രയാസമായതുകൊണ്ട് ടോസ് നേടുന്ന ടീം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. റെക്കോർഡ് സ്വന്തമാകുമോ (ബോക്സ്) ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം രാജ്യാന്തര ടി20യിൽ ഇന്ത്യൻ വിജയക്കുതിപ്പ് തുടരുകയാണ്.

കിവീസിനെതിരായ അഞ്ചാം മത്സരവും സ്വന്തം കൈപ്പിടിയിലൊതുക്കാനായാൽ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് ഒരു ലോക റെക്കോര്‍ഡാണ്. ടി20യുടെ ചരിത്രത്തിൽ ഇന്നേവരെ ഒരു ടീമും അഞ്ചു മത്സരങ്ങളുള്ള ടി20 പരമ്പര സമ്പൂര്‍ണമായി വിജയിക്കാനായിട്ടില്ല. രാജ്യാന്തര ക്രിക്കറ്റിലെ വമ്പന്മാരാണെങ്കിലും ന്യൂസിലൻഡ് മണ്ണിൽ ഇതുവരെയൊരു ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്കായിരുന്നില്ല. ഈ ചീത്തപ്പേരാണ് കോലിപ്പട തിരുത്തിയെഴുതിയത്. ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഇതുവരെ 15 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട് അതിൽ എട്ടെണ്ണം കിവീസ് വിജയിച്ചിട്ടുണ്ട്. ഏഴെണ്ണം മാത്രമാണ് ഇന്ത്യക്ക് നേടാൻ സാധിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഏഴു വിജയത്തിൽ നാലെണ്ണം ഇപ്പോള്‍ നടക്കുന്ന പരമ്പരയിൽ നിന്നും നേടിയതാണ്. 2008–2009 പരമ്പരയിൽ 0–2നായിരുന്നു ഇന്ത്യയുടെ തോൽവി. കഴിഞ്ഞ വർഷം ഇന്ത്യ ഒരു മത്സരം ജയിച്ചെങ്കിലും രണ്ട് മത്സരങ്ങൾ ജയിച്ച ന്യൂസിലൻഡ് പരമ്പര സ്വന്തമാക്കുകയായിരുന്നു. കളിച്ച അഞ്ച് ടി20 പരമ്പരകളിൽ ഒന്നിൽ പോലും ഇന്ത്യ പരമ്പര കൈവിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരെ 1–1ന് പരമ്പര സമനിലയിൽ അവസാനിച്ചത് മാറ്റിനിർത്തിയാൽ എല്ലാ പരമ്പരകളിലും ഇന്ത്യയ്ക്ക് തന്നെയായിരുന്നു ജയം.

Eng­lish Sum­ma­ry: T20 india vs newzealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.