കോവിഡിനെ പ്രതിരോധിക്കാൻ ഗുളികസോപ്പുകൾ വികസിപ്പിച്ചെടുത്ത് വിപണിയിലിറക്കിയ കോഴിക്കോട് കൊടുവള്ളിയിലെ സോപ്പു നിർമാണ‑കയറ്റുമതി സ്ഥാപനമായ ഓറിയൽ ഇമാറ കോവിഡിനെതിരെ മികച്ച പ്രതിരോധം തീർത്ത് ലോകശ്രദ്ധ നേടിയ കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർക്ക് രണ്ട് ലക്ഷം ടാബ് ലറ്റ് സോപ്പുകൾ നൽകും. ആരോഗ്യപ്രവർത്തകർക്ക് ടാബ് ലറ്റ് സോപ്പുകൾ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് ഓറിയൽ ഇമാറ എംഡി കെ സി ജാബിറിൽ നിന്ന് ആദ്യബാച്ച് ഏറ്റുവാങ്ങി സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ നിർവഹിച്ചു.
ഓറിയൽ ഇമാറ ഡയറക്ടർമാരായ സി പി നാസർ കോയ, എൻ പി മുഹമ്മദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കോവിഡ് കാലത്തും തുടർന്നും സോപ്പുപയോഗിച്ച് കൈ കഴുകുന്നതിന്റെ പ്രാധാനൃം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള ബോധവൽക്കരണ ക്യാപെയിനുകളും പദ്ധതിയുടെ ഭാഗമായി നടത്തുമെന്ന് ഇലാരിയ എന്ന പേരിൽ വിപണിയിലെത്തിയിരിക്കുന്ന ഗുളികസോപ്പുകൾ വികസിപ്പിച്ചെടുത്ത കെ സി ജാബിർ പറഞ്ഞു. ഒരു പ്രാവശ്യം കൈ കഴുകുന്നതിനാവശ്യമായ ഗുളികയുടെ വലിപ്പത്തിലുള്ള കുഞ്ഞുസോപ്പുകട്ടകളാണ് ഗുളികകൾപോലെതന്നെ അടർത്തിയെടുക്കാവുന്ന ബ്ലിസ്റ്റർ പാക്കിൽ എത്തിയിരിക്കുന്നത്. യാത്രകളിലും റെസ്റ്റോറന്റുകൾ പോലുള്ള പൊതുഇടങ്ങളിലെ സോപ്പ് ഡിസ്പെൻസറുകൾ തൊടാൻ മടിയുള്ളവർക്കും ഇലാരിയ നാനോ സോപ്പ് ഏറെ ഉപകാരപ്രദമാണെന്ന് ജാബിർ വ്യക്തമാക്കി.
ഗ്രേഡ് 1 സോപ്പ് വിഭാഗത്തിൽപ്പെടുന്ന 76–80% എന്ന ഉയർന്ന ടോട്ടൽ ഫാറ്റി മാറ്ററാണ് (ടിഎഫ്എം) ഇലാരിയയുടേത് എന്ന സവിശേഷതയുമുണ്ട്. 20 ടാബ് ലറ്റ് സോപ്പുകളുൾപ്പെടുന്ന രണ്ട് സ്ട്രിപ്പുകളുടെ പാക്കറ്റിന് 30 രൂപയാണ് ചില്ലറ വിൽപ്പനവില. കേരളത്തിലേയും കർണാടകത്തിലേയും പ്രമുഖ സൂപ്പർ മാർക്കറ്റുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഉൽപ്പന്നം ലഭ്യമാണ്. ഖത്തറിലേയ്ക്ക് കയറ്റുമതിയും ആരംഭിച്ചു കഴിഞ്ഞു. കോഴിക്കോട് ആസ്ഥാനമായുള്ള ഗവേഷണ‑വികസന (ആർ&ഡി) വിഭാഗം വികസിപ്പിച്ചെടുക്കുന്ന സോപ്പുൽപ്പന്നങ്ങൾ മുംബൈയിലും ഹിമാചൽ പ്രദേശിലെ സോളാനിലുമുള്ള യൂണിറ്റുകളിലാണ് നിർമിക്കുന്നത്.